പുനലൂർ: മഴയിൽ കിഴക്കൻ മേഖലയിൽ വ്യാപകമായ നാശം. പുനലൂർ പട്ടണത്തിലടക്കം വീണ്ടും വെള്ളം കയറി. ദേശീയ പാതയിലടക്കം ഗതാഗതം മുടങ്ങി. നാലുദിവസം മുമ്പ് ഉരുൾപൊട്ടൽ അടക്കം നാശം വിതച്ച ആര്യങ്കാവ് പഞ്ചായത്തിൽ ഞായറാഴ്ച പകൽ കാര്യമായി മഴ പെയ്യാതിരുന്നത് ആശ്വാസമായി.
പുനലൂർ നഗരസഭ, കരവാളൂർ, തെന്മല, പിറവന്തൂർ പഞ്ചായത്തുകളിൽ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളംകയറി. ഗ്രാമീണ റോഡ് ഗതാഗതവും തടസ്സപ്പെട്ടതോടെ പലയിടങ്ങളും ഒറ്റപ്പെട്ടു. നിരവധി വീടുകളിൽ വെള്ളം കയറി തകർന്നു. കൃഷിയിടങ്ങളെല്ലാം വെള്ളത്തിലായി.
തെന്മല ഡാം കൂടുതൽ തുറന്നതോടെ താഴ്ന്നഭാഗങ്ങളിൽ കല്ലടയാറ്റിൽനിന്നും വെള്ളം ഇരച്ചുകയറി. കല്ലടയാർ കരകവിഞ്ഞതോടെ പുനലൂർ പട്ടണത്തിലെ വെട്ടിപ്പുഴയിലെ നിരവധി സ്ഥാപനങ്ങളിൽ വെള്ളം കയറി. ടി.ബി ജങ്ഷനിലെ സ്നാനഘട്ടം, കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പിറകിലുള്ള പാർക്ക്, കടകൾ തുടങ്ങിയവ വെള്ളത്തിലായി. കഴിഞ്ഞ മാസം പകുതിയോടെ ഉണ്ടായ വെള്ളപ്പൊക്കത്തിലും ഇവിടെ വെള്ളം കയറിയിരുന്നു.
ദേശീയപാതയിൽ ചെമ്മന്തൂരും മലയോര ഹൈവേയിൽ തൊളിക്കോട്, അടക്കളമൂല, ചുടുകട്ട തുടങ്ങിയ ഭാഗങ്ങളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ചുടുകട്ട പാലവും മുങ്ങി. കാര്യറ റോഡിൽ സർക്കാർമുക്കും വെള്ളത്തിലാണ്.
ചാലിയക്കര, ഉപ്പുകുഴി, പത്തുപറ ഭാഗങ്ങളിൽ വെള്ളംകയറി. നിരവധി വീടുകൾക്കും കൃഷിക്കും നാശമുണ്ട്. ഇവിടുള്ള റേഷൻ കടയടക്കം കടകളിലും ജങ്ഷനിലും വെള്ളത്തിലാണ്.
ചാലിയക്കര, പുനലൂർ റോഡ്, മാമ്പഴത്തറ റോഡ് വെള്ളം കയറി ഗതാഗതം മുടങ്ങി. വന്മള ജങ്ഷനിലും പരിസരത്തെ 20 വീടുകളിലും വെള്ളം കയറി. ഇവിടങ്ങളിലുള്ളവർ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറിയതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. പി.എസ്. സുപാൽ എം.എൽ എ, സബ് കലക്ടർ ചേതൻകുമാർ, പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, പുനലൂർ തഹസിൽദാർ കെ.എസ്. നസിയ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ വെള്ളം കയറിയ സ്ഥലങ്ങളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.