പുനലൂർ: പുനലൂർ പട്ടണത്തിൽ തോക്കുമായി ഭീതി പരത്തിയ യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പേപ്പർ മില്ലിന് സമീപം ഷാജി സദനത്തിൽ റിജോ മോനെയാണ് (20) പുനലൂർ എസ്.ഐ ശരലാലിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. 25ന് വൈകിട്ട് നാലോടെയാണ് സംഭവം.
യുവാവ് ബൈക്കിൽ കെ.എസ്.ആർ.ടി.സി ജങ്ഷനിൽ സൊസൈറ്റി റോഡിലുള്ള ഓട്ടോ സ്റ്റാൻഡിൽ എത്തി നൗഷാദ് എന്ന ഓട്ടോ ഡ്രൈവറെ അന്വേഷിക്കുകയും തോക്ക് ഉയർത്തി വധഭീഷണി മുഴക്കുകയും ചെയ്തു. ഓട്ടോഡ്രൈവർമാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും യുവാവ് ബൈക്കിൽ രക്ഷപ്പെട്ടു.
സമീപത്തെ കടകളിലെ സി.സി.ടി.വികളും മറ്റും പരിശോധിച്ച പൊലീസ് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സഹായത്തോടെ ഇയാൾക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചു. പുനലൂർ ഡി.വൈ.എസ്.പി . ബി.വിനോദിന്‍റെയും ഇൻസ്പെക്ടർ ബിനു വർഗീസിന്‍റെയും നിർദ്ദേശാനുസരണം അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച ഉച്ചയോടെ ഇയാളെ തിരിച്ചറിഞ്ഞു പിടികൂടി തോക്ക് കണ്ടെടുത്തു.
പരിശീലനത്തിനും മറ്റും ഉപയോഗിക്കുന്ന എയർഗൺ ആണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറോടുള്ള മുൻ വിരോധമാണ് ഭയപ്പെടുത്തി വധഭീഷണി മുഴക്കാൻ ഇയാളെ പ്രേരിപ്പിച്ചത്. പ്രതിയേയും എയർ ഗണ്ണും ഇയാൾ ഉപയോഗിച്ച ബൈക്കും കോടതിക്ക് കൈമാറി. എസ്.ഐ ശരലാലിനെ കൂടാതെ ഗ്രേഡ് എസ്.ഐ. രാധാകൃഷ്ണൻ, സി.പി.ഓമാരായ അജീഷ്, ഗിരീഷ്, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.