പുനലൂർ: അധികൃതരുടെ അനാസ്ഥയിൽ ആര്യങ്കാവിലെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ അവഗണനയിൽ. ജില്ലയിലെ കിഴക്കൻ മലയോര-തോട്ടം മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് 17 വർഷം മുമ്പാണ് അന്തർസംസ്ഥാന ടെർമിനൽ എന്ന നിലയിൽ ആര്യങ്കാവിലെ കോർപറേഷൻ ഓപറേറ്റിങ് സെന്റർ ആരംഭിച്ചത്. ഇപ്പോഴത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കാലത്തായിരുന്നു അന്ന് പത്താപുരം മണ്ഡലത്തിലായിരുന്ന ആര്യങ്കാവിൽ ടെർമിനൽ തുടങ്ങിയത്. അന്തർസംസ്ഥാന ഗതാഗതം കൂടി മെച്ചമാക്കാൻ ഉദ്ദേശിച്ചായിരുന്നു ഇത്. ഇതിനാവശ്യമായ സ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആര്യങ്കാവ് പഞ്ചായത്ത് അന്ന് ചെയ്തുനൽകിയിരുന്നു.
തുടക്കത്തിൽ 11 ഓർഡിനറിയും ആറ് ഫാസ്റ്റ് സർവിസുകളും ഉണ്ടായിരുന്നു. ഓർഡിനറികൾ കൂടുതലും മലയോര തോട്ടം മേഖലയിലേക്കുള്ളതായിരുന്നു. മെച്ചമായ വരുമാനവും ലഭിച്ചിരുന്നു. എന്നാൽ ഓരോ സമയത്തും നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഫലമായി ഓർഡിനറി ഒമ്പതായും ഫാസ്റ്റ് രണ്ടായും ചുരുങ്ങിയതോടെ വരുമാനും ഗണ്യമായി കുറഞ്ഞു.
നല്ല വരുമാനമുണ്ടായിരുന്ന ഫാസ്റ്റുകളും ഓർഡിനറികളുമാണ് നിർത്തലാക്കിയത്. നിലവിൽ മലയോര തോട്ടം മേഖലയിലേക്കുള്ള ഓർഡിനറികളും എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കുമുള്ള ഫാസ്റ്റുമേയുള്ളൂ. വരുമാനം താഴ്ന്നതോടെ മറ്റ് അവഗണനയും ഡിപ്പോ നേരിടുന്നു. നേരേത്ത ഉണ്ടായിരുന്ന വർക്ഷോപ് നിർത്തലാക്കി വാൻ ഉൾെപ്പടെ കൊട്ടാരക്കര ഡിപ്പോയിലേക്ക് മാറ്റി.
മറ്റ് ഡിപ്പോകളിലെ ബസുകൾ ഈ മേഖലയിലോ തമിഴ്നാട്ടിലോ തകരാറിലായാൽ നന്നാക്കാൻ പുനലൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്ന് വർക്ഷോപ് ജീവനക്കാർ എത്തണം. വിദ്യാർഥികളടക്കമുള്ളവർക്ക് ഏറെ അനുഗ്രഹമായി രാവിലെ ഏഴ് മണിക്ക് പുനലൂരിലേക്കുണ്ടായിരുന്ന ബസ് എൻജിൻ തകരാർ കാരണം നിർത്തിയിട്ട് രണ്ടുമാസമായി. ഇതുകാരണം ഈ മേഖലയിലുള്ള വിദ്യാർഥികൾ രാവിലെ പുനലൂരിലും പരിസരത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താൻ വളരെ പ്രയാസപ്പെടുന്നു. ഈ സമയത്ത് ട്രെയിൻ ഇല്ലാത്തതും തിരിച്ചടിയായി.
വരുമാനം ലഭിച്ചിരുന്ന പുനലൂർ-അലിമുക്ക്-അച്ചൻകോവിൽ സ്റ്റേ ബസും നിർത്തലാക്കിയതിൽ പ്രധാന സർവിസാണ്. ഡിപ്പോയിൽ അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാൽ അമ്പതോളം വരുന്ന ജീവനക്കാരും ദുരിതത്തിലാണ്. നിർത്തലാക്കിയ ഫാസ്റ്റ് ഉൾെപ്പടെ പുനരാരംഭിച്ച് പ്രവർത്തനം ഊർജിതമാക്കിയാലേ ഡിപ്പോയുടെ നിലനിൽപ് സാധ്യമാകൂ. ഗതാഗത മന്ത്രി ഇടപെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.