പുനലൂർ: ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസമായിട്ടും ഒരുമത്സരം പോലും നടത്താതെ നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയം നശിക്കുന്നു.ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ ഏറ്റവും വലതും മെച്ചപ്പെട്ടതുമായ ഇൻഡോർ സ്റ്റേഡിയമാണിത്. സംസ്ഥാന കായികവകുപ്പിന്റെ മേൽനോട്ടത്തിലാണ് സ്റ്റേഡിയം പൂർത്തിയാക്കിയത്. കഴിഞ്ഞ ജൂൺ 14ന് കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയതല്ലാതെ ഒരു മത്സരംപോലും ഇന്നുവരെ സംഘടിപ്പിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
സംരക്ഷണചുമതല സംബന്ധിച്ച് തീരുമാനം ഉണ്ടാകാത്തതിനാൽ സ്റ്റേഡിയം അനാഥമായ നിലയിലാണ്. പല ഭാഗങ്ങളും നശിച്ചുതുടങ്ങി. ഉദ്ഘാടനശേഷം ചുറ്റുവട്ടം കാടുകയറിയത് നവകേരള സദസ്സിന് മുന്നോടിയായാണ് വൃത്തിയാക്കിയത്. ഇതിനോട് ചേർന്ന സ്റ്റേഡിയത്തിൽ സദസ്സ് സംഘടിപ്പിച്ചതിനാലാണ് കാട് നീക്കിയത്. നഗരസഭയുടെ സ്ഥലത്ത് 5.63 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നാലുവർഷമെടുത്താണ് സ്റ്റേഡിയം നിര്‍മിച്ചത്. ദേശീയനിലവാരത്തിലുള്ള ട്രാക്കുകളും കോര്‍ട്ടുകളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇറക്കുമതി ചെയ്ത മേപ്പിള്‍ തടി ഉപയോഗിച്ചാണ് ഫ്ലോര്‍ ഒരുക്കിയിരിക്കുന്നത്.
രണ്ട് ബാഡ്മിന്റൻ കോര്‍ട്ട്, വോളിബാള്‍, കോര്‍ട്ട്, ബാസ്കറ്റ് ബാള്‍ കോര്‍ട്ട് എന്നിവ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ മറ്റ് അനുബന്ധ സൗകര്യങ്ങളുമുണ്ട്. ഇത്രയൊക്കെ ഉണ്ടെങ്കിലും ഇരിപ്പിടം സജ്ജീകരിക്കാത്തത് സ്റ്റേഡിയത്തിന്റെ പ്രധാന അപാകതയായി ശേഷിക്കുന്നു. സംസ്ഥാനതല, ഇൻറർ യൂനിവേഴ്സിറ്റിതല മത്സരങ്ങൾ നടത്താനുള്ള സൗകര്യമുണ്ട്. ഇത്രയുംകാലമായിട്ടും ഒരു മത്സരം പോലും നടത്താൻ സ്പോർട്സ് കൗൺസിലിന് കഴിയാതിരുന്നത് ഇൻഡോർ സ്റ്റേഡിയത്തിന്റെ ആവശ്യകതയെ ചോദ്യംചെയ്യുന്നതും കിഴക്കൻമേഖലയിലെ കായികപ്രേമികളെ നിരാശപ്പെടുത്തുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.