പുനലൂർ: ആര്യങ്കാവ്, അച്ചൻകോവിൽ മേഖലയിൽ വീണ്ടുമുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും കനത്തനാശം. ആളപായമില്ല. ആര്യങ്കാവിലെ എസ്റ്റേറ്റ് മേഖലയും അച്ചൻകോവിൽ ഗ്രാമവും ഒറ്റപ്പെട്ടു. സുരക്ഷ കണക്കിലെടുത്ത് ചെന്നൈ-കൊല്ലം എക്സ്പ്രസ് ട്രെയിൻ വ്യാഴാഴ്ച രാവിലെ രണ്ട് മണിക്കൂറോളം ആര്യങ്കാവിൽ പിടിച്ചിട്ടു. വെള്ളം കയറി നിരവധി വീടുകളുെടയും ലയങ്ങളുടെയും ഭിത്തി തകർന്ന് ഭാഗിക നാശമുണ്ടായി. പ്രധാന എസ്റ്റേറ്റുകളിലേക്കും തൊഴിലാളികളുടെ ലയങ്ങളിലേക്കുമുള്ള റോഡും പാലങ്ങളും തകർന്നു.
കൃഷിനാശവും വ്യാപകമാണ്. ഫ്ലോറൻസ്, മെത്താപ്പ്, ചേനഗിരി, സ്വർണഗിരി, അച്ചൻകോവിൽ കോടമല തുടങ്ങിയ ഭാഗങ്ങളിലാണ് വനത്തിനുള്ളിലും തോട്ടങ്ങളോട് ചേർന്നും ഉരുൾപൊട്ടിയത്. ആര്യങ്കാവിലും അച്ചൻകോവിലിലും നാലിടത്തായി ഉരുൾപൊട്ടിയെന്നാണ് പ്രാഥമിക നിഗമനം. മറ്റിടങ്ങളിൽ മലവെള്ളപ്പാച്ചിലിലാണ് നാശം നേരിട്ടത്. ഫ്ലോറൻസിൽ വാർഡംഗം ബിജു എബ്രഹാമിെൻറ വീടിന് പരിസരത്ത് ഉരുൾ പൊട്ടി പരിസരത്തെ പറമ്പുകളിലെ മിക്ക കൃഷിയും നശിച്ചു. റോഡ് മുഴുവൻ തകർന്ന് ഈ പ്രദേശം ഒറ്റപ്പെട്ടു. ചേനഗിരി ആറേക്കറിൽ ഉരുൾ പൊട്ടി വലിയ നഷ്ടങ്ങൾ ഉണ്ടായി. ഈ പ്രദേശവും ഒറ്റപ്പെട്ടു. ഈ ഭാഗത്തുള്ള പാലങ്ങളും ചപ്പാത്തുകളും തകർന്ന് വെള്ളം പല വഴിക്കാണ് ഒഴുകുന്നത്.
അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ഗതാഗതം നിലച്ചു. ആറുമാസം മുമ്പ് നവീകരിച്ച റോഡ് പലയിടത്തും ഒലിച്ചുപോയി. ശേഷിക്കുന്നത് മണ്ണും കല്ലും അടിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി. തെന്മലയിൽ നിന്ന് അച്ചൻകോവിലിലേക്കുള്ള 11 കെ.വി ലൈനിൽ മരം കടപുഴകി പ്രിയ എസ്റ്റേറ്റിലുള്ള ട്രാൻസ്ഫോർമറും പോസ്റ്റുകളും ലൈനുകളും പൂർണമായി തകർന്നു. ഇതുകാരണം അച്ചൻകോവിൽ ഗ്രാമത്തിൽ വൈദ്യുതി നിലച്ചു. കഴുതുരുട്ടി ആറ്റിൽ വെള്ളം ഉയർന്ന് തീരത്തുള്ള വീടുകൾ, സ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ വെള്ളം കയറി. ആര്യങ്കാവിൽ ആറ്റിൽ വെള്ളം ഉയർന്ന് ആർ.ഒ ജങ്ഷനിലെ ഹൈസ്കൂൾ, നീതി സ്റ്റോർ പരിസരത്തെ നാല് വീടുകൾ എന്നിവിടങ്ങളിൽ വെള്ളം കയറി. നീതി സ്റ്റോറിൽ മിക്ക സാധനങ്ങളും നശിച്ചു. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കഴുതുരിട്ടിയിൽ സിവിൽ സപ്ലൈസിെൻറ സൂപ്പർമാർക്കറ്റിലും പരിസരത്തെ വീടുകളിലും കടകളിലും വെള്ളം കയറി. സൂപ്പർ മാർക്കറ്റിലെ മിക്ക സാധനങ്ങളും നശിച്ചു. മുറിയൻപാഞ്ചാലിലേക്കുള്ള ചപ്പാത്തും അമ്പനാട് റോഡും പലഭാഗത്തും തകർന്നു. ദേശീയപാതയിൽ ഇടപ്പാളയം ഭാഗത്ത് റെയിൽവേ ലൈനിനോട് ചേർന്നുള്ള കലുങ്ക് വഴി മണ്ണും കല്ലും ഒലിച്ചിറങ്ങി ഭാഗികമായി റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഇടപ്പാളയം ലക്ഷംവീട്, കരിമ്പിൻതോട്ടം ഭാഗങ്ങളിലും പലവീടുകളിലും വെള്ളം കയറി. പൂത്തോട്ടത്ത് കാൻറീനിലും ഈ ഭാഗങ്ങളിലുള്ള നിരവധി ലയങ്ങളിലും വെള്ളം കയറി നഷ്ടമുണ്ടായി. അമ്പനാട് എസ്റ്റേറ്റിൽ നൂറുകണക്കിന് ഗ്രാമ്പ് അടക്കം കൃഷികളും നശിച്ചു.
