പുനലൂർ: മലയോര പാതകളിലൂടെ വാഹനത്തിൽപോലും പോകാനും പകൽപോലും പുറത്തിറങ്ങാനും പേടി, വീട്ടിലെ തൊഴുത്ത് കാട്ടുപന്നിയുടെ പ്രസവ സ്ഥലം, വിത്തിനുപോലും വിളകൾ അവശേഷിപ്പിക്കാതെ കൃഷിനാശം, വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങൾ കടിച്ചെടുത്തുകൊണ്ട് പോകുന്ന ദയനീയ അവസ്ഥ...
അടുത്ത കാലത്തായി ജില്ലയുടെ കിഴക്കൻ മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേർക്കാഴ്ചയാണിത്. ഗത്യന്തരമില്ലാതായതോടെ സർക്കാർ നൽകുന്ന തുച്ഛമായ നഷ്ടപരിഹാരം സ്വീകരിച്ചു എല്ലാം വിട്ടെറിഞ്ഞ് നാടുവിടുകയാണ് ഇവിടുള്ളവർ.
പതിറ്റാണ്ടുകൾക്ക് മുമ്പ് മലയോരത്ത് കുടിയേറി ഭക്ഷ്യസാധനങ്ങളും തോട്ടവിളകളും വിളയിച്ച ആയിരക്കണക്കിന് കുടുംബങ്ങൾ ഇന്ന് ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണ്. മലയോര മേഖല വിട്ടുപോലും വന്യജീവികൾ ഇരതേടിയെത്തുന്നതോടെ ഇനിയെന്തെന്ന് ആശങ്കയിലാണ് ജനങ്ങൾ. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനൊപ്പം വനെത്തയും വന്യമൃഗങ്ങളെയും സംരക്ഷിക്കേണ്ട അധികൃതരും പ്രതിസന്ധിയിലാണ്.
പത്തനാപുരം, പിറവന്തൂർ, തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ, ഏരൂർ, കരവാളൂർ തുടങ്ങിയ മലയോര പഞ്ചായത്തുകളിലും പുനലൂർ നഗരസഭയുടെ കിഴക്കൻ മേഖലയിലും വന്യമൃഗ ശല്യം നാൾക്കുനാൾ രൂക്ഷമാകുന്നു. വനവുമായി വിദൂരത്തുള്ള പട്ടാഴി, പട്ടാഴി വടക്കേക്കര തുടങ്ങിയ പഞ്ചായത്തുകളിലും അടുത്ത കാലത്തായി പന്നി, കുരങ്ങ്, മയിൽ തുടങ്ങിയവയുടെ കൃഷി നശീകരണവും കൂടിയിരിക്കുകയാണ്.
ആന, പുലി, കാട്ടുപോത്ത്, പന്നി, ചെന്നായ്, കുരങ്ങ്, മയിൽ, മലയണ്ണാൻ, മ്ലാവ് തുടങ്ങിയവയാണ് കൂടുതൽ നാശകാരികൾ. രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങിയവയും നാശവും ഭീതിയും ഉയർത്തുന്നു. വന്യമൃഗ വേട്ട കുറഞ്ഞതോടെ ഇവകളുടെ എണ്ണം പതിന്മടങ്ങായി. ഇതിനനുസരിച്ച് തീറ്റയും വെള്ളവും വനത്തിൽ കുറഞ്ഞതോടെ ഇവകൾ കൃഷിയിടങ്ങളെ ലക്ഷ്യമിട്ട് എത്തുന്നു. കാണുന്നതെല്ലാം തിന്നു നശിപ്പിക്കുന്നു.
മനുഷ്യരെ ഉൾപ്പെടെ ആക്രമിക്കുന്നു. പുലി വളർത്തുമൃഗങ്ങളെ പിടിച്ചും കടിച്ചും കൊന്ന് ഇരതേടുന്നു. രാജവെമ്പാല അടക്കം ഇഴജന്തുക്കൾ കോഴികളെ അടക്കം അകത്താക്കുന്നു. വനത്തിൽതന്നെ ഇവയെ നിലനിർത്താനുള്ള വനം വകുപ്പ് പദ്ധതികൾ ഫലപ്രദമാകാതെ വന്നതോടെ, കർഷകരുടെ ദുരിതം ഇരട്ടിയായി.
