പുനലൂർ: കുത്തിവെപ്പിനെ തുടർന്ന് പുനലൂർ താലൂക്കാശുപത്രിയിൽ രോഗികളിൽ വിറയലും അസ്വസ്ഥതയും അനുഭപ്പെട്ട സംഭവം വെള്ളിയാഴ്ച രാത്രിയിൽ നാടിനെ മുഴുവൻ പരിഭ്രാന്തിയിലാക്കി. സംസ്ഥാനത്തെ മികച്ച താലൂക്കാശുപത്രിയിലുണ്ടായ ഈ സംഭവം അതിഗൗരവതരമാണ്.
സംഭവത്തോടെ രോഗികളുടെ ബന്ധുക്കളും പൊതുപ്രവർത്തകരടക്കമുള്ളവർ ആശുപത്രിയിലെത്തി പ്രതിഷേധം ഉയർത്തിയത് അധികൃതെരയും ആശങ്കയിലാക്കി.
അടിയന്തര സാഹചര്യത്തെ സംയമനത്തോടെ തരണം ചെയ്യാൻ അധികൃതർക്ക് കഴിയാതായതും ജീവനക്കാരുടെ മോശം ഇടപെടലും രംഗം കൂടുതൽ വഷളാക്കി. ഇതുമൂലം ആശുപത്രിയിലുള്ള മുഴുവൻ രോഗികളും ബന്ധുക്കളും മണിക്കൂറോളം ആശങ്കാവലയത്തിൽ ഉറക്കംപോലും നഷ്ടപ്പെട്ട സ്ഥിതിയിലായി. വെള്ളിയാഴ്ച ഉച്ചയോടെ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ കുട്ടികൾ നിർത്താതെയുള്ള കരച്ചിലടക്കം അസ്വസ്ഥത കാട്ടിയിരുന്നു.
കുട്ടികളുടെ രക്ഷിതാക്കൾ വിവരം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും പനിയുടെ അസ്വസ്ഥതയാണെന്ന് പറഞ്ഞുതള്ളി. രാത്രിയിൽ മുതിർന്ന ആളുകളിലും വിറയലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെയാണ് സംഭവം ഗൗരവമായി അധികൃതർ എടുത്തത്.
ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി. ആശുപത്രി അധികൃതരുടെ പിന്നീടുള്ള നടപടികൾ പ്രശ്നം സങ്കീർണമാക്കി.
ആശുപത്രിയിലെ ഉച്ചഭാഷിണിയിലൂടെ ചില ജീവനക്കാർ കൂട്ടത്തോടെ ആംബുലൻസ് വിളിച്ചതും സ്ട്രച്ചറുകളും മറ്റ് ജീവൻരക്ഷാ ഉപകരണങ്ങളും ഉടനടി സജ്ജമാക്കണമെന്ന് അനൗൺസ് ചെയ്തതതും മുഴുവൻ രോഗികളെയും കൂട്ടിരിപ്പുകാരെയും പരിഭ്രാന്തിയിലാക്കി.
ഇതിനെ തുടർന്ന് നിരവധി ആംബുലൻസുകൾ ആശുപത്രിമുറ്റത്ത് പാഞ്ഞെത്തി. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അത്യാസന്ന രോഗികളെ അയച്ചപ്പോൾ കൂടെ ജീവനക്കാരെ വിട്ടില്ല.
മൂന്ന് ആംബുലൻസുകളിലായി പോയ രോഗികളുടെ റഫറൻസ് ലെറ്ററുകൾ ഒരു ആംബുലൻസിൽ മാത്രം ഏൽപ്പിച്ചാണ് വിട്ടത്. തിരുവനന്തപുരത്തേക്ക് പോയ ആംബുലൻസ് കരവാളൂരിൽ എത്തിയപ്പോൾ മടക്കിവിളിച്ച് ചില പേപ്പറുകൾ കൂടി ഏൽപ്പിച്ചുവിട്ടതും ഉൾപ്പെടെ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് വലിയ വീഴ്ചയാണുണ്ടായത്.
ആശങ്കയേറ്റിയ മണിക്കൂറുകൾക്കൊടുവിൽ ശനിയാഴ്ച എല്ലാവരും സാധാരണ നിലയിലായതോടെയാണ് മറ്റ് രോഗികൾക്കും നാട്ടുകാർക്കുമെല്ലാം ആശ്വാസമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.