പുനലൂർ: തെന്മല പരപ്പാർ ഡാമിൽ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്ന കുട്ടവഞ്ചിസവാരി നിലച്ചു. കുട്ടവഞ്ചി തുഴയുന്ന തൊഴിലാളികൾ വേതനമില്ലാതെ അധിക ജോലി ചെയ്യണമെന്ന ശെന്തുരുണി ഇക്കോ ടൂറിസം അധികൃതരുടെ തീരുമാനത്തെ തുടർന്നാണിത്. തീരുമാനം അംഗീകരിക്കാൻ തൊഴിലാളികൾ വിസമ്മതിച്ചതോടെ കുട്ടവഞ്ചിസവാരി അധികൃതർ നിർത്തിവെച്ചു.
പകൽ കുട്ടവഞ്ചി തുഴഞ്ഞതിനുശേഷം ഇവർ രാത്രി ശെന്തുരുണി ഇക്കോടൂറിസം ഇൻഫർമേഷൻ സെന്ററിൽ കാവൽജോലി ചെയ്യണമെന്നതാണ് അധികൃതരുടെ നിർദേശം. ഇതിന് അധികവേതനമില്ല. കുട്ടവഞ്ചി സവാരി നിലച്ചതോടെ വൻതുക ഇക്കോടൂറിസത്തിന് വരുമാനനഷ്ടവുമുണ്ട്. ഡാമിലെ എർത്ത് ഡാം കേന്ദ്രീകരിച്ച് വനംവകുപ്പ് നിയന്ത്രണത്തിലുള്ള ശെന്തുരുണി ഇക്കോ ടൂറിസത്തിന് അഞ്ച് കുട്ടവഞ്ചിയാണുള്ളത്.
ഒരു കുട്ടയിൽ നാല് യാത്രക്കാരെ കയറ്റി ഡാമിൽ 20 മിനിറ്റ് സവാരി ചെയ്യും. ഒരാൾക്ക് 100 രൂപയാണ് ഫീസ്. രാവിലെ ഒമ്പതിന് തുടങ്ങുന്ന കുട്ടവഞ്ചി സവാരി വൈകീട്ട് അഞ്ചിന് സമാപിക്കും. ഇതിനുശേഷം രാത്രിയിലും വേതനമില്ലാതെ ജോലി ചെയ്യാൻ ബുദ്ധിമുട്ടാണെന്നാണ് തൊഴിലാളികൾ പറയുന്നത്. എന്നാൽ കുട്ടവഞ്ചി സവാരിക്ക് ആളുകൾ കുറഞ്ഞതോടെ തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടാതിരിക്കാനാണ് ഓരോരുത്തരെയും കാവൽ ജോലിക്ക് നിർദേശിച്ചതെന്നാണ് ശെന്തുരുണി ഇക്കോടൂറിസം അധികൃതർ പറയുന്നത്. കഴിഞ്ഞ 11 ദിവസമായി കുട്ടവഞ്ചി സവാരി മുടങ്ങിയതോടെ ഇവിടെത്തുന്ന വിനോദസഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.