പുനലൂർ: നഗരസഭ കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സ് ആവശ്യപ്പെട്ട് ഓഫിസിനുള്ളിൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തി വന്ന യു.ഡി.എഫ് കൗൺസിലർമാരെ കഴിഞ്ഞദിവസം അർധരാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മിനിറ്റ്സിനെ ചൊല്ലി യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലർമാർ കഴിഞ്ഞ വെള്ളിയാഴ്ച നഗരസഭയിൽ ഏറ്റുമുട്ടിയിരുന്നു. ഇരുപക്ഷത്തെയും വനിതകളടക്കം മിക്ക കൗൺസിലർമാർക്കും മർദനമേറ്റു.
ആറുപേർക്ക് പരിക്കേറ്റിരുന്നു. പൊലീസ് യു.ഡി.എഫ് കൗൺസിലർമാർമാരെ അറസ്റ്റ് ചെയ്തു നീക്കിയാണ് അന്ന് സംഘർഷം അവസാനിച്ചത്. പൊലീസ് വിട്ടയച്ച കൗൺസിലർമാർ പിന്നീടെത്തി ഉച്ചയോടെ നഗരസഭക്കുള്ളിൽ സത്യഗ്രഹം ആരംഭിക്കുകയായിരുന്നു. എട്ടുമാസത്തെ കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സ് നാളിതുവരെ രേഖപ്പെടുത്തിയിട്ടില്ല എന്നും ക്രമക്കേടുകൾ നടത്താനുള്ള സൗകര്യത്തിനുവേണ്ടി മിനിറ്റ്സ് പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും പറഞ്ഞായിരുന്നു സത്യഗ്രഹ സമരം നടത്തിയത്.
നിയമാനുസൃതം ലഭ്യമാകേണ്ട മിനിറ്റ്സിനുവേണ്ടി സത്യഗ്രഹ സമരത്തിലേക്ക് കടന്നിട്ടും ലഭ്യമാക്കാൻ നഗരസഭ അധികാരികൾക്ക് കഴിഞ്ഞിരുന്നില്ല. സകർമ വഴി അപ്ലോഡ് ചെയ്യേണ്ട മിനിറ്റ്സ് നാളിതുവരെയും ചെയ്തിട്ടില്ല എന്നത് സാമ്പത്തിക ക്രമക്കേട് നടത്തുന്നതിന് ആവശ്യമായ മുന്നൊരുക്കം നടത്തുന്നതിനുവേണ്ടിയാണ് എന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചിരുന്നു.
സമരം രണ്ടു ദിവസം പിന്നിട്ടപ്പോൾ നഗരസഭ ഓഫിസ് അടക്കുന്നതിനുവേണ്ടി കൗൺസിലർമാർ ഇറങ്ങി നൽകണമെന്ന് സെക്രട്ടറി സുമയ്യ ബീവി ആവശ്യപ്പെട്ടു. എന്നാൽ, മിനിറ്റ്സ് ലഭ്യമാകുന്നതുവരെ സമരം തുടരാനാണ് തങ്ങളുടെ തീരുമാനം എന്ന് അവർ അറിയിച്ചു.
സമരക്കാരെ പുറത്താക്കി ഓഫിസ് അടക്കാൻ സൗകര്യമൊരുക്കണമെന്ന് സെക്രട്ടറി പുനലൂർ എസ്.എച്ച്.ഒയോട് ഇ-മെയിൽ വഴി ആവശ്യപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച രാത്രി 10ഓടെ പുനലൂർ പൊലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് മാറ്റി. രാത്രിതന്നെ ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
എൻ.കെ. പ്രേമചന്ദ്രൻ എം.പി, യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ, തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ, ഡി.സി.സി ട്രഷറർ നെൽസണ്‍ സെബാസ്റ്റ്യന്‍, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാർ, ആർ.എസ്.പി നേതാവ് എം. നാസർ ഖാൻ തുടങ്ങിയ നേതാക്കൾ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
മിനിറ്റ്സ് ബുക്ക് ലഭ്യമാകുന്നതു വരെ സമരം തുടരുമെന്നും മിനിറ്റ്സ് ലഭ്യമാകുന്ന മുറക്ക് പരിശോധിച്ചു ക്രമക്കേടുകൾ ഉണ്ടെങ്കിൽ അത് സർക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ജാമ്യത്തിൽ ഇറങ്ങിയ കൗൺസിലർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.