പുനലൂർ: വിനോദ സഞ്ചാരമേഖലയിലെ പാതയോരത്ത് മാലിന്യം തള്ളുന്നത് കൈയോടെ പിടികൂടി. മാലിന്യം തിരികെ എടുപ്പിച്ചതു കൂടാതെ 10,000 രൂപ പിഴയും ഇടാക്കി. തെന്മല പത്തേക്കർ- ഡാം റോഡ് വശത്ത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തമിഴ്നാട്ടിലേക്ക് പോയ പിക്അപ്പിൽ മാലിന്യം കൊണ്ടിട്ടത്.
കായംകുളത്ത് വാഴക്കുല ഇറക്കി തിരികെപോയ വാഹനത്തിൽ വാഴയിലയും കുലയുടെ കാളാമ്പിണ്ടിയും കൂടാതെ ചാക്കിൽ നിറച്ച മറ്റ് മാലിന്യവുംഉണ്ടായിരുന്നു. ഇതുവഴി വന്ന തെന്മല സെക്ഷൻ ഫോറസ്റ്റർ കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടു. മാലിന്യം തള്ളിയതിന് ശേഷം വേഗത്തിൽ ഓടിച്ചുപോയ പിക്അപ്പ് പിന്നാലെയെത്തി കോട്ടവാസലിൽ വെച്ച് വനപാലകർ പിടികൂടി. പത്തേക്കറിൽ തിരികെ എത്തിച്ച് ഇവർ തള്ളിയത് ഉൾപ്പടെ ഇവിടെ കിടന്ന മുഴുവൻ മാലിന്യവും വാരി തിരികെ വാഹനത്തിൽ കയറ്റി. തെന്മല പഞ്ചായത്ത് ഓഫിസിൽ എത്തിച്ച് പിഴയും ഈടാക്കിയ ശേഷം വിട്ടയച്ചു.
കൊല്ലം- ചെങ്കോട്ട ദേശീയപാത, പത്തേക്കർ ഡാം റോഡ്, തെന്മല- ഡാം റോഡ് തുടങ്ങി പുനലൂരിനും കോട്ടവാസലിനും ഇടയിൽ മലയോരത്ത് നിരവധി സ്ഥലങ്ങളിൽ മാലിന്യം പതിവായി തള്ളുന്നുണ്ട്. പകർച്ചവ്യാധി ഭീഷണി ഉളവാക്കുന്ന മാലിന്യം തള്ളുന്നതിനെ കുറിച്ച് ബുധനാഴ്ച ‘ മാധ്യമം’ വാർത്ത നൽകിയിരുന്നു. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന വാഴക്കുലയുടേയും പച്ചക്കറികളുടേയും അവശിഷ്ടങ്ങൾ കടകളിൽ നിന്നും ശേഖരിക്കുന്ന വാഹനങ്ങൾ തിരികെ പോകുമ്പോൾ പാതയോരത്ത് തള്ളുകയാണ് പതിവ്. ഇതിന് കടക്കാരിൽ നിന്ന് ഫീസും ഇടാക്കുന്നുണ്ട്. ഇവിടുള്ള കോഴിക്കടകൾ, ഹോട്ടലുകൾ എന്നിവയിലെ മാലിന്യവും തള്ളുന്നുണ്ട്. നായയും കുരങ്ങും മറ്റും കൊത്തിവലിക്കുന്ന ഈ മാലിന്യം പകർച്ചവ്യാധിക്കു പുറമേ ജലസ്രോതസുൾക്കും വന്യജീവികൾക്കും ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.