പുനലൂർ: ഗതാഗതരംഗത്തടക്കം മുരടിപ്പിലായ കിഴക്കൻ മലയോരമേഖലക്ക് വൻ വികസന കുതിപ്പേകുമെന്ന് കരുതുന്ന ആര്യങ്കാവ്- കടമ്പാട്ടുകോണം ഹരിതപാത (ഗ്രീൻ ഫീൽഡ് ഹൈവേ) ഒരേസമയം പ്രതീക്ഷക്കൊപ്പം ജനങ്ങളെ കടുത്ത ആശങ്കയിലാക്കുന്നു. കൊല്ലം-തിരുമംഗലം ദേശീയപാതക്ക് സമാന്തരമായി മലയോരത്തുകൂടിയുള്ള പുതിയ പാതയാണിത്.
വിഴിഞ്ഞം തുറുമുഖത്തെ തമിഴ്നാട് അടക്കം സംസ്ഥാനങ്ങളുമായി റോഡ് മാർഗം ബന്ധിപ്പിച്ച് വ്യാപാര-വ്യവസായ മേഖലയുടെ പുരോഗതിക്കായി മലയോര മേഖലയെ വെട്ടിപ്പൊളിക്കാൻ ഒരുങ്ങുന്ന ഹരിതപാതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ ജനങ്ങളുടെ കടുത്ത എതിർപ്പും ഉയർന്നിട്ടുണ്ട്. ജനപ്രതിനിധികളുമായിപ്പോലും ആലോചിക്കാതെ വികസനത്തിെൻറ പേരിൽ പുതിയ പാത അടിച്ചേൽപ്പിക്കുകയാണന്ന ആക്ഷേപമുണ്ട്.
ജനരോഷം ഉറപ്പ്
സംസ്ഥാനത്ത് മറ്റിടങ്ങളിലെ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ഉയർന്നതുപോലുള്ള ജനരോഷം ഹരിതപാതയുടെ നിർമാണത്തിലും നേരിടേണ്ടിവരുമെന്ന സൂചനയാണുള്ളത്. നാലുവരിയിൽ എക്സ്പ്രസ് ഹൈവേയായ ഈ പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി കുടുംബങ്ങളെ അടക്കം ഒഴിപ്പിക്കേണ്ടിവരുന്നത് പ്രധാന വെല്ലുവിളിയാകും.
പുതിയ പാതയുടെ ഏരിയൽ സർവേ പൂർത്തിയാക്കി ഫീൽഡ് സർവേയും കല്ലീടിലും തുടങ്ങി. മലയോരത്തെ ചില പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങളെയും ജീവനോപാധികളെയും കശക്കിയെറിയുന്ന പുതിയ ഹൈവേ സംബന്ധിച്ച ജനങ്ങളുടെ ആശങ്കയകറ്റാൻ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല. കൊല്ലം-തിരുമംഗലം ദേശീയപാതയെ കൊല്ലം- തിരുവനന്തപുരം ദേശീയപാതയിലെ ജില്ലാതിർത്തിയായ കടമ്പാട്ടുകോണത്ത് ബന്ധിപ്പിക്കുന്നതാണ് ഈ ഹൈവേ. കൊല്ലം-തിരുമംഗലം പാതയിൽ സംസ്ഥാന അതിർത്തിയായ കോട്ടവാസലിൽ നിന്നാണ് തുടങ്ങുന്നത്. കൊല്ലം- തിരുവനന്തപുരം ദേശീയപാതയിൽ കടമ്പാട്ടുകോണത്ത് അവസാനിക്കും.
55 കിലോമീറ്റർ നീളവും 45 മീറ്റർ വീതിയുമാണ്. ചിലയിടങ്ങളിൽ പാതക്കായി നൂറുമീറ്റർവരെ സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഈ പാതക്ക് 60000 കോടി രൂപ കഴിഞ്ഞ ബജറ്റിൽ കേന്ദ്ര സർക്കാർ വകയിരുത്തിയിട്ടുണ്ട്.
ആര്യങ്കാവ്, തെന്മല, ഏരൂർ പത്തടി, ചടയമംഗലം, പള്ളിക്കൽ വഴിയാണ് കടമ്പാട്ടുകോണത്ത് അവസാനിക്കുന്നത്. ഗ്രീൻ കോറിഡോറിലൂടെയുള്ള അലൈൻമെൻറിന് കേന്ദ്ര അംഗീകാരം നേരേത്ത ലഭിച്ചിരുന്നു.
