പുനലൂർ: ഇടിമിന്നൽ ദുരന്തത്തിൽ മണിയാർ ഇടക്കുന്നം മഞ്ജു ഭവനിൽ രജനി (59) മരിച്ചതോടെ അനാഥമാകുന്നത് രണ്ട് ചെറുമക്കൾ. രണ്ടുവർഷം മുമ്പ് കൊല്ലപ്പെട്ട മകൾ മഞ്ജുവിന്റെ മക്കളായ അഭിനന്ദും ആര്യനന്ദയും രജനിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. ദുരന്തങ്ങളെ അതിജീവിച്ച് വരുന്നതിനിടെയാണ് രജനിയും ദാരുണമായി ചൊവ്വാഴ്ച മരിച്ചത്. മഞ്ജുവിനെ രണ്ടുവർഷം മുമ്പ് ഭർത്താവ് കൊലപ്പെടുത്തിയിരുന്നു. വാടകവീട്ടിൽ താമസിക്കവേയായിരുന്നു കൊലപാതകം.
ശേഷം ഇവരുടെ മക്കൾ രണ്ടുപേരും രജനിയുടെ സംരക്ഷണത്തിലായിരുന്നു. ഏറെക്കാലം രോഗബാധിതനായിരുന്ന രജനിയുടെ ഭർത്താവ് മോഹനൻ നാലുമാസം മുമ്പ് മരിച്ചു. ശേഷം ജീവിതം വഴിമുട്ടിയ രജനി തൊഴിലുറപ്പിനും മറ്റുചെറിയ ജോലികൾക്കും പോയാണ് കുടുംബം നോക്കിയിരുന്നത്. അഭിനന്ദ് പത്തിലും ആര്യനന്ദ അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്. ചൊവ്വാഴ്ചയും ഇവരെ ഒരുക്കി സ്കൂളിൽ വിട്ടതിന് ശേഷമാണ് രജനി ജോലിക്ക് പോയത്. പോറ്റമ്മയായ രജനിയുടെ വിയോഗത്തോടെ മാതൃസഹോദരനായ മനോജാണ് ഈ കുട്ടികളുടെ ഇനിയുള്ള ഏക ആശ്രയം.
പുനലൂർ: അയൽവാസികളും സ്നേഹിതകളുമായ വീട്ടമ്മമാർ മരണത്തിലും ഒരുമിച്ച്. നാടിനെ തീരാദുഃഖത്തിലാഴ്ത്തി ഇരുവരുടെയും മരണം. പുനലൂർ മണിയാർ ഇടക്കുന്നം മുളവെട്ടിക്കോണം ഗോകുലത്തിൽ ചന്ദ്രബാബുവിന്റെ ഭാര്യ സരോജം (55), മഞ്ജു ഭവനിൽ പരേതനായ മോഹനൻറ ഭാര്യ രജനി (59) എന്നിവരുടെ മരണമാണ് നാടിനെ നടുക്കിയത്. ചൊവ്വാഴ്ച പകൽ 11.30ഓടെയാണ് ദുരന്തം ഇടിമിന്നലായി ഇവർക്കുമേൽ പതിച്ചത്.
പുനലൂർ നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇരുവരും. ജോലി ഇല്ലാത്തതിനെ തുടർന്ന് ഇരുവരും ആദ്യമായാണ് തൊഴിലുറപ്പിനല്ലാതെ മറ്റൊരു തൊഴിലിനായി ചൊവ്വാഴ്ച രാവിലെ വീട്ടിൽനിന്ന് ഒരുമിച്ച് മുളവെട്ടികോണത്തേക്ക് പുറപ്പെട്ടത്. പുരയിടത്തിലെ കാട് വെട്ടിത്തെളിക്കാനായി രണ്ട് ഭാഗങ്ങളിലായാണ് ഇവർ ജോലി തുടർന്നത്. പെട്ടെന്ന് മഴ പെയ്തു. നനയാതിരിക്കാൻ സരോജവും രജനിയും പുരയിടത്തിലെ ആഞ്ഞിലി മരത്തിന്റെ ചുവട്ടിൽ അഭയം തേടി.
ആഹാരവും വെള്ളവും എല്ലാം മരച്ചുവട്ടിൽ വെച്ചു. അൽപസമയത്തിനകം ശക്തമായ ഇടിമിന്നൽ ഇരുവരുടെയും ദേഹത്ത് പതിച്ചു. ദേഹത്ത് പലഭാഗത്തും കരുവാളിച്ചു. മഴ തോർന്ന ശേഷം ഇവരെ കാണാതായതോടെ കൂടെ ഉണ്ടായിരുന്നവർ തിരക്കി വന്നപ്പോഴാണ് മരച്ചുവട്ടിൽ രണ്ടിടത്തായി ചലനമറ്റ് കിടക്കുന്നത് കണ്ടത്. സംഭവം അറിഞ്ഞ് പരിസരവാസികളെത്തി പ്രാഥമിക ശുശ്രൂഷ നൽകി പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഇടിമിന്നലിൽ ഈ ഭാഗത്തുള്ള പലവീടുകളിലും ചെറിയ നാശങ്ങളും നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.