പുനലൂർ: സംസ്ഥാനത്തെ മാതൃക താലൂക്കാശുപത്രിയായ പുനലൂർ താലൂക്കാശുപത്രിയിൽ വാഹന പാർക്കിങ്ങിന് മൾട്ടി സ്റ്റേജ് പാർക്കിങ് സംവിധാനം വരുന്നു. ഇതിനായി പൊതുമരാമത്ത് മെക്കാനിക്കൽ വിഭാഗം നാലു കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി മരാമത്ത് ഉന്നത അധികൃതർക്ക് നൽകി. ഭരണാനുമതി അടക്കം ലഭ്യമായാൽ ഉടൻ നിർമാണം ആരംഭിക്കും.
പാർക്കിങ് സംവിധാനം ഒരുക്കുന്നതിന് മുന്നോടിയായി ആശുപത്രിക്ക് മുന്നിലുണ്ടായിരുന്ന പഴയ മൂന്നു നില കെട്ടിടം പൂർണമായി പൊളിച്ചുമാറ്റി തറ ഒരുക്കൽ നടക്കുകയാണ്. ഒരേസമയം 52 കാർ പാർക്ക് ചെയ്യാൻ പറ്റുന്ന തരത്തിൽ പസിൽ മാതൃകയിലാണ് ആധുനിക പാർക്കിങ് സംവിധാനം ഒരുക്കുന്നത്.
ആറ് ലെവലിലാണ് പസിൽ സംവിധാനം നിർമിക്കുന്നത്. ആശുപത്രിയുടെ പ്രധാന കവാടത്തിലെ തിരക്ക് ഒഴിവാക്കാൻ പഴയ പേ വാർഡിലേക്ക് കയറുന്ന വഴിയാണ് വാഹനങ്ങൾ കയറി ഇറങ്ങാൻ ഉപയോഗിക്കുന്നത്.
ആശുപത്രി അധികൃതർ 50 മുതൽ 60 വരെ കാർ പാർക്ക് ചെയ്യാനുള്ള സംവിധാനമാണ് നിർദേശിച്ചിരുന്നത്. എന്നാൽ സ്ഥലപരിമിതി കാരണം 52 കാറിനുള്ള സംവിധാനമേ ഒരുക്കാൻ കഴിയുകയുള്ളൂവെന്ന് എസ്റ്റിമേറ്റ് തയാറാക്കിയ ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് മെക്കാനിക്കൽ വിഭാഗം അസി. എന്‍ജിനീയർ പറഞ്ഞു.
ഇപ്പോൾ ലഭ്യമായ സ്ഥലം പരമാവധി ഉപയോഗപ്പെടുത്തിയാണ് പദ്ധതി ഒരുക്കുന്നത്. പഴയ കെട്ടിടം പൊളിച്ചുമാറ്റി പ്രധാന ഭാഗത്ത് ഒരു നിലയുടെ താഴ്ചയിൽ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്.
കെട്ടിടാവശിഷ്ടവും മണ്ണും നീക്കം ചെയ്യുന്നതും പൂർത്തിയായി വരുന്നു. പുതിയ സംവിധാനത്തിന്റെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഫയർ ആൻഡ് സേഫ്റ്റി, ബേസ്മെൻറ് എന്നിവയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിട്ടുള്ളത്. നിർമാണ ചുമതലയും പൊതുമരാമത്തിനായിരിക്കും. ബേസ്മെൻറ് പൊതുമരാമത്ത് കെട്ടിട വിഭാഗവും മറ്റ് ജോലികൾ മെക്കാനിക്കൽ വിഭാഗവും മേൽനോട്ടം വഹിക്കും.
തിരക്കേറിയ ആശുപത്രിക്ക് മുന്നിലും മോർച്ചറിയിലേക്കുള്ള വഴിയുടെ വശത്തും നിൽവിൽ പാർക്കിങ് സംവിധാനമുണ്ടെങ്കിലും പര്യാപ്തമല്ല. ഡോക്ടർമാരുടെ അടക്കം ആശുപത്രി ജീവനക്കാരുടെ വാഹനം പാർക്ക് ചെയ്യുന്നതോടെ സ്ഥലം തികയാതെ വരുന്നു.
ഇതുകാരണം രോഗികളുമായും അല്ലാതെയും വരുന്ന വാഹനങ്ങൾ പലപ്പോഴും കച്ചേരി റോഡിലും പരിസരങ്ങളിലും പാർക്ക് ചെയ്യുന്നത് തിരക്ക് വർധിപ്പിക്കുന്നു. പുതിയ നിർമാണം കൂടാതെ ആശുപത്രിയുടെ മുന്നിലുള്ള പാർക്കിങ് സംവിധാനം വിപുലീകരണവും നടക്കുന്നുണ്ട്.
ആശുപത്രി നിർമാണ ഫണ്ടായിരുന്ന കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചാണ് വിപുലീകരണം നടക്കുന്നത്. ഇത് ഉൾപ്പെടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആശുപത്രി വളപ്പിലെ വിവിധ നവീകരണ പ്രവർത്തനവും പൂർത്തിയായി വരുന്നതായി നിർമാണ ചുമതലയുള്ള ഇൻകെൽ എൻജിനീയർ ശിവജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.