പുനലൂർ: ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, തീർഥാടകർ ഉപയോഗിക്കുന്ന കുളിക്കടവ് ഇത്തവണയും കാടുമൂടി അനാഥമായ നിലയിൽ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആര്യങ്കാവ്, പുനലൂർ വഴി ശബരിമലക്ക് പോയിവരുന്ന അയ്യപ്പന്മാർ പ്രാഥമികാവശ്യത്തിനും വിശ്രമത്തിനും പ്രധാനമായി ആശ്രയിക്കുന്നതാണ് മുക്കടവ്. ആറിനു തീരത്തായി രണ്ട് കുളിക്കടവുകൾ ജില്ല പഞ്ചായത്തും പിറവന്തൂർ പഞ്ചായത്തും മുമ്പ് നിർമിച്ചിരുന്നു. സീസൺ സമയത്ത് നൂറുകണക്കിനാളുകളാണ് ഇവിടെ പ്രാഥമികാവശ്യത്തിനിറങ്ങുന്നത്.
എന്നാൽ, കെ.എസ്.ടി.പിയുടെ പാത നവീകരണവും പുതിയ പാലം നിർമാണവും കാരണം നിർമാണ സാമഗ്രികളും യന്ത്രങ്ങളും ശേഖരിച്ചിരുന്നതിനാൽ കഴിഞ്ഞ മൂന്നുവർഷമായി ഇവിടെ തീർഥാടകർക്ക് വാഹനപാർക്കിങ്ങിന് സൗകര്യമില്ലായിരുന്നു. അതിനാൽ ഇവിടെ ഇറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. ഇത്തവണ പാലത്തിന്റെ നിർമാണം ഉൾപ്പെടെ പൂർത്തിയായിട്ടും കുളിക്കടവും പരിസസരവും വൃത്തിയാക്കാനോ മതിയായ മറ്റ് സൗകര്യങ്ങൾ ഒരുക്കാനോ അധികൃതർ ഇതുവരെ തയാറായിട്ടില്ല. പാത നവീകരണത്തിന്റെ ഭാഗമായി തീർഥാകർക്കാവശ്യമായ ടോയ്ലെറ്റ്, വിശ്രമകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളൊരുക്കാൻ പദ്ധതിയുള്ളതാണ്. എന്നാൽ, ഇത് നിർമിക്കുന്നതിനുള്ള ഒരു നടപടിയും തുടങ്ങിയിട്ടില്ല. മുക്കടവിൽ യാത്രക്കാർക്കായി ഒരു കാത്തിരിപ്പ് കേന്ദ്രം പൂർത്തിയാക്കി. മറുവശത്തുള്ള മറ്റൊന്നിന് അടിത്തറ ഇട്ടതല്ലാതെ പൂർത്തിയാക്കിയില്ല. പാത നവീകരണ പദ്ധതിയിൽപെട്ട സൗകര്യങ്ങൾ നിർമാണം തുടങ്ങി പൂർത്തിയാക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.