പ്രകൃതി ദുരന്തം ഒഴിയാതെ ആര്യങ്കാവ് പഞ്ചായത്ത്
പുനലൂർ: ഒഴിയാതെ തുടരുന്ന പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് മലയോര പഞ്ചായത്തായ ആര്യങ്കാവ്. ഒരു മാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഇവിടുള്ളവർ ദുരിതപ്പെടേണ്ടി വന്നത്. അവസാനമായി ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും എസ്റ്റേറ്റ് മേഖലയിലടക്കം വലിയ നഷ്ടത്തിന് ഇടയാക്കി.
കഴിഞ്ഞമാസം ആദ്യത്തിലുണ്ടായ കനത്ത മഴ നാശം വിതച്ചിരുന്നു. 17ന് ഉണ്ടായ പേമാരിയിലും മലവെള്ളപ്പാച്ചിലിലും കഴുതുരുട്ടിയിലെ സിവിൽ സപ്ലൈസിെൻറ സൂപ്പർമാർക്കറ്റിലടക്കം വെള്ളം കയറി വലിയ നഷ്ടം നേരിട്ടു. ഇന്നലെയും ഇവിടെ വെള്ളം കയറി സാധനങ്ങൾ നശിച്ചു.
17ന് ഇടപ്പാളയം മേഖലയിലാണ് കൂടുതൽ നാശം ഉണ്ടായത്. 28ന് ഉണ്ടായ ഉരുൾപൊട്ടലിൽ ഇവിടുള്ള ആശ്രയ കോളനിയലടക്കം ആറു വീടുകൾ തകർന്നു. കൂടാതെ റോഡും കലുങ്കുകളും മിക്കതും നശിച്ചു. ഈ മാസം മൂന്നിന് വൈകീട്ട് രാജകൂപ്പ് ഭാഗത്ത് ഉരുൾപൊട്ടി റോസ്മലയിൽ പോയി വന്ന വിനോദ സഞ്ചാരികളടക്കം ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.
അമ്പതേക്കർ പാലം മുങ്ങി
കുളത്തൂപ്പുഴ: കിഴക്കൻ മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ അമ്പതേക്കർ പാലം വെള്ളത്തിൽ മുങ്ങി. ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് ഇവിടെ പാലം മുങ്ങുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ കുളത്തൂപ്പുഴ വനമേഖലയിൽ മഴ പെയ്യുന്നുണ്ടായിരുന്നു.
പുലർച്ച രണ്ടു മണിയോടെയാണ് കുഞ്ഞുമാൻ തോട് കരകവിഞ്ഞൊഴുകുന്ന വിവരം പ്രദേശവാസികൾ അറിയുന്നത്. തോടിനു സമീപത്തായി താമസിക്കുന്ന ബാബു, രവീന്ദ്രൻ എന്നിവരുടെ വീടുകൾക്കുള്ളിലേക്ക് വെള്ളമെത്തുന്നത് കണ്ട് സമീപത്തെ വീട്ടിലേക്ക് സാധനങ്ങൾ മാറ്റുകയായിരുന്നു. അതേസമയം സമീപത്ത് സരസമ്മ , രാജമ്മ, തങ്കമ്മ എന്നീ വൃദ്ധ സഹോദരങ്ങൾ താമസിക്കുന്ന വീട്ടിനുള്ളിൽ വെള്ളം ഇരച്ചു കയറിയപ്പോഴാണ് ഇവർ വിവരമറിഞ്ഞത്. മിനിറ്റുകൾക്കുള്ളിൽ ജലനിരപ്പ് ഉയർന്നതിനാൽ വസ്ത്രങ്ങളും രേഖകളും വീട്ടുസാധനങ്ങളെല്ലാം വെള്ളവും ചളിയും കയറി നശിച്ചു. ഇവരെ ഗ്രാമപഞ്ചായത്തംഗത്തിെൻറ നേതൃത്വത്തിൽ സമീപ വീടുകളിലേക്ക് മാറ്റി. അമ്പതേക്കർ, വില്ലുമല തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പാലം വെള്ളത്തിൽ മുങ്ങിയതറിഞ്ഞ് കുളത്തൂപ്പുഴ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. വെള്ളമിറങ്ങിയശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.
