പുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ പൂർണമായും വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായി മലയോരത്തെ തുരങ്കങ്ങളിലും പാലങ്ങളിലും ജോലികൾ ആരംഭിച്ചു. തുരങ്കങ്ങളിലെയും പാലങ്ങളിലെയും വൈദ്യുതീകരണം ഏറെ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതെല്ലാം തരണം ചെയ്താണ് ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള കേരള- തമിഴ്നാട് അതിർത്തിയിലുള്ള കോട്ടവാസൽ തുരങ്കം, തെന്മല 13 കണ്ണറപാലം, തൊട്ടടുത്തുള്ള പുതിയ പാലം ഉൾപ്പെടെ ജോലികൾ പുരോഗമിക്കുന്നത്.
തമിഴ്നാട് ഭാഗത്തുനിന്നുള്ള ജോലികൾ ആറ് മാസം മുമ്പ് കോട്ടവാസൽ തുരങ്കംവരെ പൂർത്തിയാക്കി. ചെങ്കോട്ടമുതൽ ഭഗവതിപുരം സ്റ്റേഷൻവരെ എൻജിൻ പരീക്ഷണാർഥം ഓടിയിരുന്നു. പുനലൂർനിന്ന് ചെങ്കോട്ട ഭാഗത്തേക്ക് ഇടമൺ സ്റ്റേഷൻ വരെയും ജോലികൾ നേരത്തേ പൂർത്തിയാക്കി. ഭഗവതിപുരം മുതൽ കോട്ടവാസൽ തുരങ്കം വരെ ഏഴ് കിലോമീറ്ററോളം സമയബന്ധിതമായി വൈദ്യുതി ലൈൻ ജോലികൾ പൂർത്തിയാക്കിയാണ് തുരങ്കത്തിലേക്ക് കടന്നത്.
തുരങ്കങ്ങളിൽ പോസ്റ്റിന് പകരം ഭിത്തിയിൽ ക്ലാമ്പുകൾ ഘടിപ്പിച്ചാണ് ലൈൻ വലിക്കുന്നത്. ഈ ലൈനിൽ ചെറുതും വലുതുമായ 13 തുരങ്കങ്ങളും പാലങ്ങളുമുണ്ട്. തുരങ്കങ്ങളിൽ പോസ്റ്റുകൾ സ്ഥാപിക്കാൻ ഇടമില്ലാത്തതിനാൽ കരിങ്കൽ തുരങ്കത്തിന്റെ വശങ്ങളിൽ ആഗ്ലയറും ക്ലാമ്പും ഘടിപ്പിച്ചാണ് ലൈൻ സ്ഥാപിക്കുന്നത്.
ഇടമണ്ണിനും ആര്യങ്കാവിനും ഇടയിൽ ലൈൻ സ്ഥാപിക്കൽ അവസാനഘട്ടത്തിലാണ്. ആദ്യഘട്ടമായി പുനലൂർ- കൊല്ലം ലൈൻ വൈദ്യുതീകരിച്ച് കമീഷൻ ചെയ്തിരുന്നു. കഴിഞ്ഞ ജൂണിൽ വൈദ്യുതീകരണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ചെങ്കോട്ട മുതൽ പുനലൂർവരെയുള്ള ജോലികൾ ഒന്നരവർഷം മുമ്പാണ് ചെങ്കോട്ടയിൽനിന്ന് ആരംഭിച്ചത്. 1663 പോസ്റ്റുകളാണ് മൊത്തം വേണ്ടത്. ചെങ്കോട്ട -പുനലൂർ 50 കിലോമീറ്റർ ദൂരത്തിൽ വൈദ്യുതീകരണത്തിന് 61.32 കോടി രൂപ അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.