പുനലൂർ: സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ കിഴക്കൻമലയോരത്ത് വന്യമൃഗങ്ങൾ ട്രെയിൻ തട്ടി മരിക്കുന്നത് പതിവാകുന്നു. പുനലൂർ-ചെങ്കോട്ട റെയിൽവേ ലൈനിലാണ് പലപ്പോഴും വന്യജീവികൾ ദാരുണമായി ചത്തൊടുങ്ങുന്നത്. അടുത്തിടെ മ്ലാവ്, പന്നി തുടങ്ങിയവ ട്രെയിൻ ഇടിച്ചു മരിച്ചു. കൂടാതെ ആനകൾ അപകടകരമായ തുരങ്കത്തിൽ കയറി നിൽക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. റെയിൽവേ അധികൃതരുടെ കരുതൽ കാരണം ഇതുവരെ ആനകൾ കാര്യമായ അപകടത്തിന് ഇരയായിട്ടില്ല. വേനൽക്കാലമായതോടെ ഉൾവനത്തിൽനിന്ന് മൃഗങ്ങൾ തീറ്റയും വെള്ളവും തേടി നാട്ടിലേക്ക് ഇറങ്ങിവരുമ്പോഴാണ് പലപ്പോഴും അപകടത്തിലാകുന്നത്.
നിലവിൽ മൂന്നു ട്രെയിനുകളാണ് ഇതുവഴി സർവിസുള്ളത്. കൂടുതൽ ട്രെയിനുകളും ഗുഡ്സ് സർവിസും ആരംഭിക്കുന്നതോടെ ഈ ലൈൻ രാവും പകലും സജീവമാകുകയും മൃഗങ്ങൾ കൂടുതൽ അപകടത്തിന് ഇരയാകുകയും ചെയ്യുന്ന സാഹചര്യമാണ്. ലൈൻ വൈദ്യുതീകരിക്കുന്നതോടെ അപകടസാധ്യത കൂടും. മീറ്റർ ഗേജ് ആയിരുന്ന കാലത്ത് ഉണ്ടായതിലും കൂടുതൽ മൃഗങ്ങൾ ഇപ്പോൾതന്നെ ഇവിടെ അപകടത്തിൽപെടുന്നുണ്ട്. റെയിൽവേയുടെ രേഖയിൽ ഗാട്ട് സെക്ഷനായ ഇടമൺമുതൽ കോട്ടവാസൽവരെ 30 കിലോമീറ്ററോളം ദൂരമാണ് ലൈൻ കടന്നുപോകുന്നത്. മിക്കയിടങ്ങളിലും വനമേഖലയിലൂടെയാണ് ലൈൻ സ്ഥാപിച്ചിരിക്കുന്നത്.
ഇതുകാരണം ഒരുഭാഗത്ത് നിൽക്കുന്ന വന്യമൃഗങ്ങൾ ലൈൻ മറികടന്ന് മറുഭാഗത്തുള്ള വനത്തിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴും അപകടത്തിന് ഇടയാകുന്നു. ഇത്തരം ഭാഗങ്ങളിൽപോലും റെയിൽവേയോ വനംവകുപ്പോ മൃഗസുരക്ഷക്ക് നിലവിൽ സംവിധാനം ഒരുക്കിയിട്ടില്ല. ഇതുകാരണം റെയിൽവേ സ്റ്റേഷന് സമീപത്തുപോലും ആനയിറങ്ങുന്നതും മറ്റ് മൃഗങ്ങൾ അപകടത്തിലാകുന്നതും പതിവാണ്. അടുത്തിടെ ഇടമൺ, ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം മൂന്നു മ്ലാവുകളാണ് ട്രെയിൻ തട്ടി ചത്തത്. ചെങ്കുത്തായ വനത്തിൽനിന്നും മറ്റ് മൃഗങ്ങളിൽനിന്നും രക്ഷനേടി ഓടുന്ന മ്ലാവ്, കേഴ, മയിൽ, മുള്ളപ്പന്നി, ചെന്നായ പോലുള്ള ജീവികളും ട്രെയിന് മുന്നിൽപ്പെടുന്നുണ്ട്. ദേശീയപാതയും റെയിൽവേ ലൈനും കടന്നുപോകുന്നതിനാൽ ഇടമൺമുതൽ കോട്ടവാസൽവരെ വനം പലതായി മുറിഞ്ഞുകിടക്കുകയാണ്. ഇതുകാരണം പശ്ചിമഘട്ട മല വേറിട്ടുകിടക്കുന്നതിനാൽ ആനയടക്കം വന്യജീവികളുടെ സുഗമമമായ പ്രയാണവും തടസ്സപ്പെടുന്നു. മൃഗങ്ങളുടെ സഞ്ചാരം സുഗമമാകാൻ ഈ മേഖലയിൽ പലയിടത്തും പാതകൾക്ക് കുറുകെ ഇടനാഴികൾ സ്ഥാപിക്കാൻ മുമ്പ് പദ്ധതി തയാറാക്കിയെങ്കിലും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.