പുനലൂർ: സംസ്ഥാന ബജറ്റിൽ പുനലൂർ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് മുന്തിയ പരിഗണന. മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്ത് ആരംഭിക്കുന്ന രണ്ട് പെറ്റ് ഫുഡ് ഫാക്ടറികളിലൊന്നും മറ്റ് വിവിധ നിർമാണ പ്രവർത്തനങ്ങളും ബജറ്റിൽ ഉൾപ്പെടുത്തി.
പുനലൂരിൽ എക്സൈസ് കോംപ്ലക്സ് കെട്ടിട നിർമാണമടക്കം അഞ്ച് പദ്ധതികൾക്ക് അടങ്കൽ തുകയുടെ 20 ശതമാനം തുക വകകൊള്ളിച്ചു. പുനലൂർ നഗരസഭയിൽ 260 കോടി ചെലവ് പ്രതീക്ഷിക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയടക്കം എട്ടു പദ്ധതികൾക്ക് ടോക്കണും അനുവദിച്ചു.
പെറ്റ് ഫുഡ് ഫാക്ടറിക്ക് നാലു കോടി രൂപയാണ് വകയിരുത്തിയത്. മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിൽ ഫാക്ടറി സ്ഥാപിക്കാനാവശ്യമായ സ്ഥലം ലഭ്യമാക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എ നേരത്തേ വകുപ്പ് മന്ത്രിയെ അറിയിച്ചതിനെ തുടർന്നാണ് പരിഗണിച്ചത്.
20 ശതമാനം തുക വകയിരുത്തിയ പദ്ധതികളും അടങ്കൽ തുകയും: പുനലൂർ ബാലൻ സാംസ്കാരിക സമുച്ചയ കെട്ടിട നിർമാണം -മൂന്ന് കോടി രൂപ, അഞ്ചലിൽ സെന്റർ ഫോർ അഡ്വാൻസ് പ്രിൻറിങ് ആൻഡ് ടെക്നോളജിക്ക് കെട്ടിട നിർമാണം- രണ്ട് കോടി, പുനലൂർ എക്സൈസ് കോംപ്ലക്സ് സമുച്ചയം കെട്ടിട നിർമാണം-3.50 കോടി, പുനലൂർ കോർട്ട് കോംപ്ലക്സിൽ ഓഫിസേഴ്സ് ക്വാട്ടേഴ്സും ജുഡീഷ്യറി കോംപ്ലക്സിന് ചുറ്റുമതിൽ നിർമാണവും- മൂന്ന് കോടി, വിളക്കുപാറ-തടിക്കാട് റോഡിെൻറ ബാക്കി ഭാഗമായ മണലിപ്പച്ച മുതൽ ആർച്ചൽവരെയുള്ള ഭാഗം 1.800 കിലോമീറ്റർ നവീകരണത്തിന് 3.50 കോടി.
ടോക്കൺ അഡ്വാൻസ് പ്രഖ്യാപിച്ച മരാമത്ത് പ്രവൃത്തികൾ: പുനലൂർ നഗരസഭയിലെ സമ്പൂർണ കുടിവെള്ള പദ്ധതി- 260 കോടി രൂപ, അച്ചൻകോവിൽ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിന് കെട്ടിട നിർമാണം- രണ്ടുകോടി, പുനലൂർ റവന്യൂ ടവർ നിർമാണം- മൂന്ന് കോടി, ഇടമുളയ്ക്കൽ- തടിക്കാട് റോഡ് നവീകരിക്കൽ- 7.95 കോടി, പുനലൂർ- കക്കോട്- ചെങ്കുളം റോഡ് നവീകരിക്കൽ- എട്ട് കോടി.
പുനലൂർ ചാലിയക്കര റോഡ് നവീകരിക്കൽ -12.80 കോടി, പുനലൂർ ബൈപാസ് നിർമാണവും ആയതിനുള്ള ഭൂമി ഏറ്റെടുക്കലും - 25 കോടി, അഞ്ചൽ ബൈപ്പാസ് തുടർച്ചയും അഗസ്ത്യക്കോട് സെൻറ് ജോർജ് സ്കൂൾ മുതൽ ആലഞ്ചേരി ജങ്ഷൻവരെയുള്ള ബാക്കി ഭാഗത്തിെൻറ നിർമാണവും ഭൂമിയേറ്റെടുക്കലും- 25 കോടി, പുനലൂർ ടൗൺ ലിങ്ക് റോഡുകളുടെ നിർമാണവും ആയതിനുള്ള സ്ഥലം ഏറ്റെടുക്കലും പാലം നിർമാണവും 25 കോടി.
