പുനലൂർ: ഒ.പി ടിക്കറ്റെടുക്കാത്തതിന്റെ പേരിൽ ഡോക്ടർ പരിശോധിച്ചില്ലെന്നും രോഗി സമയത്തിന് ചികിത്സ ലഭിക്കാതെ മരിച്ചതായും ആരോപിച്ച് പുനലൂർ താലൂക്കാശുപത്രിയിൽ പ്രതിഷേധം. വിളക്കുവെട്ടം പ്ലാവിള പുത്തൻ വീട്ടിൽ ഉദയകുമാർ (45) ആണ് മരിച്ചത്.
ഓട്ടോറിക്ഷ തൊഴിലാളിയായ ഉദയകുമാർ വ്യാഴാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ താലൂക്കാശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ കയറ്റിയെങ്കിലും ഒ.പി ടിക്കറ്റെടുക്കാത്തതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഉദയകുമാറിനെ പരിശോധിക്കാൻ തയാറായില്ലെന്ന് ഒപ്പമുള്ളവർ പറഞ്ഞു.
ഒ.പി ടിക്കറ്റെടുത്ത ശേഷം ഡോക്ടർ പരിശോധിക്കാൻ തയാറായെങ്കിലും അപ്പോഴേക്കും ഉദയകുമാർ മരിച്ചെന്നും ഇവർ ആരോപിച്ചു. സംഭവമറിഞ്ഞതോടെ ഓട്ടോറിക്ഷ തൊഴിലാളികൾ ആശുപത്രിയിൽ തടിച്ചുകൂടി അധികൃതരുടെ അനാസ്ഥക്കെതിരെ ബഹളമുണ്ടാക്കി.
പുനലൂർ സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി തൊഴിലാളികളുമായി സംസാരിച്ച് സംഘർഷാവസ്ഥ ഒഴിവാക്കുകയായിരുന്നു. ആശുപത്രി അധികൃതർ മനുഷ്യജീവനേക്കാൾ ഒ.പി ടിക്കറ്റിന് വിലകൽപിച്ചതാണ് ഒരു ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഉദയകുമാറിന്റെ മൃതദേഹം ആശുപത്രിക്ക് മുന്നിൽവെച്ച് പ്രതിഷേധിക്കുമെന്നും അവർ അറിയിച്ചു.
തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സുഭഗൻ, സി.ഐ, ഓട്ടോ തൊഴിലാളി യൂനിയൻ നേതാക്കൾ എന്നിവർ ചർച്ച നടത്തി. വീഴ്ച കാണിച്ചവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
മരിച്ചശേഷമാണ് രോഗിയെ ആശുപത്രിയിൽ കൊണ്ടുവന്നതെന്നും ഇത് മരണം സ്ഥിരീകരിക്കാനായിരുന്നുവെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായെങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: മീര. മക്കൾ: ഉദാര, ഉദീപ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.