പുനലൂർ: പുനലൂർ-ചെങ്കോട്ട റെയിൽവേ ലൈനിലും വൈദ്യുതീകരണ ജോലി പൂർത്തിയായി. താമസിയാതെ കൊല്ലം-ചെങ്കോട്ട ലൈനിൽ പൂർണമായും ഇലക്ട്രിക് ലൈനായി ട്രെയിനുകൾ ഓടിത്തുടങ്ങും. അടുത്തമാസം ഇലക്ട്രിക് എൻജിൻ ട്രയൽ റൺ നടത്തും. നിലവിൽ ജോലി പൂർത്തീകരിച്ചത്
റെയിൽവേ ഇലക്ട്രിഫിക്കേഷൻ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ റോഹന്റെ നേതൃത്വത്തിൽ ചെന്നൈയിൽ നിന്നെത്തിയ സംഘം പരിശോധിച്ചു. കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ പൂർണമായും വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായി രണ്ടാംഘട്ടമായാണ് ഗാട്ട് സെക്ഷൻ ഉൾക്കൊള്ളുന്ന പുനലൂർ-ചെങ്കോട്ട ലൈനിൽ ഒന്നരവർഷം മുമ്പ് വൈദ്യുതീകരണം തുടങ്ങിയത്.
ഇതിൽ പുനലൂർ-ഇടമൺ, ചെങ്കോട്ട ഭഗവതിപുരം സെക്ഷനുകളിൽ ഒരുവർഷം മുമ്പ് ജോലികൾ പൂർത്തിയായി ട്രയൽ റൺ നടത്തിയിരുന്നു. എന്നാൽ, നിരവധി തുരങ്കങ്ങളും പാലങ്ങളും ഉള്ളതിനാൽ ബാക്കി ഭാഗത്തെ വൈദ്യുതീകരണം ഏറെ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നതിനാൽ നീളുകയായിരുന്നു. വരുന്ന മാർച്ച് 31നകം പണി പൂർത്തിയാക്കണമെന്ന റെയിൽവേ ഉന്നത അധികൃതരുടെ നിർദേശത്തിൽ സമയബന്ധിതമായി പൂർത്തിയാക്കുകയായിരുന്നു.
ഒരു കിലോമീറ്ററോളം വരുന്ന കോട്ടവാസൽ തുരങ്കത്തിലെ ജോലികൾ ഏറെ പ്രതിസന്ധിയുണ്ടാക്കുന്നതായിരുന്നു. തുരങ്കങ്ങളിൽ പോസ്റ്റിന് പകരം ഭിത്തിയിൽ ക്ലാമ്പുകൾ ഘടിപ്പിച്ചാണ് ലൈൻ വലിക്കുന്നത്. ഈ ലൈനിൽ ചെറുതും വലുതുമായ 13 തുരങ്കങ്ങളും പാലങ്ങളുമുണ്ട്. ഇടമണിനും തെന്മലക്കും മധ്യേയുള്ള മൂന്ന് പാലങ്ങളിൽ അധികമായി തൂണുകൾ ഘടിപ്പിക്കേണ്ട ജോലി ഉടൻ പൂർത്തിയാകും.
ചെങ്കോട്ടയിലും കൊല്ലം പെരിനാട് സബ്സ്റ്റേഷനുകളിലുംനിന്ന് വൈദ്യുതി ശേഖരിച്ചാണ് ട്രയൽ റൺ. എന്നാൽ, വൈദ്യുതി ട്രെയിൻ ഓടണമെങ്കിൽ പുനലൂരിൽ നിർമാണം പൂർത്തിയായ ട്രാക്ഷൻ സബ്സ്റ്റേഷനിൽ വൈദ്യുതി എത്തണം. പുനലൂർ സബ് സ്റ്റേഷനിൽ വൈദ്യുതി എത്തിക്കാൻ കെ.സ്.ഇ.ബി നടപടി തുടങ്ങി.
ആദ്യഘട്ടമായി പുനലൂർ-കൊല്ലം ലൈൻ വൈദ്യുതീകരിച്ച് മൂന്നുവർഷം മുമ്പ് കമീഷൻ ചെയ്തിരുന്നു. കഴിഞ്ഞ ജൂണിൽ വൈദ്യുതീകരണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ചെങ്കോട്ട മുതൽ പുനലൂർ വരെയുള്ള ജോലി ഒന്നരവർഷം മുമ്പാണ് ചെങ്കോട്ടയിൽനിന്ന് ആരംഭിച്ചത്. 1663പോസ്റ്റുകളാണ് മൊത്തം വേണ്ടത്. ചെങ്കോട്ട-പുനലൂർ 50 കിലോമീറ്റർ ദൂരത്തിൽ വൈദ്യുതീകരണത്തിന് 61.32കോടി അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.