പുനലൂർ: പട്ടണത്തിലെ വെട്ടിപ്പുഴ പാലത്തിന് സമീപം കുടിലിൽ സ്ത്രീയുടെയും പുരുഷന്റെയും ജീർണിച്ച മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകം. ഇരുവരുടെയും തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
പാലത്തോട് ചേർന്നുള്ള കുടിലിൽ കഴിഞ്ഞിരുന്ന ഇന്ദിരയുടെയും തിരിച്ചറിയാൻ കഴിയാതിരുന്ന പുരുഷന്റെയും മൃതദേഹങ്ങളാണ് വെള്ളിയാഴ്ച കണ്ടെത്തിയത്. ഇന്ദിരക്കൊപ്പം മരിച്ചനിലയിൽ കണ്ടത് പത്തനാപുരം കടയ്ക്കാമൺ കോളനി സ്വദേശി മുഴയൻ ബാബുവിനെയാണെന്ന് തിരിച്ചറിഞ്ഞതായി പുനലൂർ പൊലീസ് പറഞ്ഞു. ഇയാൾ ഇവരോടൊപ്പം താമസിച്ചിരുന്നയാളാണ്. നാല് ദിവസം പഴക്കമുണ്ടായിരുന്നു മൃതദേഹങ്ങൾക്ക്.
ഇരുവരുടെയും തലയിലടക്കം മാരകമായ മുറിവ് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. ശക്തമായ വസ്തു ഉപയോഗിച്ചുള്ള അടിയേറ്റാകാം മുറിവുണ്ടായതെന്നാണ് സംശയം. കൂടാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മുറിവുകൾ കണ്ടെത്തി.
മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടിലിൽ പലയിടത്തും രക്തം തളംകെട്ടി നിൽക്കുന്നത് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരുടെയും മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഇവരുമായി ബന്ധമുള്ള ചിലരെ കണ്ടെത്തി ചോദ്യം ചെയ്തു വരുന്നു. ഡിവൈ.എസ്.പി ബി. വിനോദ്, ഇൻസ്പെക്ടർ ടി. രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.