പുനലൂർ: രാജ്യത്തിന് മാതൃകയായ പുനലൂർ താലൂക്കാശുപത്രിയുടെ പ്രവർത്തനം താളംതെറ്റി. പരാതിയെ തുടർന്ന് നഗരസഭ അധികൃതർ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി അപാകതകൾ കണ്ടെത്തി. ശൂചീകരണത്തിലെ അപാകതയെ തുടർന്ന് രണ്ട് താൽകാലിക ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റിനിർത്തി.
അടുത്തിടെ ചുമതലയേറ്റ സൂപ്രണ്ട് ആരോഗ്യപരമായ കാരണങ്ങൾ അവധിയിലാണ്. പകരം ചുമതല മറ്റൊരു ഡോക്ടർക്ക് നൽകിയെങ്കിലും പലരംഗത്തും പാകപ്പിഴകൾ ഉണ്ടാകുന്നതോടെ പരാതി വ്യാപകമായി.
ഒ.പിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതും രോഗികളെ ബുദ്ധിമുട്ടിലാക്കി. ഇതെല്ലാം കണക്കിലെടുത്താണ് ചെയർപേഴ്സൺ ബി. സുജാതയുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തി ശുചീകരണം ഉൾപ്പെടെ പരിശോധിച്ച് അപാകതകൾ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ചുമതലയുള്ളവരിൽനിന്ന് വിശദീകരണവുംതേടി. ആശുപത്രിയിലെ ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങളിൽ ഒരുവിട്ടു വീഴ്ചയും അനുവദിക്കില്ലെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
ആർ.എം.എയേയും സുപ്രണ്ടിനേയും അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് അധികൃതർക്ക് കത്ത് നൽകുമെന്നും ചെയർപേഴ്സൺ പറഞ്ഞു. വൈസ് ചെയർമാൻ ഡി. ദിനേശൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രഞ്ജൻ, എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ ബിനോയ് രാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.