പുനലൂർ: പേപ്പർമിൽ തടയണയുടെ ഉയരം വർധിപ്പിച്ചത് കടുത്ത വരൾച്ചയിൽ നേരിടുന്ന കുടിവെള്ളക്ഷാമം കുറക്കുന്നതിന് വലിയ അനുഗ്രഹമായി. ഇതോടെ വളരെ വർഷങ്ങളായി പുനലൂർ നഗരസഭയിൽ ഉൾപ്പെടെ അനുഭവപ്പെട്ടിരുന്ന ശുദ്ധ ജലക്ഷാമം ഇത്തവണ ഒരു പരിധി വരെ പരിഹരിക്കാനായി.
ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയായ പുനലൂരിലെ ജപ്പാൻ കുടിവെള്ള പദ്ധതി (മീനാട് പദ്ധതി), നഗരസഭയിൽ കുടിവെള്ള വിതരണം ചെയ്യുന്ന ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതി, പിറവന്തൂർ, പത്തനാപുരം പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം ചെയ്യുന്ന കുരിയോട്ടുമല പദ്ധതി എന്നിവക്കാണ് പേപ്പറിൽ തടയണ അനുഗ്രഹമായത്.
പുനലൂർ പേപ്പർ മില്ലോളം പഴക്കമുള്ളതാണ് കല്ലടയാറ്റിലെ മുക്കടവ് തടയണ. ഇവിടെ മുതൽ മുകളിലേക്ക് കിലോമീറ്ററുകൾ ദൂരത്തിൽ കല്ലടയാറ്റിലെ ജലനിരപ്പ് നിശ്ചിത അളവിൽ താഴാതെ സഹായിച്ചിരുന്നത് ഈ തടയണയായിരുന്നു. 1992 ലെ വെള്ളപ്പൊക്കത്തിൽ മലവെള്ളപ്പാച്ചിലിൽ തടയണ ഭാഗികമായി തകർന്നു.
കരിങ്കൽ പാളികൾ വെള്ളത്തിൽ ഒഴുകിപ്പോയതും കെട്ടിലുള്ള തകർച്ചയും കാരണം മതിയായ വെള്ളം ഇവിടെ കെട്ടിനിൽക്കാനാകാതായി. ചളിമൂടി തടയണയുടെ ആഴവും ഗണ്യമായി കുറഞ്ഞു. ഇതു കാരണം മുക്കടവിന് മുകളിലേക്കുള്ള ഭാഗങ്ങളിൽ ആറ്റിൽ നിശ്ചിത അളവിൽ വെള്ളം കെട്ടി നിൽക്കുന്നതിന് തടസ്സമായി.
ആറ്റിലെ വെള്ളക്കുറവ് കൂടുതൽ ചൂട് അനുഭവപ്പെടുന്ന പുനലൂരിലെ അടക്കം കുടിവെള്ള പദ്ധതികൾക്ക് ആവശ്യമായ വെള്ളം ശേഖരിക്കാൻ മിക്കപ്പോഴും തടസ്സമായി. പുനലൂർ ഹൈസ്കൂൾ ജങ്ഷനിൽ ആറ്റിലുള്ള ജല അതോറിറ്റിയുടെ ശുദ്ധജല ശേഖരണ കിണറിന്റെ കിണർ തെളിയുന്നതോടെ ആവശ്യത്തിനു വെള്ളം പമ്പ് ചെയ്യാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഇതു കാരണം വളരെ വർഷങ്ങളായി വേനൽക്കാലത്ത് കടുത്ത കുടിവെള്ളക്ഷാമം പുനലൂർ നഗരത്തിൽ അനുഭവപ്പെട്ടിരുന്നു.
കിണറ്റിൽ ആവശ്യത്തിന് വെള്ളം കിട്ടാത്തതിന് കാരണം വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിൽനിന്ന് വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തകർന്നു കിടന്ന തടയണ രണ്ടു കോടിയോളം രൂപ അനുവദിച്ചാണ് പുനർനിർമിക്കാൻ ജലസേചന വകുപ്പ് തയാറായത്. തടയണയുടെ തകർന്ന കല്ലുകൾ പൂർണമായി പുനഃസ്ഥാപിച്ചു. രണ്ടര അടിയോളം ഉയരത്തിൽ വെള്ളം കെട്ടിനിർത്തുന്ന സാഹചര്യം ഉണ്ടാക്കി.
അടുത്തകാലത്ത് നിർമാണം പൂർത്തീകരിച്ചതിനാൽ ഈ വേനലിലാണ് അതിന്റെ പ്രയോജനം ലഭിക്കുന്നത്. തടയണയിൽ വെള്ളം ഉയർന്നതോടെ ഇത്തവണ ഇതുവരെയും ഹൈസ്കൂൾ ജങ്ഷനിലെ കിണറിന്റെ സ്ലാബ് വെള്ളത്തിന് മുകളിൽ തെളിഞ്ഞില്ല. മുമ്പത്തെ പോലെ വെള്ളം പമ്പിങ്ങിനും മുടക്കംവന്നില്ല. തൊട്ടടുത്തുള്ള ജപ്പാൻ കുടിവെള്ള പദ്ധതിക്കും ആവശ്യത്തിന് വെള്ളം ഇപ്പോൾ കല്ലടയാറ്റിൽനിന്ന് ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.