പുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽവേ പാത പൂർണമായും വൈദ്യുതീകരിക്കുന്ന ജോലികൾ കോട്ടവാസൽ തുരങ്കം വരെ പൂർത്തിയായി. തമിഴ്നാട് ഭാഗത്ത് നിന്നുള്ള ജോലികളാണ് പൂർണമായത്. ഇടമണിൽനിന്ന് കോട്ടവാസൽ വരെ വൈദ്യുതീകരണം ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങൾ വേണ്ടിവരും. ഇടമണിൽ നിന്ന് പുനലൂർ ഭാഗം വരെ വൈദ്യുതീകരണം പൂർത്തിയായിട്ടുണ്ട്.
ചെങ്കോട്ട മുതൽ ഭഗവതിപുരം വരെയുള്ള ലൈൻ പൂർത്തിയാക്കി കഴിഞ്ഞമാസം പരീക്ഷണ സർവിസും നടത്തി. ശേഷിക്കുന്ന കോട്ടവാസൽ തുരങ്കം വരെ ഏഴ് കിലോമീറ്ററോളം സമയബന്ധിതമായി വൈദ്യുതി ലൈൻ ജോലികൾ പൂർത്തിയാക്കുകയായിരുന്നു.
പുനലൂർ മുതൽ കോട്ടവാസൽ തുരങ്കം വരെ മിക്കയിടത്തും പോസ്റ്റുകൾ സ്ഥാപിക്കുന്ന ജോലികൾ നടന്നുവരുന്നു. കൊല്ലം- പുനലൂർ ലൈൻ നേരത്തേ പൂർത്തിയാക്കി. ജൂണിൽ വൈദ്യുതീകരണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ചെങ്കോട്ട മുതൽ പുനലൂർ വരെയുള്ള ജോലികൾ ഒരു വർഷം മുമ്പാണ് ചെങ്കോട്ടയിൽ നിന്ന് ആരംഭിച്ചത്. 1663 പോസ്റ്റുകളാണ് മൊത്തം വേണ്ടത്. ചെങ്കോട്ട-പുനലൂർ 50 കിലോമീറ്റർ ദൂരത്തിൽ വൈദ്യുതീകരണത്തിന് 61.32 കോടി രൂപയാണ് അനുവദിച്ചത്. തുരങ്കങ്ങളിൽ പോസ്റ്റിനു പകരം ഭിത്തിയിൽ ക്ലാമ്പുകൾ ഘടിപ്പിച്ചാണ് ലൈൻ വലിക്കുന്നത്. ഈ ലൈനിൽ ചെറുതും വലുതുമായ 13 തുരങ്കങ്ങളും പാലങ്ങളുമുണ്ട്. ഇതിൽ ഒരു കിലോമീറ്റർ വരെ ദൂരമുള്ള കോട്ടവാസൽ തുരങ്കമാണ് വലുത്. ഇതിനുള്ളിൽ പോസ്റ്റുകൾ സ്ഥാപിക്കാൻ ഇടമില്ലാത്തതിനാൽ കരിങ്കൽ തുരങ്കത്തിന്റെ വശങ്ങളിൽ ക്ലാമ്പ് ഘടിപ്പിച്ചാണ് ലൈൻ സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.