പുനലൂർ: ഗവ. സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളെ പ്രഥമഅധ്യാപകൻ അറിയാതെ സമ്പൂർണയിലൂടെ എയ്ഡഡ് സ്കൂളിലേക്ക് അടിച്ചു മാറ്റി. ഇളമ്പൽ ഗവ. യു.പി.എസിലെ കുട്ടികളെയാണ് പുനലൂർ പട്ടണത്തിലെ ഒരു സ്കൂളിലേക്ക് കൊണ്ടുപോയത്. വിദ്യാഭ്യാസ ജില്ല അധികൃതരുടെ സഹായത്തോടുകൂടിയാണ് അടിച്ചു മാറ്റിയതെന്നാണ് ആക്ഷേപം.
ഇളമ്പൽ യു.പി.എസിൽ ഈ വർഷം ആറും ഏഴും ക്ലാസുകളിൽ പഠിക്കുന്ന രണ്ട് കുട്ടികളെ പുനലൂർ സെന്റ് ഗൊരേറ്റി ഹൈസ്കൂളിലേക്ക് മാറ്റാൻ ടി.സി ആവശ്യപ്പെട്ട് രക്ഷകർത്താവ് കഴിഞ്ഞ മൂന്നിന് സ്കൂളിലെത്തി. അന്നേ ദിവസം സ്കൂളിൽ താൽകാലിക അധ്യാപകരുടെ അഭിമുഖം നടക്കുന്നതിനാൽ അപേക്ഷയുമായി അഞ്ചിന് വരാൻ രക്ഷിതാവിനോട് പ്രഥമ അധ്യാപകൻ പറഞ്ഞു.
ഇതനുസരിച്ച് രക്ഷകർത്താവ് തിങ്കളാഴ്ച എത്തിയെങ്കിലും അന്ന് സ്കൂളിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയതിനാൽ സമ്പൂർണ്ണ പരിശോധിച്ചു ടി.സി നൽകാൻ കഴിഞ്ഞില്ല. പിറ്റേന്ന് രക്ഷകർത്താവ് എത്തി സമ്പൂർണ്ണ പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ യു.ഐ.ഡി ഉൾപ്പെടെ ഡേറ്റ ഇതിലില്ലെന്ന് മനസിലായത്.
തുടർന്ന് പ്രഥമ അധ്യാപകൻ ഐ.ടി അറ്റ് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികളുടെ വിവരം അന്വേഷിച്ചപ്പോഴാണ് രണ്ടു കുട്ടികളെയും സെന്റ് ഗൊരേറ്റി ഹൈസ്കൂളിൽ ഏഴ് എ, ആറ് എ ഡിവിഷനുകളിലേക്ക് മാറ്റിയതായി വിവരം ലഭിച്ചത്. പ്രഥമാധ്യാപകൻ പുനലൂർ ഡി.ഇ ഓഫിസുമായി ബന്ധപ്പെട്ട് കുട്ടികളെ മാറ്റിയതിലെ അസ്വാഭാവികത അറിയിച്ചു. അധികൃതരിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ല.
അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് ഗവ., എയ്ഡഡ് സ്കൂളുകളിലേക്ക് കുട്ടികൾ മാറി വരികയാണെങ്കിൽ ചുമതലപ്പെട്ട വിദ്യാഭ്യാസ ഓഫിസ് അധികൃതർ ഇടപെട്ട് കുട്ടികളെ ബന്ധപ്പെട്ട സ്കൂളുകളിലേക്ക് ചേർക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുണ്ട്.
ഇവിടെ ഗവ. സ്കൂളിൽ നിന്ന് കുട്ടികളെ പ്രഥമാധ്യാപകൻ പോലുമറിയാതെ മാറ്റുകയായിരുന്നുവെന്നാണ് ആക്ഷേപം. അന്വേഷണം ആവശ്യപ്പെട്ട് യു.പി സ്കൂൾ അധികൃതർ പുനലൂർ ഉപജില്ല ഓഫിസർ ഉൾപ്പെടെ ബന്ധപ്പെട്ടവർക്കും പരാതി അയച്ചു. ചാലിയക്കര ഗവ.എൽ.പി.എസ്, പിറവന്തൂർ തുടങ്ങിയ സ്കൂളുകളിൽ നിന്ന് ഇത്തരത്തിൽ കുട്ടികളെ വിദ്യാഭ്യാസ അധികൃതരുടെ സഹായത്തോടെ എയ്ഡഡ് സ്കൂളുകളിലേക്ക് മാറ്റിയതായും പരാതി ഉയർന്നു.
എയ്ഡഡ് സ്കൂളിലെ കുട്ടികളുടെ എണ്ണം കൂട്ടാൻ വിദ്യാഭ്യാസ ഓഫിസ് അധികൃതർ വിചാരിച്ചാൽ നടക്കുമെന്നായാൽ പല ഗവ. സ്കൂളുകളിൽ നിന്ന് കുട്ടികൾ ഇത്തരത്തിൽ മാറ്റപ്പെടാമെന്ന ആശങ്കയുമുണ്ട്. ഇളമ്പൽ സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് ഡി.ഡിയെ സമീപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.