പുനലൂർ: ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ളവിതരണപദ്ധതിക്കായി കരവാളൂർ പഞ്ചായത്തുകാർ ഏറെ ത്യാഗം സഹിച്ചിട്ടും കുടിവെള്ളം ഇനിയും കിട്ടാക്കനി. കൊല്ലം കോർപറേഷനും പരവൂർ, പുനലൂർ നഗരസഭകൾക്കും മറ്റ് ഏഴ് പഞ്ചായത്തുകൾക്കും വെള്ളം എത്തിക്കുന്ന മീനാട് (ജപ്പാൻ) പദ്ധതി സംഭരണവും ശുദ്ധീകരണ പ്ലാൻറും സ്ഥാപിച്ചിട്ടുള്ളത് കരവാളൂരിലാണ്.
എന്നാൽ പദ്ധതിയിൽപെടുന്ന മറ്റ് പഞ്ചായത്തുകൾക്കുനൽകുന്ന പരിഗണനപോലും ഇവിടെ നൽകാൻ അധികൃതർ തയാറായിട്ടില്ല. പഞ്ചായത്തിലുടനീളം പൈപ്പുകൾ കുഴിച്ചിട്ട് റോഡുകൾ കുളമായതും വീടുകൾക്ക് മുമ്പിലെ കണക്ഷൻ ടാപ്പുകളിൽ വെള്ളത്തിനുപകരം കാറ്റ് വരുന്നതിന് വെള്ളക്കരമായി വൻതുക ഒടുക്കേണ്ടിയുംവരുന്ന ഗതികേടിലാണ് ഇവിടുള്ളവർ.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 6700 ഓളം കണക്ഷനുകളുണ്ട്. ഇതിൽ 2000 ത്തോളം കണക്ഷനുകളിൽ വലിയ കുഴപ്പമില്ലാതെ വെള്ളം ലഭിക്കുന്നുണ്ട്. ബാക്കിയുള്ളവർ വെള്ളം ലഭിക്കാൻ പല പ്രതിഷേധങ്ങളും നടത്തിയിട്ടും ഫലമുണ്ടായില്ല. അശാസ്ത്രീയമായി ഇടുങ്ങിയ പൈപ്പുകൾ സ്ഥാപിച്ചതും സമയബന്ധിതമായി പണികൾ പൂർത്തിയാക്കാൻ കരാറുകാർ തയാറാകാത്തതുമാണ് വെള്ളം ലഭിക്കുന്നതിന് തടസ്സം.
പ്രധാന കരാറുകാരൻ ഉപ കരാറുകൾ കൊടുത്താണ് പണി ചെയ്യിപ്പിക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ഏഴ് സബ് കരാറുകാർ എത്തി പ്രയാസം കുറഞ്ഞ ഭാഗങ്ങളിൽ പൈപ്പിട്ട് പോയതല്ലാതെ പൂർത്തിയാക്കാൻ തയാറായിട്ടില്ല. ഇതുകാരണം ചേറ്റുകുഴി, വെഞ്ചേമ്പ് പോലുള്ള ഉയർന്നപ്രദേശങ്ങളിൽ വെള്ളം എത്തിക്കാനാകുന്നില്ല.
പമ്പിങ് സമയം ദിവസംമുഴുവനും ഇല്ലാത്തതുകാരണം വട്ടമണ്ണിലെ സംഭരണ കേന്ദ്രത്തിൽനിന്ന് പ്രധാന ലൈനിലൂടെ വെള്ളം മറ്റിടങ്ങളിലേക്ക് എത്തുമെങ്കിലും പഞ്ചായത്തിലെ മിക്കഭാഗത്തും ലഭിക്കുന്നില്ല. വ്യാപകപരാതിയുള്ള വെഞ്ചേമ്പ് ഹൈസ്കൂൾ ജങ്ഷൻ മുതൽ ചേറ്റുകുഴി വാർഡിലേക്ക് പ്രത്യേക വിതരണ ലൈൻ സ്ഥാപിക്കാനോ നിലവിലുള്ളത് വലുതാക്കാനോ അധികൃതർ തയാറാകുന്നില്ല.
ഗുണമേന്മയുള്ള ഫിറ്റിങ്സ് ഉപയോഗിച്ച് വേണ്ട നിലയിൽ കണക്ഷൻ നൽകാത്തതിനാൽ പൈപ്പ് പൊട്ടലും ചോർച്ചയും പതിവാണ്. പലയിടത്തും മതിയായ എയർ വാൽവുകളും സ്ഥാപിച്ചിട്ടില്ല. ലൈനുകൾ സ്ഥാപിക്കാൻ 25 കിലോമീറ്ററോളം ടാർ, കോൺക്രീറ്റ് റോഡ് വെട്ടിപ്പൊളിച്ചത് ഇതുവരെ പൂർണമായി നന്നാക്കാൻ തയാറായിട്ടില്ല.
പഞ്ചായത്തിലുടനീളം നിലനിൽക്കുന്ന കുടിവെള്ളപ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ വാട്ടർ അതോറിറ്റി പുനലൂർ എ.ഇയുടെ സാന്നിധ്യത്തിൽ ഒരു വർഷം മുമ്പ് യോഗം ചേർന്ന് പരിഹാരം തേടിയെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.