അച്ചൻകോവിൽ ഒറ്റപ്പെട്ടു
പുനലൂർ: ഉരുൾപൊട്ടലിലും പേമാരിയിലും വനമധ്യേയുള്ള അച്ചൻകോവിൽ ഗ്രാമവും ആദിവാസി കോളനികളും ഒറ്റപ്പെട്ടു. അച്ചൻകോവിൽ കോടമല വനത്തിലാണ് ഉരുൾ പൊട്ടിയത്. വെള്ളവും ചളിയും അലിമുക്ക്-അച്ചൻകോവിൽ റോഡിലേക്കാണ് ഒഴുകിയെത്തിയത്. ഇവിടുള്ള കലുങ്കും റോഡും തകർന്നതിനാൽ വാഹനഗതാഗതം മുടങ്ങി. അലിമുക്ക് അച്ചൻകോവിൽ ഗതാഗതം പൂർണമായി നിലച്ചു. വനത്തിലൂടെയുളള ഈ റോഡിലെ പല കലുങ്കുകളും തകർന്നു.
അച്ചൻകോവിൽ ആറ്റിൽ വെള്ളം ഉയർന്നതിനാൽ ആറ്റിന് വടക്കേക്കര, പള്ളിവാസൽ, ആവണിപ്പാറ എന്നിവിടങ്ങളിലെ ആദിവാസികോളനികളിലെ പല കുടുംബങ്ങളും ഒറ്റപ്പെട്ടു. കഴിഞ്ഞ രാത്രി അച്ചൻകോവിൽ അതിർത്തി മലകളിലും ശക്തമായ മഴയായിരുന്നു. അച്ചൻകോവിൽ മൂന്നുമുക്ക് റോഡ്, കുഴിഭാഗം റോസ്, സംരക്ഷണ ഭിത്തികൾ കലുങ്കുകൾ തകർന്നു.
ഇവിെടയും നിരവധി വൈദ്യുതി പോസ്റ്റുകളും ലൈനുകളും നാശത്തിലായി. കുഴിഭാഗത്ത് പകൽവീടിന് വേണ്ടി കെട്ടിയ ഭിത്തി, കശുവണ്ടി ഫാക്ടറിയുടെ മതിൽ എന്നിവ തകർന്നു. ഗിരിജൻ കോളനി കല്യാണ മണ്ഡപത്തിൽ വെള്ളം കയറി. അച്ചൻകോവിലേക്കുള്ള വൈദ്യുതി ലൈൻ പ്രിയ എസ്റ്റേറ്റിൽ തകർന്നതിനാൽ വൈദ്യുതിയും മുടങ്ങി.
തടസ്സങ്ങൾ മാറ്റിത്തുടങ്ങി
പുനലൂർ: ആര്യങ്കാവിലെ അമ്പനാട്, പ്രിയ എസ്റ്റേറ്റ് തുടങ്ങിയ തോട്ടംമേഖലയിൽ ഉരുൾപൊട്ടലിലും പേമാരിയിലും നാശമുണ്ടായ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം തുടങ്ങി. വ്യാഴാഴ്ച രാവിലെ തന്നെ പ്രദേശവാസികളും എസ്റ്റേറ്റ് തൊഴിലാളികളും രക്ഷാപ്രവർത്തനം തുടങ്ങി. തുടർന്ന് പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, തഹസിൽദാർ കെ.എസ്. നസിയ എന്നിവരുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസ് അധികൃതരും പുനലൂർ ഫയർഫോഴ്സ്, തെന്മല പൊലീസ്, പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ എത്തിച്ചേർന്നു. അത്യാവശ്യത്തിന് വാഹനം പോകത്തക്ക റോഡിലെ തടസ്സങ്ങൾ നീക്കാൻ ആർ.ഡി.ഒ നിർദേശം നൽകി. എസ്റ്റേറ്റുകാരുടെ അടക്കം റോഡുകൾക്ക് വലിയനാശം ഉണ്ടായതായി ആർ.ഡി.ഒ പറഞ്ഞു. പുനലൂർ തഹസിൽദാർ കെ.എസ്. നസിയ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് സുജതോമസ്, തെന്മല എസ്.ഐ ഡി.ജെ. ഷാലു തുടങ്ങിയവരും ദുരന്തമേഖലയിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.