പുനലൂർ: കിഴക്കൻ മലയോരത്തെ റബർ എസ്റ്റേറ്റുകളിൽ തൊഴിലാളികൾക്ക് ഭീഷണിയായ കാടുകൾ നീക്കാനുള്ള നടപടി സ്വീകരിക്കാൻ പി.എസ്. സുപാൽ എം.എൽ.എ അധികൃതർക്ക് നിർദേശം നൽകി. കൂടാതെ പുലി ഭീഷണിയുള്ള നാഗമലയിൽ പുലിക്കെണി സ്ഥാപിക്കാനും നിർദേശിച്ചു.
തെന്മല നാഗമലയിൽ പുലിയുടെ ആക്രമണത്തിനിരയായ സോളമനെ എം.എൽ.എ ചൊവ്വാഴ്ച സന്ദർശിച്ചപ്പോൾ തൊഴിലാളികൾ ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു.
ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. റബർ ടാപ്പിങ് തൊഴിലാളികൾക്ക് ടാപ്പിങ് ജോലിക്ക് രാവിലെ പോകാൻ കഴിയാത്ത സാഹചര്യമാണ്.
തോട്ടത്തിലെ കാടുകളിൽ വന്യജീവികൾ പതിയിരിക്കുന്നത് കാണാൻ കഴിയാത്തതിനാൽ ജീവന് തന്നെ ഭീഷണിയാണെന്ന് തൊഴിലാളികൾ പറഞ്ഞു. ഉടൻ തന്നെ എം.എൽ.എ തെന്മല ഡി.എഫ്.ഒ എ. ഷാനവാസിനെ ഫോണിൽ ബന്ധപ്പെട്ടു. തോട്ടങ്ങളിൽ നിലനിൽക്കുന്ന കാടുകളും ചെറിയ പാഴ്മര കൂട്ടങ്ങളും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എടുക്കുന്നതിനുള്ള അനുമതി നൽകാൻ നിർദേശിച്ചു.
വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ കിടങ്ങുകളും, ഫെൻസിങ്ങും സ്ഥാപിക്കുന്നതിനുള്ള വനംവകുപ്പിന്റെ അതിർത്തി പ്രദേശങ്ങൾ നിശ്ചയിച്ച് നൽകാനും നിർദേശിച്ചു. തുടർന്ന് പുലിയുടെ ആക്രമണത്തിനിരയായ സോളമന് വനംവകുപ്പിന്റെ അടിയന്തര സഹായം വകുപ്പിന്റെ ധനസഹായം എം.എൽ.എ കൈമാറി.
ചികിത്സ ബില്ലുകളും മറ്റ് അനുബന്ധരേഖകളും ഹാജരാക്കുന്ന മുറക്ക് വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട ധനസഹായം വനംവകുപ്പ് ലഭ്യമാക്കുമെന്നും അറിയിച്ചു. ബ്ലോക്ക് മെംബർ ലേഖ, വാർഡ് മെംബർ സിബിൽ ബാബു, തെന്മല റേഞ്ച് ഓഫിസർ എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.