പുനലൂർ: ജില്ലയിൽ വലിയൊരു വിഭാഗം ജനങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കല്ലടയാറ്റിലെ വെള്ളം മലിനം. പുനലൂർ പട്ടണത്തിൽ നിന്ന് സെപ്റ്റിക് ടാങ്ക് മാലിന്യം ആറ്റിൽ ഒഴുകിയെത്തുന്നു. കടുത്തവേനലിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ ശുദ്ധജലത്തിന് പരക്കംപായുമ്പോഴാണ് ജല സ്രോതസ്സ് അവഗണിക്കപ്പെടുന്നത്.
വാട്ടർഅതോറിറ്റി, ആരോഗ്യവകുപ്പ് അടക്കമുള്ള അധികൃതരുടെ കൺമുന്നിൽ നടക്കുന്ന കല്ലടയാറ്റിലെ ജലമലിനീകരണം എല്ലാവരും കണ്ടില്ലെന്ന് നടിക്കുന്നു. പുനലൂർ പട്ടണത്തിലേക്കുള്ള കുടിവെള്ളം ശേഖരിക്കുന്നതിന് പുറമേ ജില്ലയിൽ മിക്കയിടത്തും വെള്ളമെത്തിക്കുന്ന കുണ്ടറ പദ്ധതി, ജപ്പാൻ(മീനാട്) പദ്ധതി എന്നിവയുടെ പമ്പ് ഹൗസുകൾക്ക് സമീപത്താണ് വെട്ടിപ്പുഴ തോടുവഴി കക്കൂസ്മാലിന്യം ആറ്റിൽ ഒഴുകിയെത്തുന്നത്. പുനലൂർ പട്ടണത്തിൽ തന്നെ ആരുെടയും ശ്രദ്ധയിൽപെടുന്നതാണ് ഈ മലിനീകരണം.
പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലുള്ള സെപ്റ്റിക് ടാങ്ക് മാലിന്യം വെട്ടിപ്പുഴതോട്ടിലൂടെ കല്ലടയാറ്റിൽ എത്താൻ തുടങ്ങിയിട്ട് മാസങ്ങളായി.
ഇതുകൂടാതെ എം.എൽ.എ റോഡിന് ചേർന്ന് ചതുപ്പായുള്ള സ്ഥലത്ത് കെട്ടിക്കിടക്കുന്ന മാലിന്യവും അടിയുന്നത് ആറ്റിൽതന്നെ. ഇതും പരിസരത്തെ സ്ഥാപനങ്ങളിൽ നിന്നുള്ളതാണ്. കൂടാതെ പലയിടത്തുനിന്നും രാത്രിയിൽ മാലിന്യം വെട്ടിപ്പുഴ തോട്ടിലും ചതുപ്പായ സ്ഥലത്തും തള്ളുന്നുണ്ട്. തൊട്ടുതാഴെ ആറ്റിലാണ് ഈ മാലിന്യവും എത്തുന്നത്. ബസ് ഡിപ്പോയിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്നതിനെതിരെ ഇവിടെയുള്ള കച്ചവടക്കാർ നഗരസഭയിൽ പരാതിപ്പെട്ടിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതർ ഡിപ്പോ അധികൃതർക്ക് നോട്ടീസ് നൽകിയെങ്കിലും ഇത് പരിഗണിക്കാൻ പോലും തയാറായില്ല. വിവിധയിനത്തിലുള്ള ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് ഡിപ്പോയിൽ വികസനപ്രവർത്തനത്തിന് ചെലവിടുമ്പോഴും സെപ്റ്റിക് ടാങ്ക് മാലിന്യം ആറ്റിൽ ഒഴുകിയെത്തുന്നത് തടയാൻ തയാറല്ല. വെട്ടിപ്പുഴതോട്ടിലെ മാലിന്യം തടയാൻ നഗരസഭ അധികൃതർക്കും കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.