പുനലൂർ: ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംവേദന മേഖലയുടെ (ഇ.എസ്.എ) അന്തിമ സ്കെച്ച് തയാറാക്കൽ ആരംഭിച്ചു. കിഴക്കൻ മലയോരത്തെ എട്ട് വില്ലേജുകളിലായി 728.65 സ്ക്വയർ കിലോമീറ്റർ പ്രദേശമാണ് ഇ.എസ്.എയിൽ ഉൾപ്പെടുന്നത്.
2018ലെ കരട് നിർദേശപ്രകാരം ഉണ്ടായിരുന്ന 751.90 സ്ക്വയർ കിലോമീറ്ററിൽ 23.25 സ്ക്വയർ കിലോമീറ്റർ കുറഞ്ഞു. സംസ്ഥാനതലത്തിൽ ഇ.എസ്.എയുടെ വിസ്തൃതി 55.41 സ്ക്വയർ കിലോമീറ്റർ വർധിച്ചു. വനഭൂമി കൂടാതെ പ്രദേശത്തെ ജനവാസ മേഖലകളിലുള്ള ഭൂമിയും ഇ.എസ്.എയിൽ ഉൾപ്പെടും.
സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൻമെന്റ് (കെ.എസ്.ആർ.ഇ.സി) മാപ്പ് തയാറാക്കി കരട് പ്രസിദ്ധീകരിച്ചതിൽ, ജനവാസ മേഖലയിൽ ഉൾപ്പെടുന്ന ഇ.എസ്.എ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും മറ്റു സാന്നിധ്യത്തിൽ പരിശോധന നടത്തേണ്ടതുണ്ട്.
ജനവാസ മേഖല ഇതിൽ ഉൾപ്പെടുന്നുണ്ടെങ്കിൽ ഒഴിവാക്കി റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്തിമ വിജ്ഞാപനം ഉണ്ടാകുന്നത്. ജില്ലയിൽ ആദ്യമായി തെന്മല പഞ്ചായത്തിൽ ഇത് സംബന്ധിച്ച് യോഗം കൂടി പ്രദേശത്തെ ഇ.എസ്.എയുടെ ഇമേജ് പ്രദർശിപ്പിച്ചു.
പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായുള്ള ഇ.എസ്.എയിൽ വരുന്നത് കേരളം, തമിഴ്നാട്, കർണാടകം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ്. ഇതിൽ കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ പരിശോധനക്ക് ശേഷം ഇ.എസ്.എയുടെ അന്തിമ വിജ്ഞാപനം ഇതിനകം വന്നുകഴിഞ്ഞു. കേരളത്തിൽ കരട് വില്ലേജ് തലത്തിൽ പരിശോധിച്ചു റിപ്പോർട്ടു സമർപ്പിക്കാത്തതിനാൽ അന്തിമ വിജ്ഞാപനം നീണ്ടുപോയി.
കേരളത്തിൽ കാസർകോട്, ആലപ്പുഴ ജില്ലകളൊഴികെ മറ്റ് 12 ജില്ലകളിലായി 8711.87 സ്ക്വയർ കിലോമീറ്റർ ഭൂമിയാണ് പരിസ്ഥിതി സംവേദന പ്രദേശമായി കരട് പ്രഖ്യാപിച്ചിട്ടുള്ളത്. വനം, റവന്യൂ വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയാണ് ഇ.എസ്.എ നിശ്ചയിച്ചത്.
98 വില്ലേജുകൾ ഇതിൽപ്പെടും. 2018ലെ റിപ്പോർട്ട് പ്രകാരം 92 വില്ലേജുകളിൽ 8656 .46 സ്ക്വയർ കിലോമീറ്റർ ആയിരുന്നു. പുതിയ കരട് പ്രകാരം ആറ് വില്ലേജുകളുംകൂടി ഉൾപ്പെടുത്തി ഇ.എസ്.എ 55.41 സ്ക്വയർ കിലോമീറ്റർ വർധിച്ചു. ഏറ്റവും കൂടുതൽ ഇടുക്കി ജില്ലയിൽ 13 വില്ലേജുകളിലായി 1938.95 സ്ക്വയർ കിലോമീറ്ററും കുറവ് കണ്ണൂരിൽ മൂന്ന് വില്ലേജിലായി 186.93 സ്ക്വയർ കിലോമീറ്ററും.
അന്തിമ വിജ്ഞാപനം വന്നുകഴിഞ്ഞാൽ ഇ.എസ്.എ പരിധിയിൽ നിർമാണ പ്രവർത്തനങ്ങൾക്കടക്കം പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തും. ഇത് സംബന്ധിച്ച് മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിൽ ഇ.എസ്.എ കൂടുതൽ കുളത്തൂപ്പുഴയിലാണ്. കുളത്തൂപ്പുഴ വില്ലേജിൽ ആകെയുള്ള 329.55 സ്ക്വയർ കിലോമീറ്റർ ഭൂമിയിൽ 316.18 ഭൂമി ഇ.എസ്.എയിൽപ്പെടും.
വില്ലേജുകളും ആകെ ഭൂമിയും ഇ.എസ്.എയിൽ ഉൾപ്പെടുന്ന ഭൂവിസ്തൃതിയും:
ചണ്ണപ്പേട്ട: 22.35, 13.18, ഇടമൺ: 60.85, 42.22, തെന്മല: 70.99, 46.19, തിങ്കൾക്കരിക്കം: 59.36, 48.42, പിറവന്തൂർ: 148.47, 111.86, പുന്നല: 49.59, 37.52
എട്ടു വില്ലേജുകളിലായി ആകെ വരുന്ന 889.14 സ്ക്വയർ കിലോമീറ്റർ ഭൂമിയിൽ 728.65 സ്ക്വയർ കിലോമീറ്റർ ഭൂമി ഇ.എസ്.എയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.