പുനലൂർ: വനത്തോട് ചേർന്നുള്ള കൃഷിഭൂമി തിരിച്ചുപിടിക്കുമെന്ന വനം അധികൃതരുടെ കത്ത് വിവാദമാകുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷൻ നാഗമല, ഇസ്ഫീൽഡ് എസ്റ്റേറ്റ് മാനേജർമാർക്ക് തെന്മല ഫോറസ്റ്റ് അധികൃതർ കഴിഞ്ഞദിവസം നൽകിയ കത്താണ് വിവാദത്തിലായത്. നൂറുകണക്കിന് മലയോര കർഷകരെയും തോട്ടമുടമകളെയും വനംവകുപ്പിന്റെ നീക്കം ആശങ്കയിലാക്കുന്നു.
വനത്തോട് ചേർന്നുള്ള പാട്ട-കൈവശ ഭൂമി കൃഷി ഇല്ലാത്തത് കാരണം പലയിടത്തും കാടുമൂടി കിടക്കുകയാണ്. ഇതുകാരണം വന്യമൃഗങ്ങൾ ഇറങ്ങി നാശംവരുത്തുന്നത് തടയുന്നതിന്റെ മുന്നോടിയായിട്ടാണ് വനം അധികൃതർ എസ്റ്റേറ്റ് മാനേജർമാർക്ക് കത്ത് നൽകിയത്. ഈ കത്തിലാണ് പാട്ടഭൂമിയിലെ കാട് നീക്കി കൃഷി ചെയ്തില്ലെങ്കിൽ പിടിച്ചെടുത്ത് വനമാക്കുമെന്നുള്ള അറിയിപ്പ് നൽകിയത്.
അതേസമയം, പാട്ടഭൂമിയിലുള്ള എസ്റ്റേറ്റുകളിലെ ഉൾപ്പെടെ കാട് നീക്കം ചെയ്യാൻ വനംവകുപ്പ് അധികൃതർ അനുവാദം നൽകുന്നില്ലെന്ന പരാതി ഉണ്ടായിരുന്നു. അടിക്കാട് നീക്കുന്നതിന്റെ ഭാഗമായി പലയിടത്തും വലിയ പാഴ്മരങ്ങളും മുറിച്ചമാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അടിക്കാട് നീക്കുന്നതിനും അനുമതി വാങ്ങണമെന്ന നിലപാട് വനം അധികൃതർ സ്വീകരിച്ചത്.
വന്യമൃഗങ്ങൾ വ്യാപകമായി കൃഷിനാശം വരുത്തുന്നതും ജനവാസം മേഖലയിൽ ഇറങ്ങുന്നതും പതിവാണ്. തുടർന്നാണ് വൻകിട തോട്ടം ഉടമകൾ അടക്കം പാട്ട ഭൂമിയും കൈവശ ഭൂമിയിലും കൃഷി നടത്താതെ വെറുതെ ഇട്ടിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് നാഗമല എസ്റ്റേറ്റിൽ പുലിയിറങ്ങി ഒരാളെ ആക്രമിച്ചിരുന്നു. ഇവിടെയെത്തിയ പി.എസ്. സുപാൽ എം.എൽ.എയോട് ടാപ്പിങ് അടക്കമുള്ള തൊഴിലിന് വന്യമൃഗങ്ങൾ ഭീഷണിയാകുന്നതായി തൊഴിലാളികൾ പരാതിപ്പെട്ടിരുന്നു.
കാട് നീക്കാൻ വനം അധികൃതർ അനുമതി നൽകുന്നില്ലെന്ന് എസ്റ്റേറ്റ് അധികൃതരും പറഞ്ഞു. തുടർന്നാണ് എസ്റ്റേറ്റിനോട് ചേർന്നുള്ള കാടുകൾ നീക്കംചെയ്യാൻ അനുമതി നൽകാൻ എം.എൽ.എ വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടത്. തുടർന്നാണ് വിവാദമായ കത്ത് നൽകിയത്.
വില കുറഞ്ഞ സമയത്ത് വെട്ടിമാറ്റിയ റബ്ബറുകൾ രണ്ടാമത് റീപ്ലാന്റ് ചെയ്യാൻ തോട്ടം ഉടമകൾ പലയിടത്തും തയാറായിട്ടില്ല. ഇവിടെ കാടുമൂടി വനത്തിന് തുല്യമായിട്ടുണ്ട്. ഇത്തരത്തിൽ നിരവധി ഭൂമിയാണ് വനത്തോട് ചേർന്ന് പലയിടങ്ങളിലും കാടുംമൂടി കിടക്കുന്നത്.
ഇതിലൂടെയാണ് തോട്ടങ്ങളിലേക്കും പരിസരത്ത് ജനവാസ മേഖലയിലേക്കും ആനയടക്കം മൃഗങ്ങൾ എത്തുന്നത്. ഈ ഭൂമി കൃഷിയോഗ്യമാക്കണമെങ്കിൽ വന്യമൃഗങ്ങൾ വനത്തിൽനിന്നും പുറത്തേക്ക് വരാതിരിക്കാനുള്ളതായ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ വനംവകുപ്പ് തയാറായിട്ടില്ല. എന്നാൽ, വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിന് കാടുമൂടി കിടക്കുന്നത് നീക്കം ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു കത്ത് നൽകിയതെന്നും ഭൂമി പിടിച്ചെടുക്കാൻ നീക്കം ഇല്ലെന്നുമാണ് വനം അധികൃതർ പറയുന്നത്.
പുനലൂർ: വനത്തോട് ചേർന്നുള്ള കൃഷിഭൂമി കൃഷി ചെയ്തില്ലെങ്കിൽ വനംവകുപ്പ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സി.പി.എം പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട് നാലിന് തെന്മല ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കും.
തോട്ടം മേഖലയിലെ കർഷകരും തൊഴിലാളികളും വന്യമൃഗ ശല്യം മൂലം കൃഷി ഉപേക്ഷിച്ച് ദുരിതത്തിൽ കഴിയുന്ന ഘട്ടത്തിലാണ് വനം വകുപ്പിന്റെ നീക്കം. ഇത് ഒരു കാരണവശാലും നീതീകരിക്കാൻ കഴിയുന്നതല്ലെന്നും മനുഷ്യനും കൃഷിക്കും ഒരുപോലെ നാശം വരുത്തുന്ന വന്യമൃഗ ശല്യമാണ് വനംവകുപ്പ് അവസാനിപ്പിക്കേണ്ടതെന്നും സി.പി.എം ഏരിയ സെക്രട്ടറി എസ്. ബിജു ആവശ്യപ്പെട്ടു.
പുനലൂർ: വനത്തോട് ചേർന്ന തരിശായുള്ള കൃഷിഭൂമി ഏറ്റെടുത്ത് വനഭൂമി ആക്കുമെന്ന വനംവകുപ്പിന്റെ നീക്കം കുടിയേറ്റ കർഷകരോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റി. മുൻ വനംവകുപ്പ് മന്ത്രിയുടെ ഉത്തരവും അനുബന്ധ തീരുമാനങ്ങളെ സംബന്ധിച്ചും പുനലൂർ എം.എൽ.എ മൗനവ്രതത്തിലാണ്. ബഫർ സോൺ പ്രഖ്യാപിച്ചപ്പോൾ നടത്തിയത് പോലുള്ള സമരം കോൺഗ്രസ് ആരംഭിക്കുമെന്നും ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.