പുനലൂർ: ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലിലും നാശം നേരിട്ട കിഴക്കൻ മലയോരത്തെ പ്രദേശങ്ങൾ ജില്ല കലക്ടർ അഫ്സാന പർവീൺ സന്ദർശിച്ചു. തെന്മല പരപ്പാർ ഡാമിലെത്തിയ കലക്ടർ സ്ഥിതിഗതികൾ വിലയിരുത്തി. മലവെള്ളപ്പാച്ചിലിൽ നാശമുണ്ടായ തെന്മല എം.എസ്.എല്ലിലെ ദേശീയപാത, കഴുതുരിട്ടിയാറിെൻറ തീരം, ഉരുൾപൊട്ടി വീടുകൾ തകർന്ന ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം ആശ്രയകോളനി, നാലുസെൻറ് കോളനി, ആറുമുറിക്കട, തേവർകാട് കോളനി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. ഓടകളും തോടുകളും തകർന്നത് അടിയന്തരമായി പുനർനിർമിക്കാൻ ജലസേചന വകുപ്പ് മൈനർ-മേജർ വിഭാഗങ്ങൾക്ക് നിർദേശം നൽകി. ദേശീയപാതയോരത്ത് ഇടപ്പാളയത്തും മറ്റും അപകടനിലയിലുള്ള മരമുറിച്ചുനീക്കാനും ആവശ്യപ്പെട്ടു. ദേശീയപാത അധികൃതർ എത്താത്തതിനാൽ എം.എസ്.എല്ലിലെ തകർച്ചയടക്കം പരിഹരിക്കുന്നതിൽ തീരുമാനമുണ്ടായില്ല. ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും വീടുകളും സ്ഥാപനങ്ങളും തകർന്നതിലും പരിഹാര നിർദേശം നൽകിയില്ല.
കഴിഞ്ഞ 28ന് വൈകീട്ടാണ് ഈ മേഖലയിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായത്. ആറു വീടുകൾക്ക് നാശമുണ്ടായി. കൂടാതെ, തേവർകാട് കോളനിയിലെ അംഗൻവാടിയും അപകടാവസ്ഥയിലായി. ആശ്രയ കോളനിയിലടക്കം പഞ്ചായത്ത് നടപ്പാക്കുന്ന ഭവനപദ്ധതി ഉരുൾപൊട്ടൽ മേഖലയിലാെണന്ന് പുനലൂർ തഹസീൽദാർ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇവിടെ വീടുകൾ നിർമിച്ച് ആളുകൾ താമസിക്കുന്നത് ഭീഷണിയാെണന്ന റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് കലക്ടർ പ്രദേശത്തെത്തിയത്. പുനലൂർ തഹസീൽദാർ കെ.എസ്. നസിയ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് സുജതോമസ്, വാർഡ് അംഗം മാമ്പഴത്തറ സലീം തുടങ്ങിയവരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.