വന്യജീവികളെ പ്രതിരോധിക്കാൻ എന്തെങ്കിലും ചെയ്താൽ വനം വകുപ്പ് കേസും അറസ്റ്റ് ഭയന്ന് ഇരകൾ എല്ലാം സഹിക്കുകയാണ്. നാശനഷ്ടങ്ങൾക്ക് വനം വകുപ്പ് മതിയായ നഷ്ടപരിഹാരം നൽകാത്തതും ഇതിനുള്ള നൂലാമാലകളും കാലതാമസവും കാരണം പലരും ഇതിന് തുനിയാറില്ല.
വാഹനങ്ങൾക്ക് മുന്നിൽ കൊലവിളിയുമായി എത്തുന്ന ആനക്കൂട്ടവും കാട്ടുപോത്തുകളും പന്നിക്കൂട്ടവും അപകടങ്ങൾക്കിടയാക്കുന്നു. കഴിഞ്ഞയാഴ്ച കറവൂരിന് സമീപം വെരുകുഴിയിൽ മ്ലാവ് ഇടിച്ചിട്ട് ഫാമിങ് കോർപറേഷൻ ജീവനക്കാരൻ അമ്പനാർ സ്വദേശി പ്രദീപ് മരിച്ചിരുന്നു.
അച്ചൻകോവിൽ റോഡിൽ ബൈക്കിലെത്തിയ പിതാവിനെയും മകളെയും ഒറ്റയാൻ ആക്രമിച്ചതും അടുത്തിടെ. ആനകളുടെ നിരന്തര സാന്നിധ്യംമൂലം കെ.എസ്.ആർ.ടി.സി ബസിലെ അടക്കമുള്ള യാത്രക്കാർ ജീവൻ പണയംവെച്ചാണ് ഇതുവഴി കടന്നുപോകുന്നത്.
ചാലിയക്കര-കുറവന്താവളം- മാമ്പഴത്തറ, അമ്പനാട്, റോസ് മല, ഇരുളൻകാട്, ചെങ്കോട്ട-അച്ചൻകോവിൽ തുടങ്ങിയ റോഡുകളിലേയും യാത്ര ഭയാനകമാക്കുന്നു. വന്യജീവികളെ സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മലയോരനിവാസികളെ വലിയ അരക്ഷിതാവസ്ഥയിലേക്ക് തള്ളുന്നതാവും ഫലം.
അലിമുക്ക്-അച്ചൻകോവിൽ പാതയിൽ തുറക്ക് സമീപം രണ്ടുമാസം മുമ്പ് അജ്ഞാതനായ വഴിയാത്രക്കാരെ ഒറ്റയാൻ ചവിട്ടിക്കൊന്നിരുന്നു. ഈ ഭാഗത്തുള്ള എസ്റ്റേറ്റുകളിൽ ജോലിക്കെത്തുന്ന തൊഴിലാളികളെ ആന ആക്രമിക്കുന്നതും പതിവാണ്.
കഴിഞ്ഞ 27ന് അമ്പനാട് ടി.ആർ.ടി എസ്റ്റേറ്റിലെ തൊഴിലാളി അന്തൊണിസാമിയെ ആന ആക്രമിച്ചിരുന്നു. ഉറുകുന്ന് കരിപ്പായിൽ കെ.ഐ. തോമസിന്റെ വീട്ടിലെ വിറകുപുരയിൽ പന്നി ഒമ്പത് കുഞ്ഞുങ്ങളെ പ്രസവിച്ചത് കഴിഞ്ഞയാഴ്ചയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഇരുളൻകാട്ടിൽ അഞ്ച് ആടുകളെയും പശുക്കിടാവിനെയും പുലി പിടിച്ചു. വന്യജീവി ശല്യം ഒഴിവാക്കാൻ കഴിഞ്ഞ 21ന് പി.എസ്. സുപാൽ എം.എൽ.എ വനം അധികൃതരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുകൂട്ടി. അടിയന്തര കർമ പദ്ധതി തയാറാക്കി നടപ്പാക്കുമെന്നാണ് പറയുന്നത്. ഇതിനുള്ള നടപടി തുടങ്ങിയെങ്കിലും എന്നത്തേക്ക് നടപ്പാക്കുമെന്നും എത്രത്തോളം ഫലപ്രദമാകുമെന്നും കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.