പുനലൂർ: മദ്യലഹരിയിൽ യുവാവിന്‍റെ വീടുകയറിയുള്ള ആക്രമണത്തിൽ വയോധികയടക്കം നാലു സ്ത്രീകൾക്ക് പരിക്കേറ്റു. ഹെൽമറ്റും കല്ലുകൊണ്ടുള്ള അക്രമത്തിലും തലക്ക് സാരമായി പരിക്കേറ്റ നാലുപേരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുനലൂർ അഷ്ടമംഗലം മണിയാറിൽ വ്യാഴാഴ്ച വൈകീട്ടാണ് ഹെൽമറ്റ് ആക്രമണം. അഷ്ടമംഗലം സ്വദേശിനികളായ ഗിരിജ, ശരണ്യ, സുശീല, സുധാമണി എന്നിവർക്കാണ് മർദനമേറ്റത്. അഷ്ടമംഗലം മലവാതുക്കൾ അനു മോഹനാണ് മദ്യലഹരിയിൽ അക്രമം നടത്തിയതെന്ന് മർദനത്തിനിരയായവർ പറഞ്ഞു.
മദ്യലഹരിയിൽ ഇയാൾ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാറുണ്ടത്രെ. ഇത് സംബന്ധിച്ച് നിരവധി പരാതികളും പ്രദേശവാസികൾ പുനലൂർ പൊലീസിന് നൽകിയിരുന്നു. ശരണ്യയെയാണ് ആദ്യം ആക്രമിച്ചത്. വീട്ടിലെത്തിയ യുവാവ് ആക്രമിച്ചശേഷം ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു.
ശരണ്യയുടെ നിലവിളി കേട്ട് രക്ഷിക്കാനെത്തിയ അമ്മായിയമ്മ സുശീല, അയൽവാസികളായ, സുധാമണി, ഗിരിജ എന്നിവരെയും ആക്രമിച്ചു.
ഗിരിജയുടെ തലക്ക് കല്ലുകൊണ്ടിടിച്ചു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചതറിഞ്ഞെത്തിയ അനുമോഹൻ അവിടെയും സംഘർഷാവസ്ഥ സൃഷ്ടിച്ചു. നാട്ടുകാരും സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് ആശുപത്രിയിലെ സംഘർഷാവസ്ഥ ഒഴിവാക്കിയത്. പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.