പുനലൂർ: കല്ലട ജലസേചന പദ്ധതിയുടെ പള്ളംവെട്ടി എർത്ത് ഡാം പച്ചപ്പാക്കുന്നു. തെന്മലയിലെ കെ.ഐ.പിയുടെ പരപ്പാർ ആസ്ഥാനത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പള്ളംവെട്ടിയിലും വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. തിരുവനന്തപുരം- ചെങ്കോട്ട റോഡ് വശത്തായിട്ടാണ് ഡാമിന്റെ ഭാഗമായ എർത്ത് ഡാം ഉള്ളത്. റോഡിൽ നിന്ന് 100 മിറ്ററോളം ഉള്ളിലേക്ക് കടന്നാൽ എർത്ത് ഡാമിലെ കാഴ്ചകൾ ആസ്വദിക്കാം.
റോഡിനും ഡാമിനും ഇടയിൽ ചരിവായി കരിങ്കൽ പാകി ഭിത്തി നിർമിച്ച് ഡാമിന്റെ സംരക്ഷണ ഭിത്തി നിർമിച്ചിരിക്കുന്നത്. ഈ ചരിവിൽ മണ്ണ് നിറച്ചാണ് പുല്ല് പാകുന്നത്. കൂടാതെ ലൈറ്റിങ് ഉൾപ്പെടെ സൗകര്യങ്ങളും ഒരുക്കും. ഡാമിൽ വെള്ളം കൂടുതൽ വരുന്നതോടെ എർത്ത് ഡാം നിറയും.
ഈ ഭാഗത്തെ റോഡ് തകർന്നത് അടുത്തിടെ ഗതാഗതയോഗ്യമാക്കി. വൈദ്യുതി ലഭ്യമാക്കാൻ ഡാമിനുള്ളിൽ സോളാർ പാനലും സ്ഥാപിച്ചുവരുന്നു. തെന്മല ഇക്കോ ടൂറിസത്തിന്റെയും ശെന്തുരുണി ഇക്കോടൂറിസത്തിന്റെയും നിയന്ത്രണത്തിലുള്ള ബോട്ട് സർവിസുകൾ ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. തെന്മലയിൽ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും എർത്ത് ഡാം സന്ദർശിച്ചാണ് മടങ്ങുന്നത്.
ഡാം ടോപ്പിനെ അപേക്ഷിച്ച് ആയാസമില്ലാതെ ഡാമിലെ വെള്ളവും മറ്റും കാഴ്ചകളും വീക്ഷിക്കുവാനും ഇവിടെ പള്ളംവെട്ടിയിൽ സൗകര്യമുണ്ട്. കെ.ഐ.പി നടപ്പാക്കിവരുന്ന ടൂറിസം പദ്ധതി കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ച് മനോഹരമാക്കി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. പുല്ലു പിടിപ്പിച്ചു ഇവിടെ മനോഹരമാക്കി കഴിഞ്ഞാൽ കെ.ഐ.പിയുടെയും ബോട്ട് സർവിസ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.