പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുളിയറ ചെക് പോസ്റ്റ് പത്ത് വീലിൽ കൂടുതലുള്ള ലോറികളിൽ പാറ ഉൽപന്നങ്ങൾ കയറ്റിവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. തെങ്കാശി എസ്.പിയുടെ നിർദേശത്തിലാണ് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നിയന്ത്രണമുണ്ടായത്.
ഇതിനെ തുടർന്ന് കേരളത്തിൽനിന്ന് ലോഡ് കൊണ്ട് വരാൻ പോയ പത്ത് വീലിൽ കൂടുതലുള്ള ലോറികൾ പുളിയറയിൽ പൊലീസ് കയറ്റിവിട്ടില്ല. ഈ ലോറികൾ ചെക്പോസ്റ്റ് പരിസരത്ത് നിർത്തിയിട്ടിരിക്കുകയാണ്. വലിയ ലോറികളിൽ പാറ ഉൽപന്നങ്ങൾ കയറ്റി വരുന്നത് പാതയുടെ തകർച്ചക്കും അപകടങ്ങൾക്കുമിടയാക്കുന്നുവെന്ന് വ്യാപകമായി പരാതി തമിഴ്നാട്ടിൽ ഉയർന്നിരുന്നു.
കഴിഞ്ഞദിവസം തിരുനെൽവേലിയിലെത്തിയ തമിഴ്നാട് ജലസേചന മന്ത്രിയോട് ജനങ്ങൾ പരാതി ഉന്നയിച്ചിരുന്നു. പെർമിറ്റ് അളവിനെക്കാൾ കൂടുതൽ പാറ ഉൽപന്നങ്ങൾ കയറ്റി വരുന്നത് കർശനമായി തടയാൻ മന്ത്രി നിർദേശം നൽകിയിരുന്നു. ദേശീയപാതയിൽ 42 ടൺ ഭാര വാഹനങ്ങൾ താങ്ങിനുള്ള ശേഷിയേയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, ഇതിന്റെ ഇരട്ടി ഭാരം കയറ്റിയാണ് വലിയ വണ്ടികളിൽ പാറ ഉൽപന്നങ്ങൾ കൊണ്ടുവരുന്നത്.
തെങ്കാശി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ദിവസേന മുന്നൂറോളം ലോഡ് പാറ ഉൽപന്നങ്ങൾ കേരളത്തിൽ കൊണ്ടുവരുന്നു. തെങ്കാശി ജില്ലയിലെ കടയം, ആലങ്കുളം, കടയനല്ലൂർ, ചെങ്കോട്ട തുടങ്ങി വിവിധ പ്രദേശങ്ങളിൽനിന്നാണ് ലോഡ് വരുന്നത്.
ദേശീയപാത കൂടാതെ ഇവിടുള്ള ഗ്രാമീണ റോഡുകൾക്കും ഇത്തരം ലോഡ് വാഹനങ്ങൾ ഭീഷണിയാണെന്നാണ് അവിടെയുള്ളവർ പറയുന്നു. എന്നാൽ, സിമന്റ് ഉൾപ്പെടെ മറ്റു ലോഡുകൾ പത്ത് വീലിൽ കൂടുതലുള്ള വാഹനങ്ങളിൽ കൊണ്ടുവരുന്നതിന് നിയന്ത്രണമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.