കഴുതുരുട്ടി കോഫി എസ്റ്റേറ്റ് റോഡ് ബി.എം/ബി.സി നിലവാരത്തിൽ നവീകരിക്കൽ- 14 കോടി, കുളത്തൂപ്പുഴ സാം നഗർ റോഡ് നവീകരിക്കൽ- 8.90 കോടി, തെന്മല- പത്തേക്കർ റോഡ് നവീകരിക്കൽ- 2.60 കോടി , മധുരപ്പ - വയക്കൽ റോഡ് നവീകരിക്കൽ- 8.80 കോടി.
പൊടിയാട്ട് വിള പുന്നക്കാട് -കൈതക്കെട്ട് റോഡ് നവീകരിക്കൽ- 8.95 കോടി, മരങ്ങാട്ട്കോണം -തടിക്കാട് റോഡ് നവീകരിക്കൽ- 5.95 കോടി, പ്രിയ എസ്റ്റേറ്റ് അമ്പനാട് മേഖലയിൽ ഇക്കോ റിസോർട്ട് നിർമാണം, തെന്മല വഴിയോര കച്ചവട സ്ഥാപന പുനരധിവാസം, ഇക്കോടൂറിസം അനുബന്ധമേഖലകളിലെ റോഡുകളുടെ സൗന്ദര്യവത്കരണം- 20 കോടി.
കൊട്ടാരക്കര: സംസ്ഥാന ബജറ്റിൽ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് തുക വകയിരുത്തി. വെളിയം ഗ്രാമപഞ്ചായത്ത് ഓഫിസ് സമുച്ചയത്തിന്റെയും കോൺഫറൻസ് ഹാളിന്റെയും എഴുകോൺ ഗ്രാമപഞ്ചായത്ത് ഓഫിസ് സമുച്ചയത്തിന്റെയും നിർമാണത്തിന് മൂന്നുകോടി രൂപ വീതമാണ് ഉൾപ്പെടുത്തിയത്.
ഉമ്മന്നൂർ പി.എച്ച് സെന്ററിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തലിന് 1.5 കോടി, മൈലം പി.എച്ച് സെന്ററിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തലിന് 1.5 കോടി, നെടുമൺകാവ് സി.എച്ച് സെന്ററിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് രണ്ടുകോടി, കൊട്ടാരക്കര പുലമൺ തോടിന്റെ നവീകരണത്തിന് 2.5 കോടി രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.
നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ പണയിൽ-പാറയിൽ മുക്ക് റോഡ് നവീകരണത്തിന് 2.5 കോടി, കൊട്ടാരക്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളുടെ പൊതു കളിസ്ഥലങ്ങളുടെയും നിർമാണത്തിന് രണ്ടുകോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് ഫ്രീ ബായ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നവീകരണവും ഉൾപ്പെടുത്തി.
ചടയമംഗലം: നിയോജക മണ്ഡലത്തിലെ റോഡുകളുടെ വികസനത്തിന് സംസ്ഥാന ബജറ്റിൽ 12 കോടി വകയിരുത്തി. ഇളമാട് പഞ്ചായത്തിലെ ഇളമാട് തേവന്നൂര്‍ റോഡിന് രണ്ടു കോടി രൂപ, ഇട്ടിവ അലയമണ്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ബീഡിമുക്ക് ചണ്ണപ്പേട്ട റോഡിന് രണ്ട് കോടി, കുമ്മിള്‍ പഞ്ചായത്തിലെ കുമ്മിള്‍ -സംമ്പ്രമം- തൊളിക്കുഴി റോഡിന് രണ്ട് കോടി.
ചടയമംഗലം പഞ്ചായത്തിലൂടെ കടന്നുപോകുന്ന കൈതോട് -പോരേടം റോഡിന് 1.5 കോടി , വെളിനല്ലൂര്‍, ഇളമാട് പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന അമ്പലംകുന്ന് -കായില റോഡിന് 1.5 കോടി, ഇട്ടിവ പഞ്ചായത്തിലെ പട്ടാണിമുക്ക് -വയ്യാനം- ഇളമ്പഴന്നൂര്‍ റോഡിന് ഒരു കോടി, വെളിനല്ലൂര്‍ പഞ്ചായത്തിലെ പയ്യക്കോട് -കാളവയല്‍ റോഡിന് ഒരു കോടി, നിലമേല്‍ പഞ്ചായത്തിലെ കരുന്തലക്കോട് -ശാസ്താംകോണം റോഡിന് ഒരു കോടി.
