പുനലൂർ: ഉരുൾപൊട്ടി നാശംവിതച്ച ജനവാസ മേഖലയോട് ചേർന്ന് വനഭൂമിയിൽ മഴക്കുഴി നിർമിക്കുന്നത് ഭീഷണിയെന്ന് വിദഗ്ധർ. ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം മേഖലയിലാണ് ചെങ്കുത്തായ വനത്തോട് ചേർന്ന് തേക്ക് പ്ലാന്റേഷനിലും മറ്റും വനംവകുപ്പ് മഴക്കുഴി നിർമിക്കുന്നത്.
മൂന്ന് വർഷം മുമ്പ് ഈ ഭാഗത്ത് ഉരുൾപൊട്ടി തേവർകാട്, അരുണോദയം, ആശ്രയ കോളനി, നാല് സെന്റ് കോളനി എന്നിവിടങ്ങളിൽ നാശം വിതച്ചിരുന്നു. മന്ത്രിയും എം.എൽ.എയും സ്ഥലത്തെത്തി വിദഗ്ധ പഠനത്തിനും പരിഹാരത്തിനും ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിരുന്നു. മണ്ണ് പരിശോധന കേന്ദ്രം, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയ സർക്കാർ ഏജൻസികൾ പഠനം നടത്തിയിരുന്നു.
മലഞ്ചെരുവിലൂടെ വരുന്ന മഴവെള്ളം തടഞ്ഞു നിർത്തുകയോ ദിശമാറ്റി വിടുകയോ ചെയ്യരുതെന്ന് ഈ ഏജൻസികൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതൽ പഠനത്തിനായി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ല മണ്ണു പരിശോധന ഓഫിസർ, ജില്ല ഗ്രൗണ്ട് വാട്ടർ ഓഫിസർ, ജില്ല ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരെ ഉൾപ്പെടുത്തി സമിതി രൂപവത്കരിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മഴവെള്ളം കെട്ടിനിൽക്കാതെ സുഗമായി ഒഴിപ്പോകുന്നതിനുള്ള ഓട, സംരക്ഷണ ഭിത്തി തുടങ്ങിയ പ്രതിവിധികൾ നടത്തിവരികയാണ്. ഇതിനിടയിലാണ് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വനംവകുപ്പ് ഈ ഭാഗങ്ങളോട് ചേർന്നുള്ള തേക്ക് തോട്ടങ്ങളിലും മറ്റും വ്യാപകമായി മഴക്കുഴി നിർമിക്കുന്നത്. 130 സെൻറീമീറ്റർ നീളത്തിലും 50 സെൻറീമീറ്റർ താഴ്ചയിലും 70 സെൻറീമീറ്റർ വീതിയിലുമാണ് ഓരോ കുഴിയും. പത്തു മീറ്റർ ഇടവിട്ട് കുഴികൾ എടുക്കുമെന്ന് വനം വകുപ്പ് പറഞ്ഞിരുന്നതിന് വിരുദ്ധമായി ഓരോ മീറ്റർ ഇടവിട്ടാണ് കുഴികൾ എടുക്കുന്നത്. ഈ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ ശക്തമായ മഴ ഉണ്ടാകുമ്പോൾ ഭൂമിയിലേക്ക് വെള്ളം താഴാൻ കഴിയാതെ കുത്തിയൊലിപ്പിന് ഇടയാക്കും. കൂടാതെ ഉറച്ചുകിടക്കുന്ന മണ്ണിന് ഇളക്കം തട്ടുന്നതും കുഴിയിൽ നിന്നു പുറത്തേക്ക് തള്ളുന്ന മണ്ണും ഭീഷണിയാണ്. ഇത് ചെങ്കുത്തായ മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്നാണ് മണ്ണ് പരിശോധന വിഭാഗം അധികൃതർ പറയുന്നത്. തുലാവർഷ മഴയാകുന്നതോടെ വെള്ളപാച്ചിൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.