പുനലൂർ: തമിഴ്നാട്ടിൽനിന്ന് മാരകമായ ലഹരിഗുളിക കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവാവിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വെള്ളക്കിണർ വാർഡിൽ വള്ളക്കടവ് സ്വദേശി ടി. നഹാസ് (35) ആണ് പിടിയിലായത്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള അന്തർസംസ്ഥാന ലഹരി കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് അന്വേഷണസംഘം അറിയിച്ചു. ഈ സംഘത്തിലെ മറ്റ് മൂന്നുപേർ തമിഴ്നാട്ടിലടക്കം നിരീക്ഷണത്തിലാണ്.
കഴിഞ്ഞ മാസം 13ന് തമിഴ്നാട്ടിൽനിന്നും വാഴക്കുല കയറ്റിവന്ന വാഹനത്തിൽനിന്ന് വലിയ തോതിൽ മാരക ലഹരി ഗുളികയായ ട്രമഡോർ ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റ് സി.ഐ ബിനുവും സംഘവും പിടികൂടിയിരുന്നു. ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽ അറസ്റ്റിലാകുകയും ചെയ്തു.
ഇയാളെ ചോദ്യംചെയ്തതിൽ നിന്നാണ് ആലപ്പുഴ കേന്ദ്രീകരിച്ച് നഹാസിെൻറ നേതൃത്വത്തിലുള്ള സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. കേന്ദ്ര സർക്കാർ 2016ൽ നിരോധിച്ചതാണ് അതിമാരക വിഭാഗത്തിലുള്ള ഈ ഗുളിക. ഒരുവർഷമായി സംഘം ഈ ഗുളിക കേരളത്തിലേക്ക് കടത്തുന്നുണ്ട്. തമിഴ്നാട്ടിലെ ചില മെഡിക്കൽ സ്റ്റോറുകളിൽ നിന്നാണ് ഗുളിക ശേഖരിക്കുന്നത്. അത്തരം മെഡിക്കൽ സ്റ്റോറുകളെ കുറിച്ചുള്ള വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു.
കഴിഞ്ഞ നാലുമാസത്തിനിടെ നാലുതവണ ഗുളിക കടത്തി. തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്ന ഗുളികൾ തെന്മല, പുനലൂർ, കായംകുളം എന്നിവിടങ്ങളിലാണ് മറ്റുള്ളവർക്ക് കൈമാറുന്നത്. ചെക്പോസ്റ്റിൽ ഗുളിക പിടിച്ചതോടെ കൊല്ലം എക്സൈസ് അസി. കമീഷണർ ബി. സുരേഷിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് ആലപ്പുഴ എക്സൈസ് ഇൻറലിജൻസ് ഇൻസപെക്ടർ പ്രശാന്തിെൻറ ചുതലയിൽ അന്വേഷണം നടത്തിയാണ് രണ്ടാംപ്രതിയായ നഹാസിനെ അറസ്റ്റ് ചെയ്തത്.
ഇവരുടെ ഫോൺകോളുകൾ, വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചാണ് പ്രധാനപ്രതിയെ കുടുക്കിയത്. പ്രിവൻറീവ് ഓഫിസർമാരായ അലക്സ്, ഗിരീഷ്, സി.ഇ.ഒ ക്രിസ്റ്റൻ, വനിത സി.ഇ.ഒമാരായ ശാലിനി ശശി, ബീന, ഷാഡോസംഘത്തിലെ അശ്വന്ത്, എസ്. സുന്ദരം, അരുൺ വിജയ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.