പുനലൂർ: സംസ്ഥാന അതിർത്തിയായ ആര്യങ്കാവിലെ കോവിഡ് ഫെസിലിറ്റേഷൻ ക്യാമ്പിലെ ജീവനക്കാർ വാഹനസൗകര്യവും ഭക്ഷണവും ലഭിക്കാതെ ദുരിതത്തിൽ. ഇതരസംസ്ഥാനത്തുനിന്ന് കേരളത്തിലേക്കെത്തുന്ന ആളുകളെ കോവിഡ് അടക്കം പരിശോധനക്കുശേഷം കയറ്റിവിടാൻ നിയോഗിച്ച ജീവനക്കാരാണ് തിങ്കളാഴ്ചമുതൽ ബുദ്ധിമുട്ടിലായത്. വിവിധ വകുപ്പുകളിലായി 150 ഓളം ജീവനക്കാർ കഴിഞ്ഞ ഏപ്രിൽമുതൽ ഇവിടെ സേവനം ചെയ്യുന്നു.
ആര്യങ്കാവ് ഗവ.എൽ.പി.എസ്, സെൻറ് മേരീസ് എച്ച്.എസ് എന്നിവിടങ്ങളിലായാണ് ക്യാമ്പ് പ്രവർത്തിച്ചിരുന്നത്. പൊലീസ്, ഫയർഫോഴ്സ്, മോട്ടോർ വെഹിക്കിൾ എന്നീ വകുപ്പുകളുടെ ജീവനക്കാർ ദേശീയപാതയിലടക്കം പ്രവർത്തിക്കുന്നു. തിങ്കളാഴ്ചമുതൽ ജീവനക്കാരുടെ എണ്ണം പകുതിയാക്കി, രണ്ടു ക്യാമ്പുകൾ ഒന്നാക്കി. ഹൈസ്കൂളിലുണ്ടായിരുന്ന പരിശോധനയും മറ്റും എൽ.പി.സിലേക്ക് മാറ്റി. മൂന്ന് ഷിഫ്റ്റ് പ്രവർത്തിച്ചിരുന്നത് രണ്ടാക്കി രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാക്കി. ദൂരസ്ഥലങ്ങളിലുള്ള ജീവനക്കാർ ക്യാമ്പിലെത്തി തിരികെപ്പോകാൻ കെ.എസ്.ആർ.ടി.സി സ്പെഷൽ സർവിസ് ഉണ്ടായിരുന്നു. കൊട്ടാരക്കര, പുനലൂർ ഡിപ്പോകളിൽനിന്ന് പലസമയത്തായി ഉണ്ടായിരുന്ന ഈ സർവിസുകളും നിർത്തലാക്കി. ഇനിമുതൽ സ്വന്തംനിലയിൽ ജീവനക്കാർ ക്യാമ്പിലെത്താൻ വാഹനം കണ്ടെത്തണം. സ്വന്തമായി വാഹനമില്ലാത്തവരെയും ദൂരെനിന്ന് വന്നുപോകുന്ന വനിതകളടക്കം ജീവനക്കാരെയും ഇത് ബുദ്ധിമുട്ടിലാക്കി.
കഴിഞ്ഞദിവസം വരെയും ക്യാമ്പിലുള്ളവർക്ക് കൃത്യമായി ഭക്ഷണം അധികൃതരുടെ ഉത്തരവാദിത്തത്തിൽ തയാറാക്കി എത്തിച്ചിരുന്നതും നിലച്ചു. ആര്യങ്കാവിലാകട്ടെ ഭക്ഷണം കഴിക്കുന്നതിന് മതിയായ സൗകര്യങ്ങൾ ഇല്ലതാനും. ഇപ്പോൾ ദിവസവും അഞ്ഞൂറോളം ആളുകൾ ഇവിടേക്ക് വരുന്നുണ്ട്. ഇതിനാവശ്യമായ ജീവനക്കാരില്ലെന്ന് മറ്റുള്ളവർ പറയുന്നു.
കടത്തിവിടുന്ന സമയം കുറച്ചതിനാൽ തമിഴ്നാട്ടിൽനിന്നടക്കം ആളുകൾ പുലർച്ചതന്നെ പാസുമായി ക്യാമ്പിന് സമീപത്ത് എത്തിച്ചേരുന്നുണ്ട്. മണിക്കൂറുകളോളം ഇവിടെ കാത്തുനിൽക്കേണ്ട ആളുകൾക്ക് പ്രാഥമിക സൗകര്യമടക്കം ഇല്ലാത്തത് ബുദ്ധിമുട്ടിക്കുന്നതിനൊപ്പം നാട്ടുകാരിൽ ആരോഗ്യഭീഷണിയും ഉയർത്തുന്നു. കോവിഡ് രോഗികൾ എത്തിയാൽ ഇവരെ കൊണ്ടുപോകാനുള്ള ആംബുലൻസ് സൗകര്യവും ഇല്ലാതായി. ഇവിടെയുണ്ടായിരുന്ന 108 ആംബുലൻസ് തെന്മലയിലേക്ക് മാറ്റി.
അതേസമയം ക്യാമ്പിെൻറ പ്രവർത്തനം വിലയിരുത്താൻ പുനലൂർ ഡിവൈ.എസ്.പി അനിൽദാസ് തിങ്കളാഴ്ച ആര്യങ്കാവിലെത്തി. ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. പോരായ്മകൾ ഉന്നത അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.