മുന്നൊരുക്കമില്ലാതെ തുടങ്ങി; കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ സംയുക്ത സർവേ അവതാളത്തിൽ

പുനലൂർ: സമയബന്ധിതമായി പൂർത്തിയാക്കി നിരവധി കുടുംബങ്ങളുടെ ആശങ്ക അകറ്റേണ്ട റെയിൽവേ ലൈനിന് ഇരുവശത്തുമുള്ള സംയുക്ത സർവേ ഒരു മാസമായിട്ടും തുടങ്ങിയിടത്തുതന്നെ. മുന്നൊരുക്കമില്ലാതെ റവന്യൂവകുപ്പിന്‍റെ നേതൃത്വത്തിൽ ജൂൺ 27നാണ് സർവേ നടപടികൾ ആരംഭിച്ചത്.

കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈനിന് ഇരുവശത്തുമുള്ള റെയിൽവേ ഭൂമിയും വനഭൂമിയും വേർതിരിച്ച് തിട്ടപ്പെടുത്താനുള്ളതാണ് സർവേ. ഇതിൽ വ്യക്തത വരുത്തിയശേഷം അർഹരായവർക്ക് പട്ടയം നൽകുന്നതിന് മുന്നോടിയും റെയിൽവേയുടെ കുടിയൊഴിപ്പിക്കൽ തടയുന്നതിനും ഉദ്ദേശിച്ചാണ് റവന്യൂമന്ത്രി കെ. രാജന്‍റെ നിർദേശപ്രകാരം സംയുക്ത സർവേ തുടങ്ങിയത്. റെയിൽവേ, വനം, റവന്യൂ, വകുപ്പുകൾ സംയുക്തമായാണ് സർവേ നിശ്ചയിച്ചിരുന്നത്.

പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള ലൈൻ കടന്നുപോകുന്ന ഭാഗത്താണ് റെയിൽവേയുടെ ഭാഗത്തുനിന്ന് കൈവശക്കാർക്ക് നേരെ ഒഴിപ്പിക്കൽ നടപടി പലപ്പോഴും നേരിടുന്നത്. ഇതിൽ ഇടമൺ മുതൽ കോട്ടവാസൽ വരെ മിക്കഭാഗവും വനത്തിലൂടെയാണ് ലൈൻ കടന്നുപോകുന്നത്. രാജഭരണകാലത്ത് പാത സ്ഥാപിക്കാൻ റെയിൽവേക്ക് നൽകിയ അനുമതി ഉപയോഗിച്ച് ഈ ഭാഗത്ത് പരമാവധി സ്ഥലം റെയിൽവേ സ്വന്തമാക്കി അതിർത്തി നിശ്ചയിച്ചിരിക്കുകയാണ്. എന്നാൽ, റെയിൽവേയുടെ ആവശ്യം കഴിഞ്ഞുള്ള സ്ഥലത്ത് വർഷങ്ങളായി നൂറുകണക്കിന് കുടുംബങ്ങൾ കൈവശംവെച്ച് വീട് നിർമിച്ചും കൃഷി ചെയ്തും അനുഭവിച്ചുവരുന്നു. ഈ കുടുംബങ്ങളെയാണ് ഒഴിപ്പിക്കാൻ റെയിൽവേ നടപടി സ്വീകരിക്കുന്നത്.

ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് മന്ത്രി ഇടപെട്ട് സംയുക്ത സർവേ നടത്തി റെയിൽവേയുടെ നിശ്ചിത സ്ഥലം കണ്ടെത്താൻ നിർദേശിച്ചത്. പുനലൂർ താലൂക്കിൽ സർവേ വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് നടപടി തുടരാൻ തടസ്സമായത്. ഇവിടെ ഹെഡ് സർവേയർ ഉൾപ്പെടെ ഏഴ് ജീവനക്കാരാണുള്ളത്. ഇവരാകട്ടെ ലാൻഡ് റവന്യൂ പട്ടയം, റീസർവേ എന്നീ നടപടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാൽ സംയുക്ത സർവേക്ക് പങ്കെടുക്കാൻ കഴിയുന്നില്ല.

പകരം സംയുക്ത സർവേക്ക് ആറ് പേരടങ്ങുന്ന രണ്ട് പ്രത്യേക സംഘത്തെയും ആവശ്യമായ ടോട്ടൽ സ്റ്റേഷൻ സൗകര്യവും അനുവദിക്കണമെന്ന് മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്ന് അഞ്ചംഗ സംഘത്തെ നിയോഗിച്ചെങ്കിലും ഇവർ താലൂക്ക് സർവേ വിഭാഗത്തിൽ ചുമതലയേറ്റിട്ടില്ല. റവന്യൂവിെന്‍റയും ഫോറസ്റ്റിെന്‍റയും കൈവമുള്ള മുൻ രേഖകൾ സംഘടിപ്പിച്ച് വേണം സർവേ തുടരേണ്ടത്. നിലവിൽ റെയിൽവേയുടെ വശത്തുള്ള ഭൂമി സംബന്ധിച്ച് റെയിൽവേ ഹാജരാക്കുന്ന സ്കെച്ച് അടക്കം രേഖകളുടെ ആധികാരികത സംബന്ധിച്ചും തർക്കമുണ്ട്. പുതുതായി നിയമിച്ചവരെ ഉപയോഗിച്ച് രണ്ട് ഭാഗത്തുനിന്നായി സർവേ തുടങ്ങി പരമാവധി വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്.

Tags:    
News Summary - Kollam-Chenkota railway line joint survey still pending

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.