ഇതിൽ ചിലയിടങ്ങളിൽ പുതിയ പാതയും മറ്റിടങ്ങളിൽ നിലവിലുള്ള പാതയോടെ അനുബന്ധ വികസനവുമാണ് വരുന്നത്. ആര്യങ്കാവ്, തെന്മല ഭാഗത്ത് വനം, റെയിൽപാത എന്നിവ പരിഗണിച്ച് അഞ്ച് കിലോമീറ്റർ മേൽപ്പാലമായാണ് പാത പോകുന്നത്. നിരവധി വീടുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവ ഒഴിപ്പിക്കേണ്ടിവരും. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലാണ് ഒഴിപ്പിക്കൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇവിടെ കൂടുതലും വനവും റബർ എസ്റ്റേറ്റുമായതിനാൽ ദേശീയപാതയോരത്തടക്കമുള്ള പട്ടയഭൂമിയിലാണ് ജനവാസമുള്ളത്.
ജനവാസമേഖല ഒഴിവാക്കാം, തേക്ക് തോട്ടത്തിലൂടെയാകാം
ഹരിത ഹൈവേ ഏറ്റവും കൂടുതൽ പ്രതികൂലമാക്കുന്നത് ആര്യങ്കാവ് പഞ്ചായത്തിലാണ്. ഇവിടെ ആകെയുള്ള 13 വാർഡിൽ ആറും സ്വകാര്യ റബർ എസ്റ്റേറ്റ് അടങ്ങുന്ന തോട്ടം മേഖലയാണ്. ബാക്കിയുള്ള അച്ചൻകോവിൽ രണ്ട് വാർഡ് കഴിഞ്ഞാൽ അഞ്ച് വാർഡുകളിലായി വരുന്ന ആര്യങ്കാവ് കോട്ടവാസൽമുതൽ കഴുതുരുട്ടിവരെയുള്ള പ്രദേശത്ത് തുച്ഛമായ ഭൂമിക്കേ പട്ടയമുള്ളൂ. ബാക്കിയുള്ളത് ദേശീയപാതയും റെയിൽവേയുമാണ്. ഹരിതപാതയുടെ സർവേ വരുന്നത് ജനവാസ മേഖലയിലൂടെയാണ്.
ഈ സർവേ അംഗീകരിച്ചാൽ ആര്യങ്കാവ് പഞ്ചായത്തുതന്നെ നഷ്ടപ്പെടും. ജനസാന്ദ്രതയില്ലാത്തിടത്തുകൂടി സർവേ നടത്തിയാൽ ജനങ്ങളുടെ ബുദ്ധിമുട്ട് അകറ്റാനാകും. കഴുതുരുട്ടി ചുടുകട്ട പാലത്തിന് സമീപത്തെ തേക്ക് തോട്ടത്തിലൂടെ പുതിയപാത കോട്ടവാസലിൽ എത്തിച്ചാൽ ജനങ്ങളെ ഒഴിപ്പിക്കേണ്ടിവരില്ല.
ജനവാസമേഖല ഒഴിവാക്കും -–എൻ.കെ. പ്രേമചന്ദ്രൻ എം.പി
പുനലൂർ: കോട്ടവാസൽ- കടമ്പാട്ടുകോണം ഹരിത ഹൈവേ നിർമാണത്തിൽ ജനവാസമേഖല പരമാവധി ഒഴിവാക്കാൻ നിർദേശം നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഹൈവേ മന്ത്രാലയത്തിെൻറ നിർദേശപ്രകാരം ഈ പരാതികൾ ഹൈവേ റീജനൽ ഓഫിസർക്ക് കൈമാറി. വീടുകൾ പരമാവധി ഒഴിവാക്കി പ്ലാേൻറഷനുകൾ, റബർ എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലൂടെ പാത കടന്നുപോകത്തക്ക നിലയിൽ അലൈമെൻറ് മാറ്റം വരുത്തും. സാറ്റ്ലൈറ്റ് സർവേയിൽ വന്ന അപാകത ഫീൽഡ് സർവേയിൽ പരിഹരിക്കാനും നിർദേശം നൽകി. വീടുകളും ഭൂമിയും ഏറ്റെടുക്കേണ്ടി വന്നാൽ ആകർഷകമായ നഷ്ടപരിഹാരം നൽകും. 2013ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മുന്തിയ നിരക്കിലെ നഷ്ടപരിഹാരമായിരിക്കും ലഭിക്കുക. എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ ഉടമകൾക്ക് ഈ നഷ്ടപരിഹാരം വലിയ അനുഗ്രഹമായിരിക്കും. ഏരൂർ പത്തടിയിൽ നിരവധി വീടുകളും ആരാധനാലയങ്ങളും സർവേയിൽ വന്നിട്ടുള്ളത് ഒഴിവാക്കും. പകരം സമീപത്തെ റബർ എസ്റ്റേറ്റ് ഭൂമിയിലൂടെ പാത കടന്നുപോകത്തക്ക നിലയിൽ സർവേ നടത്തുമെന്നും എം.പി പറഞ്ഞു.
