പുനലൂർ: അമൃത് ഭാരത് പദ്ധതിയിൽപെടുത്തി പുനലൂർ റെയിൽവേ സ്റ്റേഷൻ നവീകരിക്കാൻ ദക്ഷിണ റെയിൽവേ മധുര ഡിവിഷൻ അനുമതി നൽകി. ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. ദിണ്ഡിക്കൽ എൻ.എസ്.ആർ കൺസ്ട്രക്ഷനാണ് കരാർ. പ്രവേശന- ഇറക്ക കവാടം, സർക്കുലേറ്റിങ് ഏരിയ, പാർക്കിങ് ഏരിയ തുടങ്ങിയവയാണ് പ്രധാനമായി നവീകരിക്കുന്നത്. നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന് മുന്നോടിയായി എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മധുര ഡിവിഷൻ മാനേജർ ശ്രീവാസ്ഥവ പുനലൂർ സ്റ്റേഷനിലെത്തി പരിശോധന നടത്തി. കൊല്ലം- ചെങ്കോട്ട പാതയിൽ കേരളത്തിൽ ഇവിടെ മാത്രമാണ് അമൃത് ഭാരത് പദ്ധതി അനുവദിച്ചത്.
സ്റ്റേഷൻ വികസനത്തിന്റെ ഒന്നാം ഘട്ടത്തിന് 5.43 കോടി രൂപയാണ് അനുവദിച്ചത്. നിലവിലുള്ള പാര്‍ക്കിങ് മാറ്റി സര്‍ക്കുലേറ്റിങ് ഏരിയ നിര്‍മിക്കും. പൂന്തോട്ടം, നടപ്പാത, ലാന്‍ഡ് സ്കേപിങ് എന്നിവയോടെ റെയില്‍വേ സ്റ്റേഷന്റെ മുന്‍ഭാഗം സൗന്ദര്യവത്കരിക്കും. 200 ലേറെ വാഹനങ്ങള്‍ ഒരേസമയം നിർത്തിയിടാൻ സൗകര്യമൊരുക്കും. പ്ലാറ്റ്ഫോമുകളില്‍ മുഴുനീള മേല്‍ക്കൂര നിര്‍മിക്കും. പൊതുസൗകര്യം വര്‍ധിപ്പിക്കും. സ്റ്റേഷനില്‍ ഫാനുകള്‍, ലൈറ്റുകള്‍ എന്നിവ കൂടുതലായി സജ്ജീകരിക്കും. രണ്ട് ലിഫ്റ്റുകള്‍ സ്ഥാപിക്കും. കാത്തിരിപ്പ് മുറികളിൽ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും.
രണ്ടാം ഘട്ടമായി റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടം നിര്‍മിക്കും.
നിലവിലെ റെയില്‍വേ സ്റ്റേഷന് കെട്ടിടത്തിന് പകരം പുതിയത് നിര്‍മിക്കും. രണ്ടു പ്രവേശന കവാടങ്ങളെയും ബന്ധിപ്പിച്ച് നടപ്പാലം നിര്‍മിക്കും. ശബരിമല തീര്‍ഥാടകർക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.