പുനലൂർ: പൊതു വിദ്യാലയങ്ങളിൽ നിന്ന് കുട്ടികളെ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് വിദ്യാഭ്യാസ അധികൃതരുടെ സഹായത്തോടെ ‘തട്ടിക്കൊണ്ടു’ പോകുന്നതിൽ ഗവ.സ്കൂൾ അധ്യാപകർക്കിടയിൽ അമർഷം പുകയുന്നു. പ്രഥമാധ്യാപകർ പോലും അറിയാതെ ഗവ. സ്കൂളുകളിൽ നിന്ന് കുട്ടികളെ എയ്ഡഡ് സ്കൂളുകളിലേക്ക് വ്യാപകമായി മാറ്റുന്നതായി പരാതി ഉയർന്നിട്ടുണ്ട്. പഠിക്കുന്ന സ്കൂളിൽ നിന്ന് മാറാൻ ടി.സി ക്ക് അപേക്ഷ പോലും നൽകാതെ എയ്ഡഡ് സ്കൂളിന് മാറ്റി നൽകിയ സംഭവങ്ങളുമുണ്ട്.
പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ഇളമ്പൽ ഗവ. യു.പി.എസിൽ നിന്നും രണ്ട് കുട്ടികളെ പ്രഥമ അധ്യാപകൻ അറിയാതെ പുനലൂരിലെ ഒരു എയ്ഡഡ് ഹൈസ്കൂളിലേക്ക് മാറ്റിയ വിവരം വ്യാഴാഴ്ച ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത പുറത്തുവന്നതോടെ കിഴക്കൻ മേഖലയിൽ ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായി ആക്ഷേപം ഉയർന്നു.
പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളെ രക്ഷിതാക്കളിൽ സ്വാധീനം ചെലുത്തി വിദ്യാഭ്യാസ അധികൃതരുടെ സഹായത്തോടെ എയ്ഡഡ് സ്ഥാപനങ്ങൾ കൊണ്ടുപോവുകയാണ്. ഇളമ്പൽ സ്കൂൾ കൂടാതെ കാര്യറ ഗവ. എൽ.പി.എസ്, വിളക്കുടി ഡി.ബി യു.പി.എസ്, കുന്നിക്കോട് ഗവ. എൽ.പി.എസ്, മാങ്കോട്, പിറവന്തൂർ, ചാലിയക്കര തുടങ്ങിയിടങ്ങളിലെ പൊതു സ്കൂളുകളിൽ നിന്നും കുട്ടികളെ ഇത്തരത്തിൽ എയ്ഡഡ് സ്കൂളുകൾ തട്ടിയെടുത്തു.
വിദ്യാഭ്യാസ അധികൃതരുടെ ഭാഗത്ത് നിന്നുള്ള ദ്രോഹ നടപടികൾ ഭയന്ന് ഇൗ സ്കൂളുകൾ പരാതി പറയാതെ പ്രതിഷേധം ഉള്ളിലൊതുക്കി. കോർപറേറ്റ് മാനേജ്മെന്റ് കീഴിലുള്ള എയ്ഡഡ് സ്കൂളുകൾ നിലനിൽക്കുന്ന ചുറ്റുപരിധിയിൽ 15 കിലോമീറ്റർ വരെ ദൂരത്തിനിടയിലുള്ള പൊതു വിദ്യാലയങ്ങളിലെ കുട്ടികളെ മാറ്റി കൊണ്ടുപോകുന്നു. ഗവ. സ്കൂളുകളെ ഉന്നംവെച്ചാണ് കുട്ടികളെ കൈക്കലാക്കുന്നത്.
ഇതിനെതിരെ ആക്ഷേപം ഉണ്ടെങ്കിലും വിദ്യാഭ്യാസ അധികൃതരെ അറിയിച്ചാൽ യാതൊരു നടപടിയുമില്ല. പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ കൂട്ടാൻ സ്കൂളുകൾ എല്ലാം ഹൈടെക്കാക്കി ആകർഷകമാക്കിയിട്ടും അധികൃതരുടെ പിന്തുണയോടെ കുട്ടികളെ പിടിച്ചുകൊണ്ടു പോകുന്നത് തടയാനാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.