പുനലൂർ: പുനലൂർ താലൂക്കാശുപത്രിയിൽ ആവശ്യത്തിന് ആംബുലൻസ് ഇല്ലാത്തത് രോഗികളെ ബുദ്ധിമുട്ടിക്കുന്നു. സ്വകാര്യ ആംബുലൻസുകാരുടെ കടന്നുകയറ്റം പലപ്പോഴും ആശുപത്രിവളപ്പിൽ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. അടുത്തിടെ ഇൻജക്ഷൻ എടുത്ത് 11 രോഗികൾ അവശനിലയിലായപ്പോൾ ഇവരെ സമയത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വന്നു.
അവസാനം സ്വകാര്യ ആംബുലൻസുകളിലാണ് ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച അർബുദബാധിതയായി മരിച്ച ഓടനാവട്ടം മുട്ടറ സ്വദേശിനിയുടെ മൃതദേഹം സമയത്ത് വീട്ടിൽ കൊണ്ടുപോകാൻ കഴിയാതെ വന്നതും സ്വകാര്യ ആംബുലൻസുകാർ യുവതിയുടെ ഭർത്താവിനെ ഉൾപ്പെടെ ആക്രമിച്ച സംഭവവും ഉണ്ടായി. ദിവസവും രണ്ടായിരത്തിലധികം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. വാഹനാപകടവും മറ്റ് അത്യാഹിതങ്ങളും മിക്കപ്പോഴും ഉണ്ടാകും. പട്ടികവർഗവിഭാഗങ്ങൾ കൂടുതലായി ആശ്രയിക്കുന്നത് താലൂക്കാശുപത്രിയാണ്. ഇവരിൽപ്പെട്ടവരെയും ഇവിടെ നിന്ന് മറ്റ് ആശുപത്രികളിൽ എത്തിക്കണമെങ്കിൽ കൂടുതൽ തുക നൽകി സ്വകാര്യ ആംബുലൻസ് വിളിക്കേണ്ടിവരുന്നു.
രണ്ട് ആംബുലൻസും മൂന്ന് ഡ്രൈവർമാരും ആശുപത്രിയിലുണ്ട്. ഇതിൽ ഒരു ആംബുലൻസ് അറ്റകുറ്റപ്പണി കാരണം വർക്ക്ഷോപ്പിലാണ്. ഡ്രൈവർമാർ വാഹനം ഇല്ലാത്തതുകാരണം ജോലിയില്ലാത്ത അവസ്ഥയിലാണ്. ഇതെല്ലാം പരിഗണിച്ച് താൽക്കാലികമായി രണ്ട് ആംബുലൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ജില്ല മെഡിക്കൽ ഓഫിസർക്ക് കത്ത് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.