പുനലൂർ: വെട്ടിപ്പുഴ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ തുടരന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ പുനലൂർ ഡിവൈ.എസ്.പിയെ സന്ദർശിച്ചു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഒരു ടാങ്കർ ലോറി പിടിച്ചെടുത്തതും അതിന്‍റെ ഡ്രൈവറെ അറസ്റ്റു ചെയ്തതുമല്ലാതെ അന്വേഷണത്തിൽ പുരോഗതിയില്ലെന്നാണ് പ്രതിപക്ഷ പരാതി. രണ്ട് ടാങ്കറുകൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നുണ്ട്. എന്നാൽ, രണ്ടാമത്തെ ടാങ്കർ കസ്റ്റഡിയിലെടുത്തിട്ടില്ല.
ഈ മാലിന്യം ടാങ്കറിൽ കൊണ്ടുപോയി തോട്ടിൽ ഒഴുക്കാൻ നിർദേശം നൽകിയതാരാണെന്നും ഐ.ആർ.ടി.സി എന്ന സ്ഥാപനത്തിന് ഇതുമായുള്ള ബന്ധമെന്താണെന്നും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
തുടരന്വേഷണം നടക്കുകയാണെന്നും എസ്.എച്ച്.ഒക്കാണ് അന്വേഷണ ചുമതലയെന്നും റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി ഉറപ്പുനൽകി. രണ്ടാമത്തെ ടാങ്കർ ഉടനെ പരിശോധിക്കും. അതിലും മാലിന്യം കൊണ്ടുപോയിട്ടുണ്ടെങ്കിൽ അതും കസ്റ്റഡിയിലെടുക്കും. മുഴുവൻ പ്രതികളെയും കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റിക് ടാങ്ക് മാലിന്യം ശുചിയാക്കുന്നതരത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളെ നിരീക്ഷണത്തിൽവെക്കുന്നത് സംബന്ധിച്ചും വിവിധതലത്തിൽ അറിയിപ്പുകൾ നൽകി. നഗരസഭയും പൊലീസും വെവ്വേറെ തുടർ നിരീക്ഷണം നടത്തി ഇത്തരം മാലിന്യം ജലസ്രോതസ്സുകളിൽ തള്ളില്ലെന്ന് ഉറപ്പുവരുത്തുമെന്നും ഡിവൈ.എസ്.പി ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.