പുനലൂർ: കിഴക്കൻ മലയോരമേഖലയിൽ വർധിച്ച വന്യമൃഗശല്യം തടയാൻ വനംവകുപ്പ് നടപടി തുടങ്ങി. മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി.
മൃഗശല്യം രൂക്ഷമായ തെന്മല, പുനലൂർ വനം ഡിവിഷനുകളുടെ പരിധിയിൽ വനത്തോട് ചേർന്ന ജനവാസ-കൃഷി മേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങാതിരിക്കാൻ ആനക്കിടങ്ങുകൾ (ആർ.പി.എഫ്) സ്ഥാപിക്കുന്നതിനുള്ള നടപടിയാണ് തുടങ്ങിയത്. കോടികൾ മുടക്കിയ സോളാർ ഫെൻസിങ് ഉൾപ്പെടെ പ്രതിരോധവും ഗുണമില്ലാതായതോടെയാണ് ചെലവ് കൂടിയ ആനക്കിടങ്ങിന് നടപടിയായത്.
ഇതിലൂടെ കാട്ടാനകളും പന്നി, പുലി തുടങ്ങിയ മൃഗങ്ങളും നാട്ടിലേക്ക് ഇറങ്ങുന്നത് തടയാമെന്നാണ് കരുതുന്നത്. തെന്മല ഡിവിഷനിലും പുനലൂർ ഡിവിഷനിലും ടെൻഡർ ക്ഷണിച്ചു. തെന്മല ഡിവിഷനിൽ മൊത്തത്തിൽ 8.1 കിലോമീറ്ററിലും പുനലൂരിൽ മൂന്നുകിലോമീറ്ററിലുമാണ് നിർമാണം. മൂന്നുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കത്തക്ക നിലയിലാണ് ടെൻഡർ നടപടി. തെന്മല ഡിവിഷനിലെ ആര്യങ്കാവ് കടമാൻപാറ സെക്ഷനിൽ ചേനഗിരി റോഡ് മുതൽ പഴയ റെയിൽവേ സ്റ്റേഷൻവരെ അര കിലോമീറ്റർ (9.44 ലക്ഷം), കോട്ടവാസൽ കമ്പിലൈനിൽ അര കിലോമീറ്റർ (9.44 ലക്ഷം), മുരുകൻപാഞ്ചാൽ-ചേമ്പോട് ഭാഗത്ത് 1.600 കിലോമീറ്റർ (28.18 ലക്ഷം), കല്ലുവരമ്പ് സെക്ഷനിൽ പെരുവഴിക്കാല സെറ്റിൽമെന്റ് കോളനിക്ക് ചുറ്റും 3.1 കിലോമീറ്റർ ( 47.08 ലക്ഷം), കുളമ്പി സെറ്റിൽമെന്റ് കോളനിക്ക് ചുറ്റും 1.9 കിലോമീറ്റർ (33.28 ലക്ഷം), ഇടമൺ സെക്ഷനിൽ തോണിച്ചാൽ-ചിറ്റാലംകോട് അരകിലോമീറ്റർ(9.44), പുനലൂർ ഡിവിഷനിൽ പത്തനാപുരം റേഞ്ചിലെ പരുത്തിക്കോൺ-കുരിയാനയം മൂന്ന് കിലോമീറ്റർ (50.75 ലക്ഷം) എന്നിങ്ങനെയാണ് നിർമാണം.
എന്നാൽ വന്യമൃഗശല്യം രൂക്ഷമായ അച്ചൻകോവിൽ ഡിവിഷൻ, ശെന്തുരുണി വന്യജീവി സങ്കേതം പരിധിയിൽ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചില്ല. കഴിഞ്ഞദിവസം സി.സി.എഫ് അച്ചൻകോവിൽ സന്ദർശിച്ച് ജനപ്രതിനിധികളും മറ്റുമായി ചർച്ച നടത്തി. വന്യമൃഗശല്യത്തിനെതിരെ തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹായത്തോടെയുള്ള കർമപദ്ധതി മുമ്പ് ജില്ലതലത്തിൽ തയാറാക്കിയിരുന്നു. പുനലൂർ നിയോജക മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പി.എസ്. സുപാൽ എം.എൽ.എയുടെ താൽപര്യത്തിൽ വനാവരണം എന്ന പ്രത്യേക പദ്ധതിയുമുണ്ടായിരുന്നു.
എം.എൽ.എ ഫണ്ടും തദ്ദേശസ്ഥാപനങ്ങളുടെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹായവും വഴി നിയോജകമണ്ഡലത്തിൽ മൊത്തത്തിൽ പ്രതിരോധ പ്രവർത്തനത്തിനും തീരുമാനിച്ചിരുന്നു. ആദ്യഘട്ടം നവംബർ 14ന് തെന്മല ഒറ്റക്കല്ലിൽ വനം മന്ത്രി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.