പുനലൂർ: മണ്ഡലകാലത്ത് കിഴക്കൻ മേഖലയിലൂടെ സഞ്ചരിക്കുന്ന ശബരിമല തീർഥാടകരുടെ അടക്കം വാഹനങ്ങൾക്കും യാത്രക്കാർക്കും സുരക്ഷിതത്വം ഒരുക്കാൻ പൊലീസ് കർശനമായ നിയന്ത്രണം ഏർപ്പെടുത്തും. പുനലൂർ ഡിവൈ.എസ്.പി ബി. വിനോദിന്റെ അധ്യക്ഷതയിൽ അധികൃതരുടെ യോഗം ചേർന്നു.
സീസൺ ആരംഭിക്കുന്നതോടെ ഇതര സംസ്ഥാനങ്ങളിൽനിന്നും ആര്യങ്കാവ്, തെന്മല, പുനലൂർ വഴിയുള്ള തീർഥാടകരുടെ വാഹനങ്ങൾ ധാരാളമായി വരാറുണ്ട്. ഇതിനിടയിൽ തമിഴ്നാട്ടിൽ നിന്നുവരുന്ന പാറ ഉൽപന്നങ്ങൾ അടക്കം കയറ്റിയ ചരക്ക് വാഹനങ്ങളുടെയും ആധിക്യം പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നു. സുരക്ഷിത യാത്രക്ക് കർശന നടപടി പൊലീസ് എടുക്കുമെന്ന് യോഗത്തിൽ ഡിവൈ.എസ്.പി അറിയിച്ചു.
അമിത ഭാരവുമായി വരുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകും. ചരക്ക് വാഹനങ്ങൾ ഇറക്കത്ത് ന്യൂട്രൽ വരുന്നത് മൂലം ഉണ്ടാകുന്ന അപകടം ഒഴിവാക്കാൻ കർശന നടപടി ഉണ്ടാകും. മോട്ടോർ വാഹന വകുപ്പും പൊലീസും വേവ്വേറെയും സംയുക്തമായും പരിശോധന നടത്തും. റ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കും.
സ്കൂൾ സമയങ്ങളിൽ വരുന്ന ചരക്കുലോറികൾക്കെതിരെയും കർശനമായ നടപടിയുണ്ടാകും. സ്കൂളിന് സമീപം വാഹനങ്ങൾ നിർത്തിയിടുന്നത് പലപ്പോഴും കുട്ടികൾ അപകടത്തിൽ പെടുന്നത് ഇടയാക്കുന്നതിനാൽ ഇതു ഒഴിവാക്കണമെന്ന് ഡ്രൈവർമാരോട് ആവശ്യപ്പെടും.
പാതയിൽ കൂടുതൽ ഗതാഗതക്കുരുക്ക് നേരിടുന്ന ആര്യങ്കാവ് ഭാഗത്ത് ലോട്ടറിക്കടകൾക്ക് മുന്നിൽ ഇരുഭാഗത്തും വാഹനങ്ങൾ നിർത്തിയിടുന്നത് കർശനമായി തടയും. ഒരു ഭാഗത്തുമാത്രമേ പാർക്കിങ് അനുവദിക്കുകയുള്ളൂ.
ആര്യങ്കാവ്, തെന്മല വഴിയുള്ള തിരക്ക് നിയന്ത്രിക്കാനായി ലോറികൾ ദേശീയപാതയിൽ പത്തേക്കർ, ഡാം കവല വഴി തിരിച്ചുവിടാൻ തീരുമാനമായി. മകരവിളക്ക് കാലത്ത് കൂടുതൽ വാഹനങ്ങൾ വരുന്നത് കണക്കിലെടുത്ത് തമിഴ്നാട്ടിൽനിന്നുള്ള പാറയുൽപ്പന്നങ്ങൾ കയറ്റിവരുന്ന വാഹനങ്ങൾ ആ ദിവസങ്ങളിൽ ഓട്ടം നിർത്തിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ കടത്തിവിടാതിരിക്കാൻ തെങ്കാശി ഡിവൈ.എസ്.പിയുമായി ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.