പുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ സമ്പൂർണ വൈദ്യുതീകരണം ലക്ഷ്യമാക്കി മാസങ്ങൾ മുമ്പ് പുനലൂരിൽ നിർമിച്ച സബ് സ്റ്റേഷന് വൈദ്യുതിയെത്തിക്കൽ നീളുന്നു. റെയിൽവേ സ്റ്റേഷൻ യാർഡിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ കിഴക്ക് ഭാഗത്ത് സബ് സ്റ്റേഷൻ നിർമാണം പൂർത്തിയാക്കി കമീഷൻ ചെയ്തിട്ട് മാസങ്ങളായി.
ഇവിടേക്ക് കെ.എസ്.ഇ.ബി പുനലൂർ സബ്സ്റ്റേഷനിൽനിന്ന് വൈദ്യുതി എത്തിക്കാൻ ആവശ്യമായ 28.75 കോടി രൂപ ആഗസ്റ്റിൽതന്നെ റെയിൽവേ കെ.എസ്.ഇ.ബിക്ക് കൈമാറിയിരുന്നു. എന്നാൽ, സാങ്കേതിക വിഭാഗം ഇതുവരെ തുടർനടപടി ആരംഭിച്ചിട്ടില്ല.
കൊല്ലം-ചെങ്കോട്ട പാത സമ്പൂർണമായി വൈദ്യുതീകരിച്ച് ട്രെയിൻ ഓടിക്കണമെങ്കിൽ ഈ സബ്സ്റ്റേഷനിൽ വൈദ്യുതി എത്തണം. മുമ്പ് സബ്സ്റ്റേഷൻ കമീഷൻ ചെയ്തതും നിലവിൽ കൊല്ലം-പുനലൂർ പാതയിൽ വൈദ്യുതി ട്രെയിൻ ഓടിക്കുന്നതും കൊല്ലം പെരിനാട് സബ്സ്റ്റേഷനിൽനിന്ന് വൈദ്യുതി ലഭ്യമാക്കിയാണ്.
പുനലൂർ കെ.എസ്.ഇ.ബി സബ് സ്റ്റേഷനിൽനിന്ന് മലയോര ഹൈവേയും ദേശീയപാതയും നഗരസഭയിലെ റോഡുകളും കടന്ന് ഭൂഗർഭ കേബിൾ വഴി ഇവിടെ വൈദ്യുതി എത്തിക്കുന്നതാണ് പദ്ധതി. കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് നേരത്തേ നടപടി വൈകിയപ്പോൾ പി.എസ്. സുപാൽ എം.എൽ.എ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. വൈകാതെ വൈദ്യുതി എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പും നൽകി.
കെ.എസ്.ഇ.ബിയിൽനിന്ന് 110 കെ.വി വൈദ്യുതി എത്തിച്ച് ഇവിടെ 25 കെ.വി സപ്ലൈ ആക്കിയാണ് ട്രെയിൻ ഗതാഗതത്തിന് വൈദ്യുതി നൽകുന്നത്. പുനലൂർ റെയിൽവേ സബ്സ്റ്റേഷനിൽ വൈദ്യുതി ലഭിച്ചാൽ തെന്മലമുതൽ കിളികൊല്ലൂർവരെയുള്ള ഭാഗത്താണ് വൈദ്യുതി നൽകേണ്ടത്. മൂന്നു മാസത്തിനുള്ളിൽ ഈ പാതയിലെ വൈദ്യുതീകരണം പൂർത്തിയാക്കി പാത കമീഷൻ ചെയ്യുമെന്ന് റെയിൽവേ പറയുമ്പോഴും പുനലൂർ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കാത്തത് വിമർശനം ഉയർത്തുകയാണ്.
നേരത്തേ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിന്റെ സാധ്യത പഠനം പൂർത്തിയാക്കിയിരുന്നു. അഞ്ച് മാസം മുമ്പ് കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ്, മൈനർ ഇറിഗേഷൻ, ദേശീയപാത വിഭാഗം, കേരള റോഡ് ഫണ്ട് ബോർഡ് എന്നിവയുടെ അധികൃതർ കേബിൾ കൊണ്ടുവരേണ്ട ഭാഗങ്ങൾ സന്ദർശിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.