പുനലൂർ: ആര്യങ്കാവിൽ വ്യാഴാഴ്ച വൈകീട്ട് അനുഭവപ്പെട്ട അതിശക്തമായ മഴയിൽ വലിയ നാശം. രണ്ടു മണിക്കൂറോളമാണ് മഴ പെയ്തത്. തോടുകളിലും കഴുതുരുട്ടിയാറ്റിലും വെള്ളം ഉയർന്നതോടെ വനമധ്യേയുള്ള ജനവാസമേഖലയായ കരയാളർമെത്തിൽ ഉരുൾപൊട്ടിയെന്ന അഭ്യൂഹവും ഉയർന്നു. ആര്യങ്കാവ്, കഴുതുരുട്ടി മേഖലയിൽ പല വീടുകളിലും വെള്ളം കയറി. ഹൈസ്കൂൾ ഗ്രൗണ്ടിലും ചർച്ച് ഗ്രൗണ്ടിലും വെള്ളം കയറി. ആര്യങ്കാവ് സഹകരണ ബാങ്കിന്റെ മതിൽ ഇടിഞ്ഞുവീണു. നീതി സ്റ്റോറിനകത്ത് വെള്ളം കയറി.
കഴുതുരുട്ടി തടയണ നിറഞ്ഞുകവിഞ്ഞു. മഴവെള്ളപ്പാച്ചിലിൽ നാലാം വാർഡിൽ റെയിൽവേ മേൽപാലത്തിന് സമീപത്തുകൂടി ചെമ്പോട ഭാഗത്തേക്കുള്ള റോഡ് പൂർണമായും തകർന്നു. ഈ റോഡിൽ കാൽനട യാത്രപോലും സാധ്യമല്ലാതായി. വെള്ളിയാഴ്ച തൊഴിലുറപ്പ് തൊഴിലാളികൾ റോഡിൽ അടിഞ്ഞ മണ്ണും ചളിയും നീക്കംചെയ്യാൻ തുടങ്ങി.
പത്തനാപുരം: ശക്തമായ മഴയിൽ വീട് തകർന്നു. വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. മഞ്ചള്ളൂർ ആദം കോട് ഷൈനി ഭവനിൽ ഷൈലജയുടെ വീടാണ് കഴിഞ്ഞ രാത്രിയിലെ ശക്തമായ മഴയിൽ പൂർണമായി നിലംപൊത്തിയത്. സംഭവ സമയം ഷൈലജ മാത്രമേ വീട്ടിനുള്ളിലുണ്ടായിരുന്നുള്ളൂ. മേല്‍ക്കൂരയില്‍ നിന്ന് വലിയ ശബ്ദം കേട്ട് വെളിയിലേക്കിറങ്ങി ഓടിയതിനാൽ ജീവൻ രക്ഷിക്കാനായി. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.