പുനലൂർ: കടമ്പാട്ടുകോണം-മധുര ഗ്രീൻഫീൽഡ് ഹൈവേ 744ന് ഭൂമി ഏറ്റെടുക്കാനായി കിഴക്കൻ മേഖലയിൽ വനഭൂമിയിലെ സർവേ പൂർത്തിയായി. തെന്മല പഞ്ചായത്തിലെ ഇടമണ്ണിൽ നിന്ന് തുടങ്ങി സംസ്ഥാന അതിർത്തിയായ കോട്ടവാസൽ വരെയാണ് വനഭൂമി ഉൾപ്പെടുന്നത്. പാതയുടെ ഇരുവശത്തും പട്ടയ ഭൂമി കൂടാതെ, വനഭൂമി കൂടുതലായി ഹൈവേക്കായി ഏറ്റെടുക്കേണ്ടതുണ്ട്. വനഭൂമി 30 മീറ്റർ വീതിയിലാണ് സർവേ നടത്തിയത്.
തെന്മല മുതൽ കോട്ടവാസൽ വരെ മിക്ക ഭാഗത്തും ഹൈവേയുടെ ഒരു വശം റെയിൽവേ ലൈൻ കടന്നുപോകുന്നതിനാലാണ് വനഭൂമി കൂടുതലായി ഏറ്റെടുക്കേണ്ടിവരുന്നത്. സർവേ ചെയ്ത ഈ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ ഉൾപ്പെടെയുള്ളതിന്റെ കണക്കെടുപ്പും വനം, റവന്യൂ അധികൃതരുടെ സംയുക്ത പരിശോധനയും പൂൂർത്തിയാകുന്നതോടെ പ്രധാന കടമ്പ കടക്കും.
തെന്മല മുതൽ കോട്ടവാസൽ വരെ ഇരുവശത്തും ഏറ്റെടുക്കാനായി റവന്യൂഭൂമിയും 45 മീറ്റർ കണക്കാക്കി സർവേ നടത്തിയിരുന്നു. ഇടമൺ മുതൽ തെന്മല വരെയുള്ള റവന്യൂഭൂമിയുടെ സർവേ വനഭൂമിയുടെ സംയുക്ത പരിശോധനക്കുശേഷമേ ആരംഭിക്കുകയുള്ളൂവെന്ന് സർവേ സംഘം പറഞ്ഞു.
ഇടമൺ മുതൽ കോട്ടവാസൽ വരെ 21 ദിവസം കൊണ്ടാണ് വനഭൂമിയും റവന്യൂഭൂമിയും സർവേ നടത്തിയത്. നോയിഡയിലുള്ള പ്രോജക്ട് കൺസൾട്ടൻസി ഏജൻസിയുടെ ഏഴംഗ സംഘമാണ് സർവേക്കുള്ളത്. ഇടമൺ മുതൽ കോട്ടവാസൽ വരെ നിലവിലുള്ള കൊല്ലം-തിരുമംഗലം ഹൈവേയോട് ചേർന്നാണ് ഈ മേഖലയിൽ ഗ്രീൻഫീൽഡ് ഹൈവേ നാലുവരി പാത വരുന്നത്.
പാരിപ്പള്ളി കടമ്പാട്ടുകോണത്തുനിന്ന് ആര്യങ്കാവ് കോട്ടവാസൽ വരെ 59.712 കിലോമീറ്ററാണ് കേരളത്തിലൂടെ ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്നത്. ഇതിനായി 17 വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കണം. കൊട്ടാക്കര, പുനലൂർ താലക്കുകളിൽ സർവേ പൂർത്തിയാക്കിയ ഒമ്പത് വില്ലേജുകളിലെ 124.99 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.