പുനലൂർ: അടുക്കളയിൽനിന്ന് തീ പടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. കുടുംബാംഗങ്ങൾക്ക് അപകടമില്ല. കരവാളൂർ മാമുക്ക് പാറയിൽ വീട്ടിൽ ജോണിയുടെ വീട്ടിലാണ് തിങ്കളാഴ്ച സന്ധ്യയോടെ തീപിടിത്തമുണ്ടായത്.
വീട്ടിൽനിന്ന് അഞ്ച് മീറ്റർ അകലെയുള്ള അടുക്കളയും പുരയും തീപിടിച്ചു. റബർ ഷീറ്റും ഓട്ടുപാലും മറ്റും സൂക്ഷിക്കുന്ന ഈ പുരയിലെ അടുപ്പിൽനിന്നാണ് തീപടർന്ന് ഷീറ്റിനും ഓട്ടുപാലിനും തീപിടിച്ചത്. അതിനകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ദൂരേക്ക് തെറിച്ചു.
200 അടി വിസ്തീർണമുള്ള ഷീറ്റ് കൊണ്ട് മേൽക്കൂരയുള്ള കെട്ടിടവും പൂർണമായും തകർന്നു. പുനലൂർ ഫയർ സ്റ്റേഷൻ ഓഫിസർ എ. സാബുവിന്റെ നേതൃത്വത്തിൽ അഗ്നിശമനസേനയുടെ രണ്ടു സംഘമെത്തി തീ പൂർണമായും അണച്ച് അപകടസാധ്യത ഒഴിവാക്കി.
ഫയർ ഓഫിസർമാരായ അനിൽകുമാർ, ഷഹാദ്, അനുമോൻ, സൂരജ്, ശ്രീകുമാർ, അലോസിസ്, നിഷാന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഉദ്ദേശം രണ്ടരലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഫയർസ്റ്റേഷൻ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.