പുനലൂർ: പൊട്ടിയ കുടിവെള്ള പൈപ്പ് ലൈനുകൾ അടക്കാത്തതിനാൽ വൻതോതിൽ ശുദ്ധജലം പാഴാകുന്നു. പലപ്പോഴും നഗരസഭ പ്രദേശത്ത് കുടിവെള്ളത്തിന് ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴാണിത്. പട്ടണത്തിലെ പ്രധാന റോഡുകളോടും ഇടറോഡുകളോടും ചേർന്ന് പലയിടത്തും പൈപ്പ് പൊട്ടിയിട്ട് ആഴ്ചകളായി. വെള്ളം പാഴാകുന്നതിനൊപ്പം ഭാഗത്തെ റോഡും തകരുന്നു. ചൗക്ക റോഡിൽ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ രണ്ടിടത്ത് ഒരുമാസം മുമ്പ് പൈപ്പ് പൊട്ടിയിരുന്നു.
ഒരിടത്ത് അടച്ചെങ്കിലും സമീപമുള്ള വലിയ ചോർച്ച അടക്കാൻ അധികൃതർ തയാറായില്ല. നടപ്പാതയിൽ ഇൻറർലോക്ക് പാകിയതിന്റെ താഴ്ഭാഗത്താണ് ഇവിടെ പൈപ്പ് പൊട്ടിയത്. റോഡ് തകരുന്ന അവസ്ഥയിലായിട്ടും നടപടിയില്ല. ഇന്റർലോക്ക് പൊളിച്ച് പൈപ്പ് ലൈൻ നന്നാക്കാൻ പൊതുമരാമത്തിൽ നിന്ന് അനുമതി വൈകുന്നതാണ് തടസ്സമായി ജലഅതോറിറ്റി പറയുന്നത്.
കെ.എസ്.ആർ.ടി.സി ജങ്ഷനിൽ പെട്രോൾ പമ്പിന് സമീപം പ്രധാന പൈപ്പ് പൊട്ടിയതിൽ ഒരെണ്ണം പൂർണമായും മറ്റൊരിടത്ത് ഭാഗികമായുമേ അടച്ചുള്ളൂ. ഒരു ഭാഗത്തുകൂടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഇവിടെ പാതയോട് ചേർന്ന് കുഴിമൂടാത്തത് വാഹനാപകട ഭീഷണിയുമുണ്ടാക്കുന്നു. റെയിൽവേ അടിപ്പാലത്തിന് താഴെയും ഗതാഗതത്തിനടക്കം ബുദ്ധിമുട്ടായി പൈപ്പ് പൊട്ടിയിട്ട് മാസങ്ങളായി. താലൂക്ക് വികസനസമിതിയിലടക്കം പരാതി എത്തിയെങ്കിലും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.