പുനലൂർ: മഴ മാറി ചൂട് കൂടിയതോടെ കല്ലട ജലസേചന പദ്ധതിയുടെ കനാലുകൾ തുറക്കണമെന്ന ആവശ്യമുയരുന്നു. കനാൽ വെള്ളം എത്തുന്ന മേഖലകളിൽ നിലവിൽ പച്ചക്കറി അടക്കമുള്ള കൃഷിക്ക് വെള്ളം കോരി നനക്കുകയാണ് ചെയ്യുന്നത്. തോടുകളിലും നീർച്ചാലുകളും വെള്ളം കുറഞ്ഞതോടെ പലയിടത്തും ജലക്ഷാമം തുടങ്ങി. കൃഷിക്ക് വേണ്ട വെള്ളം ലഭിച്ചാൽ മെച്ചപ്പെട്ട വിളവിനൊപ്പം അധ്വാനവും കുറയുമെന്നാണ് കർഷകർ പറയുന്നത്.
മുൻ വർഷങ്ങളിൽ പലയിടത്തും വെള്ളം കിട്ടാതെ കൃഷി ഉണങ്ങി നശിച്ചിട്ടും ഏറെ മുറവിളിക്ക് ശേഷമാണ് കനാലിലൂടെ വെള്ളം തുറന്നത്. കഴിഞ്ഞ ജനുവരി 13 ന് വലതുകര കനാലും ദിവസങ്ങൾ കഴിഞ്ഞ് ഇടതുകരയും തുറന്നിരുന്നു. വലതുകര കനാലിലെ വെള്ളം കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലും ഇടത് കരയിലേത് കൊല്ലം ജില്ലക്കുമാണ് ഉപകരിക്കുന്നത്. ആയിരക്കണക്കിന് ഹെക്ടർ കൃഷിക്കും കുടിവെള്ളത്തിനും കനാൽ വെള്ളം പ്രയോജനപ്പെടുന്നു. തെന്മല പരപ്പാർ ഡാമിലെ വെള്ളം ഒറ്റക്കൽ തടയണയിൽ സംഭരിച്ചാണ് കനാലുകളിലൂടെയും കല്ലടയാറ്റിലൂടെയും തുറന്നുവിടുന്നത്.
ഇത്തവണ കനാലുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് തെന്മല കെ.ഐ.പി അധികൃതർ പറയുന്നത്. കനാൽ അറ്റകുറ്റപ്പണിയും ശുചീകരണവും പൂർത്തിയാക്കാതെ വെള്ളം തുറന്നാൽ അപകടവും അതിലുപരി കൃഷിക്ക് വേണ്ടത്ര വെള്ളം ലഭിക്കാത്ത സാഹചര്യവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.