കടയ്ക്കല്‍ കോടതി സമുച്ചയത്തിന് മൂന്ന് കോടി രൂപ എന്നിവയാണ് ബജറ്റില്‍ തുക നീക്കിെവച്ചിട്ടുള്ള പ്രധാന പദ്ധതികൾ. ചടയമംഗലം, മടത്തറ റെസ്റ്റ് ഹൗസുകള്‍, ഓയൂര്‍ ഫയര്സ്റ്റേഷന്, കോട്ടുക്കല്‍ ഗുഹാക്ഷേത്രം മഞ്ഞപ്പാറ പാവൂര്‍ ചടയമംഗലം റോഡ്.
കടയ്ക്കല്‍ ഗോവിന്ദമംഗലം -ഇയ്യക്കോട് കൊപ്പം റോഡ്, ചടയമംഗലം പൂങ്കോട് -ഇടയ്ക്കോട് വേയ്ക്കല്‍ റോഡിന്റെ സെക്കന്റ് റീച്ച്, കുടുക്കത്തുപാറ ഇക്കോ ടൂറിസം, കാറ്റാടിമുക്ക് അക്കോണം -ഇടത്തറ മുരുക്കുമണ്‍ റോഡ്, പുത്തയം തോട്ടംമുക്ക് -ഫില്‍ഗിരി റോഡ് എന്നിവയും ബജറ്റില്‍ ഉള്‍പ്പെട്ടു.
അഞ്ചൽ: 40 വർഷത്തോളം വിസ്മൃതിയിലായ അഞ്ചൽ റിപ്രോഗ്രാഫിക് സെന്ററിന് പുതുജീവൻ. അഞ്ചലിൽ പ്രവർത്തിച്ചിരുന്ന സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ടെക്നോളജി (സി-ആപ്റ്റ്) പുനരുജ്ജീവിപ്പിക്കുന്നതിനായി മൂന്നരക്കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിയത്.
ആദ്യകാലത്ത് വാടകക്കെട്ടിടത്തിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനായി ചീപ്പുവയലിന് സമീപം അമ്പത് സെൻറ് ഭൂമി വിലക്ക് വാങ്ങിയിരുന്നുവെങ്കിലും തുടർ നടപടിയുണ്ടായില്ല. ക്രമേണ സ്ഥാപനത്തിന്റെ പ്രവർത്തനവും നിലച്ചു. പിന്നീട്, സർക്കാറുകൾ മാറി മാറി വന്നെങ്കിലും ഈ സ്ഥാപനത്തിന്റെ കാര്യം ശ്രദ്ധിക്കപ്പെടാതെ പോയി. ഇപ്പോൾ പി.എസ്. സുപാൽ എം.എൽ.എയുടെ ഇടപെടലിലാണ് നടപടിയുണ്ടായിരിക്കുന്നത്.
കൊട്ടാരക്കര: പുലമൺ തോട് നവീകരണത്തിന് ബജറ്റിൽ 2.5 കോടി അനുവദിച്ചത് പ്രഹസനമെന്ന് നാട്ടുകാർ. പി. അയിഷാപോറ്റി എം.എൽ.എ ആയിരുന്ന കാലത്ത് തോടിന്റെ നവീകരണത്തിന് രണ്ടര കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്.
ഉദ്യോഗസ്ഥരെത്തി അളക്കലും മണ്ണ് നീക്കലും പ്രവർത്തനങ്ങൾ നടെന്നങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. പുലമൺ തോട് കൈയേറിയവരുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻപോലും സാധിക്കാതെയായത്.
ഇതോടെ അനുവദിച്ച തുക ലാപ്സായി പോകുകയായിരുന്നു. പുലമൺ തോട് വൃത്തിയാക്കുകയും കൈയേറ്റം ഒഴിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. അടുത്ത സമയത്തായി മന്ത്രി കെ.എൻ. ബാലഗോപാലുമായി പുലമൺ തോട് കൈയേറിയവരുമായി ചർച്ച നടത്തിയിരുന്നു.
ചർച്ചയിൽ സ്ഥലം ഒഴിയാനുള്ള തീരുമാനം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ വീണ്ടും പുലമൺ നവീകരണത്തിനായി 2.5 കോടിയാണ് സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നാൽ, വർഷങ്ങളായി പുലമൺ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ബജറ്റിൽ ഒതുങ്ങുന്നതിൽ നാട്ടുകാർ നിരാശയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.