പുനലൂർ: തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുമ്പോഴും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ പുനലൂർ മൃഗാശുപത്രി ഉപരോധിച്ച് ഡോക്ടർ അടക്കം ജീവനക്കാരെ പൂട്ടിയിട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പുനലൂർ പട്ടണത്തിൽ 30 പേരെ തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നു.
ബുധനാഴ്ച രാവിലെ 10.30ഓടെയാണ് കൗൺസിലർമാർ മുദ്രാവാക്യം വിളികളുമായി മൃഗാശുപത്രിയിലെത്തിയത്. തെരുവുനായ് നിർമാർജനത്തിന് നഗരസഭ ആവിഷ്കരിച്ച പദ്ധതി നടപ്പാക്കുന്നില്ലെന്നാരോപിച്ചായിരുന്നു സമരം. സമരത്തിനിടെ പ്രകോപിതരായ ജനപ്രതിനിധികൾ മൃഗശുപത്രിയുടെ രണ്ട് ഗേറ്റുകളും അടച്ചുപൂട്ടി.
സംഭവം അറിഞ്ഞെത്തിയ പൊലീസ് സമരക്കാരുമായി സംസാരിച്ചെങ്കിലും അകത്തേക്ക് വിടാൻ തയാറായില്ല. ഒടുവിൽ ഡോക്ടറെ പുറത്തേക്ക് വിളിച്ചുവരുത്തി സമരക്കാരുമായി ചർച്ച നടത്തി. എ.ബി.സി പദ്ധതി നടപ്പിലാക്കുന്നതിന് നിലവിൽ നിയന്ത്രണങ്ങളുള്ളതായും ആനിമൽ വെൽഫെയർ ബോർഡിന്റെ അനുമതി കിട്ടിയാൽ മാത്രമേ തെരുവുനായ്ക്കളെ പിടികൂടാൻ കഴിയുകയുള്ളൂവെന്നും ഡോക്ടർ അറിയിച്ചു.
ജൂലൈ ഒന്നുമുതല്‍ നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിച്ചത്. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, കെ. കനകമ്മ, ബീന സാമുവൽ, എം.പി. റഷീദ് കുട്ടി, കെ.എൻ. ബിപിൻകുമാർ, ഷെമി എസ്. അസീസ്, ഷഫീല ഷാജഹാൻ, നിർമല സത്യൻ, റംലത്ത് സഫീർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.