ദുരിതം മാറ്റാൻ സർക്കാർ ശക്തമായി ഇടപെടും –എം.എൽ.എ
പുനലൂർ: ഹരിത ഹൈവേയുടെ അലൈൻമെൻറ് സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയകറ്റാൻ സംസ്ഥാന സർക്കാർ ശക്തമായി ഇടപെടുമെന്ന് പി.എസ്. സുപാൽ എം.എൽ.എ. ചരക്കുനീക്കം വേഗത്തിലാക്കാനും മറ്റുമായി പുതിയ പാത വരുന്നത് നല്ലതുതന്നെ. പരമാവധി ജനവാസമേഖല ഒഴിച്ചായിരിക്കണം പാത നിർമിക്കേണ്ടത്. ഇതിനായി അലൈൻമെൻറ് പുതുക്കി നിശ്ചയിക്കണം. ജനങ്ങളുടെ പരാതികൾ കേട്ട് അലൈൻമെൻറ് പുതുക്കാനുള്ള സമയമുണ്ട്. ഏരിയൽ സർവേയിലെ അപാകത പരിഹരിക്കണം. അലൈൻമെൻറ് മാറ്റാനുള്ള അധികാരം കേന്ദ്ര ഹൈവേ അധികൃതർക്കാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് റവന്യൂ മന്ത്രി അടക്കമുള്ളവരെ ഇതിനകം അറിയിച്ചു. സർക്കാർ കേന്ദ്ര ഹൈവേ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. പട്ടയഭൂമിയിലുള്ളവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം. എന്നാൽ തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ നിരവധി കുടുംബങ്ങൾ റോഡ്, റെയിൽവേ പുറമ്പോക്കുകളിൽ പട്ടയമില്ലാതുണ്ട്. ഇവരെ ഒഴിപ്പിക്കുമ്പോൾ നഷ്ടപരിഹാരം സംബന്ധിച്ചും മതിയായ തീരുമാനമുണ്ടാകണം.
മതിയായ ആലോചനയില്ലാതെ -–മുൻ വനംമന്ത്രി കെ. രാജു
പുനലൂർ: മലയോരത്തുകൂടിയുള്ള പുതിയ ഹരിതപാത എന്ന ആശയം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചന നടത്താതെയാണ് തീരുമാനിച്ചതെന്ന് മുൻ മന്ത്രി കെ. രാജു കുറ്റപ്പെടുത്തി. വിഴിഞ്ഞത്തുനിന്ന് കണ്ടെയ്നർ കൊണ്ടുപോകുന്നതിനുള്ള എക്സ്പ്രസ് ഹൈവേയാണിത്. 45 മുതൽ 100 മീറ്റർ വരെയാണ് ഇതിെൻറ വീതി. സാധാരണക്കാരെ റോഡിൽനിന്ന് അകറ്റുന്നതാണിത്. ജനങ്ങളുടെ ദുരിതം പരമാവധി കുറച്ച് ഈ പാത എങ്ങനെ യാഥാർഥ്യമാക്കാമെന്ന് പ്രദേശത്തെ ജനപ്രതിനിധികളെ വിളിച്ചുകൂട്ടി ചർച്ച നടത്തിയിട്ടേ അലൈൻമെൻറ് അംഗീകരിക്കാവൂ. പാത കടന്നുപോകുന്ന പുനലൂർ, ചടയമംഗലം മണ്ഡലങ്ങളിലെ ജനപ്രതിനിധികളുമായി ഇത് സംബന്ധിച്ച് മുമ്പ് ഒരറിയിപ്പോ ചർച്ചയോ നടത്താൻ എൻ.എച്ച് അധികൃതർ തയാറായിട്ടില്ല. വികനത്തിന് ഒരിക്കലും എതിരല്ല. എന്നാൽ, പുതിയ പദ്ധതികൾ നടപ്പാക്കുമ്പോൾ മതിയായ ചർച്ച നടത്തേണ്ടതുണ്ട്. പരമാവധി നഷ്ടം കുറക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും ഇത് ഉപകരിച്ചേനെ. ഇനിയും സമയമുള്ളതിനാൽ എം.പി ഇടപെട്ട് പാത കടന്നുപോകുന്ന മേഖലയിലെ ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.